യാന്ത്രികമായ ജീവിതത്തിൽ നിന്ന് മോചനം നേടാം: സമ്മർദ്ദങ്ങളെ അതിജീവിക്കാൻ വിനോദസഞ്ചാര യാത്രകൾ അനിവാര്യമെന്ന് വിദഗ്ദ്ധർ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വിനോദസഞ്ചാരം കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നു.
● ദേശീയ ടൂറിസം ദിനം ഇന്ത്യയിൽ ജനുവരി 25നാണ്.
● വിനോദസഞ്ചാരം ഒരു രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും.
● യുഎൻഡബ്ല്യുടിഒയുടെ ആഹ്വാന പ്രകാരമാണ് ദിനാചരണം.
● കേരളത്തിലും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്.
ഭാമനാവത്ത്
(KVARTHA) ജീവിതത്തിൽ അനുഭവിക്കുന്ന വ്യത്യസ്തതരം മാനസിക പിരിമുറുക്കങ്ങൾ കാരണം മനുഷ്യൻ തികച്ചും യാന്ത്രികമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ, വിനോദസഞ്ചാര യാത്രകൾക്ക് ഏറെ പ്രാധാന്യമുണ്ട്.
ഐടി മേഖലകളിൽ ജോലിചെയ്യുന്നവർ ഔദ്യോഗിക ജോലി സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്നത് ഇന്ന് ഒരു വാർത്ത അല്ലാതായി മാറിയിരിക്കുന്നു. മനുഷ്യന്റെ മൗലികമായ എല്ലാ അവകാശങ്ങൾക്കും അടിയറവ് പറഞ്ഞ്, തൊഴിലുടമയുടെ വിജയത്തിനുവേണ്ടി സ്വന്തം ജീവിതം ബലി കൊടുക്കേണ്ടി വരുന്നവരുടെ എണ്ണം കൂടുകയാണ്.

ഒരു ദിവസത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും, ചിലപ്പോൾ പകുതിയിലധികം നേരവും ജോലിയിൽ മുഴുകേണ്ടി വരുന്ന പലരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഈ മനസ്സ് മുരടിപ്പിക്കുന്ന അവസ്ഥയിൽ നിന്ന് അവർക്കുള്ള ഒരു മോചനമാണ് വിനോദസഞ്ചാരം.
ശാന്തമായി ഒഴുകേണ്ട കുടുംബജീവിതം പോലും സമ്മർദ്ദങ്ങൾക്ക് അടിമപ്പെട്ട് പലർക്കും ഇല്ലാതാവുന്ന കാഴ്ചയും ഇപ്പോൾ സാധാരണമാണ്. ജീവിതത്തിലെ ഇത്തരം സമ്മർദ്ദ ഘട്ടങ്ങൾ അതിജീവിക്കാൻ മനുഷ്യരെ ഏറ്റവും അധികം സഹായിക്കുന്നത് വിനോദസഞ്ചാര യാത്രകളാണ്.
എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും മോചിതരായി, കൂട്ടുകാരുമായോ കുടുംബവുമായോ ഏതാനും ദിവസങ്ങൾ ചെലവഴിച്ചു കഴിയുമ്പോൾ പഴയ സ്വഭാവത്തിലേക്ക് തിരിച്ചുവരാൻ ഒരു പരിധിവരെ നമുക്ക് സാധിക്കും. സമ്മർദ്ദങ്ങൾ മൂലം നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാൻ ഇത്തരം യാത്രകൾ അനിവാര്യമാണ്.
സാമ്പത്തിക സ്ഥിതിയും മറ്റു വ്യക്തിപരമായ കാരണങ്ങളും മൂലം ദീർഘ യാത്രകൾ പലർക്കും സ്വപ്നം മാത്രമായി അവശേഷിക്കുമെങ്കിലും, അവനവന്റെ സാഹചര്യത്തിൽ ഒതുങ്ങുന്ന ചെറു യാത്രകൾ എങ്കിലും ജീവിതത്തിന്റെ ഭാഗമാക്കാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു. ഇത്തരം യാത്രകൾ വഴി സൗഹൃദം ശക്തിപ്പെടുകയും കുടുംബബന്ധങ്ങൾ ഊർജ്ജസ്വലമാവുകയും ചെയ്യും.
സ്പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (UNWTO) ആഹ്വാന പ്രകാരമാണ് എല്ലാവർഷവും സെപ്റ്റംബർ 27ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ ജനുവരി 25ന് ദേശീയ ടൂറിസം ദിനമായും ആചരിക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നത് വഴി ആ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത മറ്റു രാജ്യങ്ങൾക്ക് ബോധ്യപ്പെടും എന്ന് മാത്രമല്ല, വിവിധ രാജ്യങ്ങൾക്ക് അവരുടെ സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കാനും ആ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആൾക്കാരുടെ ജീവിത നിലവാരം ഉയർത്തുവാനും സാധിക്കും എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.
നമുക്കറിയാത്ത പ്രദേശങ്ങളിൽ യാത്ര ചെയ്ത്, അവിടുത്തെ സാംസ്കാരിക വൈദഗ്ധ്യത്തിൽ ലയിച്ചുചേരുമ്പോൾ നാം അറിയാതെ മറ്റൊരാളായി മാറുന്നു എന്നതാണ് വിനോദസഞ്ചാരത്തിന്റെ ഏറ്റവും ആകർഷണീയത്വം.
മലയാളത്തിന്റെ പ്രിയപ്പെട്ട സഞ്ചാരസാഹിത്യകാരൻ എസ് കെ പൊറ്റക്കാട് ലോകത്തിലെ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് എഴുതിയ സഞ്ചാരക്കുറിപ്പുകൾ ഏറെ ഹൃദ്യമാണ്. വിവിധ രാജ്യങ്ങളിലെ സാംസ്കാരിക വൈദഗ്ധ്യം നമ്മെ പഠിപ്പിക്കാൻ എസ് കെയുടെ കൃതികൾ സഹായിച്ചിട്ടുണ്ട്.
പ്രകൃതി സൗന്ദര്യം തുളുമ്പി നിൽക്കുന്ന നദികൾ, പർവതങ്ങൾ, സമുദ്രതീരങ്ങൾ, താഴ്വരകൾ, ചരിത്രസ്മാരകങ്ങൾ, ഹിൽ ഏരിയ റിസോർട്ടുകൾ, ബോട്ട് യാത്രകൾ... തുടങ്ങി മനുഷ്യ മനസ്സിനെ വശീകരിക്കുന്ന അനവധി സ്ഥലങ്ങളുണ്ട്.
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിലും 'തറികളുടെയും തിറകളുടെയും നാട്' എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം കണ്ണൂരിലും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള കെഎസ്ആർടിസിയുടെ വിവിധ പദ്ധതികൾ സൂപ്പർഹിറ്റായി മാറുന്നതായും, യാത്ര ഇഷ്ടപ്പെടുന്ന ജനങ്ങൾ അത് നെഞ്ചോട് ഏറ്റുവാങ്ങിയതുമായാണ് കെഎസ്ആർടിസി വൃത്തങ്ങൾ പറയുന്നത്.
അടുത്തകാലത്ത് മാലിദ്വീപിലെ പുതിയ ഭരണകൂടം ഉണ്ടാക്കിയ ഇന്ത്യാവിരുദ്ധ സമീപനത്തിന് ഇന്ത്യൻ ടൂറിസ്റ്റുകൾ തിരിച്ചു പ്രതികരിച്ചപ്പോൾ, മാലിദ്വീപിന്റെ ടൂറിസം മേഖലയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും തകർന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിൽ നിന്ന് ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പോലും ബാധിക്കാൻ വിനോദസഞ്ചാരത്തിന് സാധിക്കുമെന്ന് മനസ്സിലാക്കാം.
ഇന്ത്യൻ ടൂറിസ്റ്റുകളെ ഇന്ത്യൻ മണ്ണിൽ തന്നെ കേന്ദ്രീകരിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പോഷിപ്പിക്കുക എന്ന കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി ലക്ഷദ്വീപിലെയും കാശ്മീരിലെയും വിനോദസഞ്ചാരം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങി നടപ്പാക്കിയ വിവിധ പരിപാടികൾ കാരണം ഈ രണ്ടു പ്രദേശങ്ങളും ഇപ്പോൾ വിനോദ സഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ട്.
കാശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തുന്നവർ ആ സംസ്ഥാനത്തിന്റെ അതിഥികളാണ് എന്ന രൂപത്തിൽ കരുതി അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും പിന്തുണയും നൽകാൻ എല്ലാ ഭരണകൂടങ്ങളും തയ്യാറാകേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.
ജീവിതത്തിലെ സമ്മർദ്ദങ്ങൾ കുറയ്ക്കാൻ യാത്രകളെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: World Tourism Day highlights travel's vital role in stress relief and economy.
#WorldTourismDay #Tourism #TravelKerala #StressRelief #Travel #UNWTO