Travel | മഴക്കാലത്ത് സഞ്ചാരികൾക്ക് വിസ്മയമയമേകാൻ വൈതൽമല വിളിക്കുന്നു


ഉപരിതലത്തില്‍ പെയ്യുന്ന മഴവെള്ളം നാലു ഭാഗത്തേക്കും നീര്‍ച്ചാലുകളായി നിറഞ്ഞൊഴുകുന്നതില്‍ ദൃശ്യചാരുത നല്‍കുന്നതാണ്
കണ്ണൂർ: (KVARTHA) സഞ്ചാരികളിൽ (Tourists) വിസ്മയമായി വൈതൽമല എന്ന പൈതൽമലയുടെ (Paithal Mala) മഴക്കാല കാഴ്ചകള്‍. നിറഞ്ഞൊഴുകും വൈതല്‍ ജഡാധാരിയായ ശ്രീ പരമേശ്വരന്റെ ശിരോ നെറുകയില്‍ നിന്നൊഴുകുന്ന ഗംഗയെ അനുസ്മരിപ്പിക്കുന്നതാണ്. കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ ഗിരിശൃംഗവും പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ മലനിരകളില്‍ ഒന്നുമായ വൈതല്‍മല സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. 1372 മീറ്റര്‍ കിഴക്ക് വഞ്ചിയത്തിനും പടിഞ്ഞാറ് മഞ്ഞപുല്ലിനും ഇടയിലായി സ്ഥിതിചെയ്യുന്ന വൈതല്‍ മലയുടെ പടിഞ്ഞാറ് ഭാഗത്തുനിന്നുള്ള മഴക്കാല കാഴ്ച മനോഹരമാണ്.
ഉപരിതലത്തില്‍ പെയ്യുന്ന മഴവെള്ളം നാലു ഭാഗത്തേക്കും നീര്‍ച്ചാലുകളായി നിറഞ്ഞൊഴുകുന്നതില്‍ ദൃശ്യചാരുത നല്‍കുന്നതാണ്. പടിഞ്ഞാറ് ഭാഗത്തുനിന്നുള്ള കാഴ്ചകള്‍ നിരവധി നീര്‍ച്ചാലുകള്‍ ചേര്‍ന്ന് ധാരയായി താഴോട്ട് കുതിച്ച് ഒഴുകി വൈതല്‍കുണ്ടു ജലപാതയുമായും മറ്റു വഴികളിലൂടെ ചെറുതോടുകളായി ഒഴുകി അവസാനം ആലക്കോട്, വെള്ളാട് പുഴകളിലായി സംഗമിച്ച് കുപ്പം പുഴയില്‍ എത്തിച്ചേരുന്നു.
വൈതല്‍ മലയുടെ ഉപരിഭാഗത്ത് പടിഞ്ഞാറ് പുരാതന ക്ഷേത്രത്തറയും മണി കിണറിന്റെയും അവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് വര്‍ഷത്തില്‍ എല്ലാ സമയത്തും വറ്റാത്ത നീരുറവകള്‍ ഉണ്ട്. ഈ ക്ഷേത്രത്തറയില്‍ ശിവരാത്രി നാളില്‍ ഭക്തജനങ്ങളെത്തിച്ചേര്‍ന്ന് നാമജപവും വിശേഷാല്‍ പൂജകളും നടത്താറുണ്ട്. വെള്ളാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഭഗവാന്റെ ആരൂഢസ്ഥാനമാണ് വൈതല്‍മല.
അന്യനാട്ടുരാജാക്കന്മാരാല്‍ അക്രമിക്കപ്പെട്ടപ്പോള്‍ അന്നത്തെ മഹാക്ഷേത്രത്തിലെ ശാന്തി അക്രമികളില്‍ നിന്ന് അമൂല്യമായ ബലിബിംബവും എടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തസ്‌കരന്മാര്‍ പിന്തുടര്‍ന്ന് അദ്ദേഹത്തെ പിടികൂടി ബലിബിംബം പിടിച്ചുവാങ്ങി വലിച്ചെറിയുകയും വിഗ്രഹം വീണിടത്ത് നിന്ന് ജലപ്രവാഹം ഉണ്ടായതായും ആ ജലപ്രവാഹത്തിലൂടെ ബലിബിംബം താഴേക്ക് ഒഴുകിവന്ന് തങ്ങിനിന്നതായുമാണ് വിശ്വാസം. അങ്ങനെ വെള്ളവും വിഗ്രഹവും തങ്ങിനിന്ന സ്ഥലം കാലക്രമേണ 'വെള്ളാട്' എന്ന പേരില്‍ അറിയപ്പെട്ടുവെന്നാണ് പറയുന്നത്.
മഴക്കാലത്ത് ക്ഷേത്രം നിന്നിരുന്ന സ്ഥലത്തിന് സമീപത്ത് നിന്നും ശക്തമായ ജലപ്രവാഹം ഉണ്ടാവുകയും ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുകയും ചെയ്യുന്നു. തെളിഞ്ഞ സായാഹ്നങ്ങളില്‍ ദൃശ്യത്തിന് കൂടുതല്‍ ഭംഗിയുണ്ടാവും. മിക്കവാറും സമയങ്ങളില്‍ കോടമഞ്ഞ് പുതച്ചു നില്‍ക്കുന്നതിനാല്‍ ജലപാത്രം ദൃശ്യമാവാറില്ല. വൈതല്‍ മലയുടെ പടിഞ്ഞാറേ ഭാഗം (വൈതല്‍ കുണ്ട്-കാപ്പിമല) 500 മീറ്ററിലേറെ 90 ഡിഗ്രി ചെരിവിലാണ് മലയുടെ ഈ ഭാഗം. കൊടുംകാടും കുത്തനെയുള്ള വഴുവഴുപ്പുള്ള പാറകളും ആയതിനാല്‍ ഇതുവഴി കയറാന്‍ ഏറെ പ്രയാസകരവും സാഹസികവുമാണ്.
കാപ്പിമലയില്‍ നിന്നും മഞ്ഞപ്പുല്ല് വഴി കാട്ടിലൂടെ മലയുടെ ചെരുവുകളിലൂടെ മൂന്ന് കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാല്‍ വൈതലിന്റെ മുകള്‍ഭാഗത്തെത്തിച്ചേരാം. ദൂരെ നിന്ന് നോക്കുമ്പോള്‍ മലയുടെ പടിഞ്ഞാറ് ഭാഗം ആനയുടെ മസ്തകം പോലെ തോന്നിപ്പിക്കുന്നതാണ്. കാലവര്‍ഷം ആയാല്‍ ആരും മലകയറാറില്ല. അട്ടയുടെ ശല്യം രൂക്ഷമാണ്. വേനല്‍ കാലങ്ങളില്‍ വന്‍ജനപ്രവാഹമാണ് വൈതല്‍ മല കാണുവാനും ദൃശ്യഭംഗി ആസ്വദിക്കുവാനുമെത്തുന്നത്. തളിപ്പറമ്പ്-ആലക്കോട്-ഒറ്റത്തൈ കാപ്പിമല വഴിയും, തളിപ്പറമ്പ്-നടുവില്‍-കുടിയാന്‍മല വഴിയും വൈതലിലെത്തിച്ചേരാം.