Opinion | ഇന്ന് ലോക വിനോദസഞ്ചാര ദിനം; ടെന്‍ഷന്‍ മാറ്റാന്‍ വരൂ ഒരു യാത്ര പോകാം
● സെപ്റ്റംബര്‍ 27ന് ലോക വിനോദസഞ്ചാര ദിനം.
● ജനുവരി 25ന് ദേശീയ ടൂറിസം ദിനം.
/നവോദിത്ത് ബാബു
(KVARTHA) ലോകം അതിഭീകരമായ ടെന്‍ഷന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞു. എല്ലാ മേഖലയിലും സ്‌ട്രെസ് (Stress) അഥവാ സമ്മര്‍ദ്ദം പിടി മുറുക്കി കഴിഞ്ഞു. കോര്‍പറേറ്റ് ഐ.ടി കമ്പിനികളില്‍ യുവതി -യുവാക്കള്‍ പോലും സമ്മര്‍ദ്ദം സഹിക്കാനാവാതെ ജീവനൊടുക്കുന്നതില്‍ അഭയം പ്രാപിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് യാത്രകളുടെ പ്രാധാന്യം കൂടി വരുന്നത്. ജോലിഭാരവും കുടുംബങ്ങളിലെ ശിഥിലതയും വ്യക്തിപരമായ ഒറ്റപ്പെടലും കാരണമുണ്ടാകുന്ന നെഗറ്റീവ് ചിന്തകള്‍ മാറ്റാന്‍ യാത്ര പോലെ ഗുണം ചെയ്യുന്ന മറ്റൊന്നുമില്ല. എപ്പോഴും ദീര്‍ഘങ്ങളായ യാത്രകള്‍ നടത്താന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല സാമ്പത്തികം, സമയം ഇതൊക്കെ ഘടകങ്ങളാണ് എന്നാല്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ ചെറുയാത്രകള്‍ (Travel) നടത്തി സന്തോഷം കണ്ടെത്താന്‍ഏവര്‍ക്കും കഴിയും.
സ്‌പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഹ്വാന പ്രകാരമാണ് എല്ലാവര്‍ഷവും സെപ്റ്റംബര്‍ 27ന് ലോക വിനോദസഞ്ചാര ദിനമായി ആഘോഷിച്ചു വരുന്നത്. ഇതുകൂടാത്ത ഇന്ത്യയില്‍ ജനുവരി 25ന് ദേശീയ ടൂറിസം ദിനമായും ആചരിക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നത് വഴി ആ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത മറ്റ് രാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് മാത്രമല്ല വിവിധ രാജ്യങ്ങള്‍ക്ക് അവരുടെ സാമ്പത്തിക വരുമാനം വര്‍ദ്ധിപ്പിക്കാനും ആ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തുവാനും സാധിക്കും. നമുക്ക് അറിയാത്ത പ്രദേശങ്ങളില്‍ യാത്ര ചെയ്തു, അവിടുത്തെ സാംസ്‌കാരിക ജീവിതത്തിന്‍ ലയിച്ചുചേരുമ്പോള്‍ നാം അറിയാതെ മറ്റൊരാളായി മാറുന്നു എന്നതാണ് വിനോദസഞ്ചാരത്തിന്റെ ഏറ്റവും ആകര്‍ഷണീയത്വം.
മലയാളത്തിന്റെ പ്രിയപ്പെട്ട സഞ്ചാരസാഹിത്യകാരന്‍ എസ് കെ പൊറ്റക്കാട് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് എഴുതിയ സഞ്ചാരകുറിപ്പുകള്‍ ഏറ്റവും ഹൃദ്യമാണ്. വിവിധ രാജ്യങ്ങളിലെ സാംസ്‌കാരിക വൈദഗ്ധ്യം നമ്മളെ പഠിപ്പിക്കുവാന്‍ എസ് കെയുടെ നോവലുകള്‍ സഹായിച്ചിട്ടുണ്ട്.
കോര്‍പ്പറേറ്റ് വല്‍ക്കരണം അതിന്റെ അങ്ങേ അറ്റത്ത് എത്തിയിരിക്കുന്ന നമ്മുടെ രാജ്യത്ത് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം പേരും ഉള്ളുതുറന്ന് ചിരിക്കാനൊ സന്തോഷിക്കാനൊ കുടുംബങ്ങളുമായി സ്‌നേഹം പങ്കിടാനോ സാധിക്കാതെ തികച്ചും യാന്ത്രിക ജീവിതം നയിക്കുന്നത് വര്‍ത്തമാനകാലത്തിന്റെ യാഥാര്‍ഥ്യമാണ്.
കഴിഞ്ഞദിവസം പുറത്തുവന്ന ജോലി സമ്മര്‍ദ്ദം കാരണം ആത്മഹത്യ ചെയ്യേണ്ടി വന്ന അന്ന സെബാസ്റ്റ്യന്റെതുള്‍പ്പടെ നിരവധി കഥകളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്... ഒരു ദിവസത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ചില ദിവസങ്ങളില്‍ പകുതിയിലധികം നേരവും ജോലിയില്‍ മുഴുകേണ്ടി വരുന്ന പലരും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്... ഈ മനസ്സ് മുരടിപ്പിക്കുന്ന അവസ്ഥയില്‍ നിന്ന് അവര്‍ക്കുള്ള ഒരു മോചനമാണ് വിനോദസഞ്ചാരം. കുടുംബമായോ കൂട്ടുകാരുമായോ എല്ലാം മറന്ന് ഉള്ള യാത്രകള്‍ അവര്‍ക്ക് അവരുടെ മനോനില പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഓരോ യാത്രകളും സഹായിക്കുന്നു. ഇത്തരം യാത്രകള്‍ വഴി സൗഹൃദം ശക്തിപ്പെടുകയും കുടുംബബന്ധങ്ങള്‍ ഊര്‍ജ്ജസ്വലമാവുകയും ചെയ്യും
പ്രകൃതി സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന പുഴയോരങ്ങള്‍, പര്‍വതങ്ങള്‍ സമുദ്രതീരങ്ങള്‍ താഴ് വാരങ്ങള്‍ ചരിത്രസ്മാരകങ്ങള്‍ ഹില്‍ ഏരിയ റിസോര്‍ടുകള്‍, ബോട്ട് യാത്രകള്‍... തുടങ്ങി മനുഷ്യ മനസ്സിനെ വശീകരിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്...
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിലും തറികളുടെയും തിറകളുടെയും നാട് എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം കണ്ണൂരിലും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ ബഡ്ജറ്റ് പദ്ധതികള്‍ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. ചുരുങ്ങിയ ചെലവില്‍ ഒന്നോ രണ്ടോ ദിവസം യാത്ര ഇഷ്ടപ്പെടുന്ന ജനങ്ങള്‍ അത് നെഞ്ചോട് ഏറ്റുവാങ്ങിയതിനാല്‍ വന്‍ലാഭകരമാണെന്നാണ് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറയുന്നത്...
അടുത്തകാലത്ത് മാലിദ്വീപിലെ പുതിയ ഭരണകൂടം ഉണ്ടാക്കിയ ഇന്ത്യ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ദേശസ്‌നേഹമുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ തിരിച്ചു പ്രതികരിച്ചപ്പോള്‍, മാലിദ്വീപിന്റെ ടൂറിസം മേഖലയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും തകര്‍ന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതു തെളിയിക്കുന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പോലും ബാധിക്കാവുന്നതാണ് വിനോദസഞ്ചാരമെന്നതാണ്..
ഇന്ത്യന്‍ ടൂറിസ്റ്റുകളെ ഇന്ത്യന്‍ മണ്ണില്‍ തന്നെ കേന്ദ്രീകരിപ്പിക്കുക, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിപോഷിപ്പിക്കുകയെന്ന, കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി ലക്ഷദ്വീപിലെയും കാശ്മീരിലെയും വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഐ. ആര്‍.ടി.സിയെന്ന പേരില്‍ ഇന്ത്യന്‍ റെയില്‍വെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് ടൂര്‍ പാക്കേജ് നടത്തിവരുന്നുണ്ട്. ദേശീയോദ്ഗ്രഥന സന്ദേശവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടിറങ്ങി നടപ്പാക്കിയ വിവിധ പരിപാടികള്‍ കാരണം രാജ്യത്തിന്റെ മുഴുവന്‍ സംസ്ഥാനങ്ങളും ഇപ്പോള്‍ വിനോദ സഞ്ചാരത്തിന്റെ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. തീര്‍ത്ഥാടന ടൂറിസവും സജീവമായി വരികയാണ്.
#WorldTourismDay #travel #tourism #mentalhealth #stressrelief #Kerala #India