Destinations | കൊല്ലത്ത് കാണേണ്ട പ്രധാനപ്പെട്ട 20 വിനോദസഞ്ചാര കേന്ദ്രങ്ങൾ


മനോഹരമായ കായലുകൾ, കടൽത്തീരങ്ങൾ, ചരിത്രപരമായ സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയവ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു
(KVARTHA) കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലകളിലൊന്നാണ് കൊല്ലം. മനോഹരമായ കായലുകൾ, കടൽത്തീരങ്ങൾ, ചരിത്രപരമായ സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയവ കൊല്ലത്തെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു. കൊല്ലം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് സഹായകമാകുന്ന, കൊല്ലം ജില്ലയിലെ മികച്ച 20 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക ഇതാ.
1. കൊല്ലം ബീച്ച്
കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ് കൊല്ലം ബീച്ച്. സൂര്യസ്‌നാനം ഏറ്റുകിടക്കുന്ന തീരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകളും വെള്ളമണല്‍ത്തരികളും ചേര്‍ന്ന് തീര്‍ക്കുന്ന മനോഹര കാഴ്‌ച നൂറുകണക്കിന് സഞ്ചാരികളെ മഹാത്മാഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന ഈ ബീച്ചിലേക്ക് ആകര്‍ഷിക്കുന്നു. ബീച്ചിലും പരിസരങ്ങളിലും അലയടിക്കുന്ന ശാന്തത ഇവിടമൊരു മികച്ച ഒഴിവുകാല വിനോദ കേന്ദ്രമാക്കുന്നു. ഇവിടെ സുരക്ഷിതമായി കടലില്‍ കുളിക്കുകയും നീന്തുകയും ചെയ്യാം. കുറഞ്ഞ ചെലവില്‍ താമസിക്കാനും ആഹാരം കഴിക്കാനും കഴിയുന്ന നിരവധി ഹോട്ടലുകളും റിസോർട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരഹൃദയത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ് ബീച്ച്.
2. അഷ്ടമുടിക്കായൽ
അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട് യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ് കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെതൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു.
മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്. കായലും അതിന്റെ തീരത്തുള്ള കൊല്ലം പട്ടണവും നീണ്ടകര തുറമുഖവും സംസ്ഥാനത്തിന്റെ കശുവണ്ടിസംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗമായി വർത്തിക്കുന്നു. കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം, കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ, ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.
കൊല്ലം ബോട്ട് ക്ലബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങൾ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി എട്ട് മണിക്കൂർ സമയം വരുന്നതാണ്. തടാകങ്ങൾ,കനാലുകൾ, വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു.
3. ശാസ്താംകോട്ട കായൽ
തീരത്ത് സ്ഥിതി ചെയ്യുന്ന ശാസ്‌താ ക്ഷേത്രത്തില്‍ നിന്നാണ് കായലിന് ഈ പേര് ലഭിച്ചത്. കായല്‍യാത്രക്കുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവും ശാസ്‌താംകോട്ട കായലിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മനോഹരവും പ്രശസ്തവുമായ ശുദ്ധജലതടാകമാണ് ശാസ്‌താംകോട്ട കായല്‍.
4. തെന്മല
കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശം. ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറെ അരികിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ് ഇത്. സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.
മൺമറഞ്ഞ ശിലായുഗ സംസ്കാരത്തിന്റെ നിരവധി ചരിത്രാവശിഷ്ടങ്ങൾ തെന്മലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇക്കോടൂറിസത്തിൽ പ്രധാനമായും ട്രക്കിങ് ആണ് ഉൾപ്പെടുന്നത്. തെന്മലയിൽനിന്ന് രണ്ടുമണിക്കൂർ സമയംകൊണ്ട് പൂർത്തിയാക്കാവുന്ന ‘സോഫ്റ്റ് ട്രക്കിങ്’ മുതൽ മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്ര കാൽനടയാത്ര വരെ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് 17 കി.മീ. അകലെയുള്ള പാലരുവി വെള്ളച്ചാട്ടം വരെയുള്ള കാൽനടയാത്രയാണ് മറ്റൊരു സന്ദർശന പരിപാടി.
സാഹസിക ടൂറിസത്തിനുള്ള സൗകര്യങ്ങളും ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുണ്ട്. നേച്ചർ ട്രെയിൻ, താമരക്കുളം, മൗണ്ടൻ ബൈക്കിങ്, റോക്ക് ക്ലൈമ്പിങ്, റാപ്പലിങ്, റിവർ ക്രോസിങ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്കുള്ള തീർഥാടനസൗകര്യമൊരുക്കുന്ന ഇക്കോടൂറിസം പദ്ധതിയാണ് ‘പിൽഗ്രിമേജ്’ വിഭാഗത്തിലുള്ളത്. തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ഇക്കോടൂറിസം പദ്ധതിയുടെ മേൽനോട്ടം നടത്തുന്നത്.
5. മൺറോ തുരുത്ത്
മണ്‍റോ ദ്വീപ് പ്രാദേശികമായി മണ്‍റോ തുരുത്ത് എന്നറിയപ്പെടുന്നു. എട്ട് ചെറുദ്വീപുകളുടെ കൂട്ടമാണ് മണ്‍റോ തുരുത്ത്. കൊല്ലത്തു നിന്ന് 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ് മാര്‍ഗവും കായല്‍ മാര്‍ഗവും എത്താവുന്നതാണ്.
8. പാലരുവി വെള്ളച്ചാട്ടം
ഇത് ഇന്ത്യയിലെ നാൽപതാമത്തെ വലിയ വെള്ളച്ചാട്ടമാണ്. കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്നു. കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റർ ഉയരമുണ്ട്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. (കല്ലടയാറിന്റെ തുടക്കം).
സഹ്യപർവതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. ഇവയും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്.
9. പുനലൂർ തൂക്കുപാലം
കരയോടടുത്തുതന്നെയുള്ള രണ്ട് വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട് കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ് ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ പൂർണമായും കരഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ് ചട്ടക്കൂടുകളിലുറപ്പിച്ച തമ്പകം പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുൾപെടെ സാധ്യമായിരുന്നത് എന്നത് കൗതുകകരം തന്നെയാണ്.
പുനലൂർ തൂക്ക് പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത് (ഇത് പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ) ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു. തടിത്തട്ടിൽ ഇരുമ്പ് പട്ട പിടിപ്പിച്ച് കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത് തുരുമ്പെടുത്ത് നാശോന്മുഖമായിരിക്കുന്നു. കരിങ്കൽ തൂണുകളിലെ വിടവുകളിലുള്ള ആൽമരത്തൈകൾ കരിച്ചുകളഞ്ഞെങ്കിലും പിന്നെയും വളർന്നുവരുന്നുണ്ട്.
ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്.
10. തേവള്ളികൊട്ടാരം
വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ് തേവള്ളി കൊട്ടാരം. കൊല്ലത്തു നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അഷ്ടമുടി കായലിലൂടെ ബോട്ടില്‍ കൊട്ടാരത്തിലെത്താം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന തേവള്ളി കൊട്ടാരത്തിലൂടെ നടക്കുമ്പോള്‍ ഒരു കാലഘട്ടം സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഇതള്‍വിരിയും.
11. അഡ്വെഞ്ചര്‍ പാര്‍ക്ക്
നഗരഹൃദയത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ അഷ്ടമുടി കായലിന്റെ തീരത്താണ് അഡ്വെഞ്ചര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ എറ്റവും പ്രശസ്തമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണിത്. സര്‍ക്കാര്‍ അതിഥിസമന്ദിര വളപ്പില്‍ 48 ഏക്കറിലായി വ്യാപിച്ചു കിടക്കുകയാണ് അഡ്വെഞ്ചര്‍ പാര്‍ക്ക്. കുട്ടികള്‍ക്കുള്ള ട്രാഫിക് പാര്‍ക്ക്, ബോട്ട് ക്ലബ്, കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ എന്നിവ ഇവിടെയുണ്ട്.
12. മയ്യനാട്
കൊല്ലം നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ നഗരപ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുതും മനോഹരവുമായൊരു ഗ്രാമമാണ് മയ്യനാട്. ഇവിടേക്ക് റോഡ്‌മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും എപ്പോഴും ബസുകളുണ്ട്. പരവൂര്‍ കായലിന്റെ തീരത്താണ് മയ്യനാട് സ്ഥിതി ചെയ്യുന്നത്. അറബിക്കടലിന് സമാന്തരമായി നീണ്ടതീരം മയ്യനാടിനുണ്ട്. ഇവിടം മീന്‍ പിടുത്തത്തിനും മറ്റും പ്രശസ്‌തമാണ്.
13. നീണ്ടകര തുറമുഖം
കൊല്ലത്തു നിന്നും എട്ടു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന നീണ്ടകര തുറമുഖം പ്രധാനപ്പെട്ടൊരു മത്സ്യബന്ധന തുറമുഖം കൂടിയാണ്. ഇന്റോ നോര്‍വീജിയന്‍ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ആസ്ഥാനമായ നീണ്ടകര മേഖലയിലെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുടെയും അനുബന്ധ മേഖലകളുടെയും സിരാകേന്ദ്രമാണ്.
14. പിനാക്കിൾ വ്യൂ പോയിന്റ്
പുനലൂർ നിന്നും അഞ്ചൽ നിന്നും കുരുവിക്കോണം വഴി ഇവിടെ എത്താം. പ്രഭാതത്തിലെ മഞ്ഞുകാഴ്ച അതി മനോഹരമാണ്.
15. കുടുക്കത്തു പാറ
അഞ്ചൽ നിന്ന് ചണ്ണപ്പേട്ട വഴി ഇവിടെ എത്താം. വനത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിൽ നിന്നുള്ള പ്രകൃതി ആസ്വാദനം മനോഹരമാണ്.
16. ജടായൂ പാറ – സാഹസിക കേന്ദ്രം
ജടായു ഇരുന്ന, ചിറകറ്റുവീണ, ജീവന്‍ വെടിഞ്ഞ ഈ മല ജടായുപാറ എന്ന പേരില്‍ ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ആയിരം അടി ഉയരമുള്ള പാറയുടെ മുകളില്‍ ഭീമാകാരമായ ജടായു ശിൽപവുമായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ജടായുപാറ കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളില്‍നിന്ന് നോക്കിയാല്‍ കിഴക്ക് സഹ്യപര്‍വതവും പടിഞ്ഞാറ് അറബിക്കടലും കാണാന്‍ കഴിയും. ജടായുമംഗലം പിന്നീട് ചടയമംഗലമായി മാറുകയായിരുന്നു.
ശ്രീരാമന്റെ പാദമുദ്ര എന്ന് വിശ്വസിക്കപ്പെടുന്ന കാല്‍പ്പാദത്തിന്‍റെ ആകൃതിയിലുള്ള ഒരു കുളമുണ്ട് പാറയുടെ മുകളില്‍. ഈ ചെറിയകുളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ജലം ഏതു കൊടുംവേനലിലും വറ്റാതെ നില്‍ക്കുന്നു. ആയിരം അടി മുകളില്‍ പാറയുടെ മുകളില്‍ കാണുന്ന ഈ ചെറിയ ജലസ്രോതസ്സില്‍ എത്ര തേവിക്കളഞ്ഞാലും വീണ്ടും ജലം വന്നു നിറയുന്നത് അത്ഭുതത്തോടെയാണ് യുക്തിവാദികള്‍ പോലും കാണുന്നത്.
ഏതവസ്ഥയിലും ഈ കുളത്തില്‍നിന്നും ജലം പുറത്തേക്കു തുളുമ്പിപോകില്ല എന്നതും അതിശയമാണ്. ജടായുശിൽപത്തിന്റെ ഉള്ളില്‍ രണ്ടു നിലയിലായി ജടായുവിന്റെ കഥ ചിത്രങ്ങളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ജടായുവിന്റെ ചിറകില്‍ കൂടി അകത്തുകയറി കണ്ണില്‍കൂടി പുറംകാഴ്ചകള്‍ കാണുംവിധമാണ് ശില്‍പം ഒരുക്കിയിരിക്കുന്നത്. മലമുകളിലായി ഒരു ശ്രീരാമ ക്ഷേത്രവുമുണ്ട്.
17. കൊട്ടാരക്കര കൊട്ടാരം
ഈ പ്രദേശത്തെ പ്രശസ്തമായ കൊട്ടാരമായ കൊട്ടാരക്കര കൊട്ടാരം ഒട്ടേറെ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കൊട്ടാരക്കരയെന്ന പേരുതന്നെ ഇവിടുത്തെ കൊട്ടാരങ്ങളുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് പറയുന്നത്. കൊട്ടാരക്കരയിലെ ആദ്യത്തെ കൊട്ടാരം പണികഴിപ്പിക്കപ്പെട്ടത് പതിനാലാം നൂറ്റാണ്ടിലാണ്. കൊട്ടാരക്കരയിലും പരിസരത്തും ഒട്ടേറെ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം.
18. തങ്കശ്ശേരി ബീച്ച്
കൊല്ലത്തു നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉല്ലാസകേന്ദ്രമാണ് തങ്കശ്ശേരി ബീച്ച്. മനോഹരമായ ഈ തീരത്തിന് ചിത്രപരമായ പ്രാധാന്യവും ഉണ്ട്. ബീച്ചില്‍ നിന്നാല്‍ തകര്‍ന്നടിഞ്ഞ ഒരു പോര്‍ച്ചുഗീസ് കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. വിശ്രമിക്കാനും ഉല്ലസിക്കാനുമായി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.
19. കൊട്ടാരക്കര ഗണപതി
കൊട്ടാരക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഈ ക്ഷേത്രം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേക്കര ശിവക്ഷേത്രമെന്നാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രത്തിന്റെ പേര്, ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ
20. തിരുമുല്ലവാരം ബീച്ച്
കച്ചവടക്കാരുടെ ബഹളൊന്നുമില്ലാത്ത മനോഹരമായ തീരമാണ് തിരുമുല്ലവാരം ബീച്ച്. നഗരത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് ബീച്ചിന്റെ സ്ഥാനം. അധികം ആഴമില്ലാത്തതിനാല്‍ ഇവിടെ സുരക്ഷിതമായി നീന്താം. ഇക്കാരണത്താല്‍ കുട്ടികള്‍ക്കും ഇവിടെ ഭയാശങ്കകളില്ലാതെ ആഘോഷിച്ചു തിമിര്‍ക്കാം. കുടുംബത്തോടൊപ്പം ഉല്ലസിക്കാന്‍ പറ്റിയ ഇടമാണ് തിരുമുല്ലവാരം ബീച്ച്. ചുറ്റുമുള്ള മനോഹരമായ കാഴ്‌ചകള്‍ കണ്ട് ഇവിടെ സമയം ചെലവിടാവുന്നതാണ്.
കൊല്ലം ജില്ലയിലെ അത്യാവശ്യം ചെറുതും വലുതുമായ പ്രധാനപ്പെട്ട ചില വിനോദസഞ്ചാരകേന്ദ്രങ്ങളെപ്പറ്റിയാണ് ഇവിടെ വിവരിച്ചത്. ഇത് കൂടാതെ ഇനിയും ധാരാളം സ്ഥലങ്ങൾ കൊല്ലം ജില്ലയുടെ പ്രധാന ഭാഗങ്ങളായുണ്ട്. കശുവണ്ടിയ്ക്ക് പേരുകേട്ട സ്ഥലമായ കൊല്ലത്തെ പ്രധാന ആകർക്ഷണ കേന്ദ്രങ്ങളാണ് ഈ സ്ഥലങ്ങൾ.