Exploration | തൃശൂരിൽ കാണേണ്ട പ്രധാനപ്പെട്ട 10 വിനോദസഞ്ചാര കേന്ദ്രങ്ങൾ
● ക്ഷേത്രങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ, മൃഗശാലകൾ തുടങ്ങി വിവിധ ആകർഷണങ്ങൾ.
● അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്.
● കേരള കലാമണ്ഡലം ക്ലാസിക്കൽ കലകളുടെ കേന്ദ്രമാണ്.
● ശക്തൻ തമ്പുരാൻ കൊട്ടാരം കേരളീയ വാസ്തുവിദ്യയുടെ അത്ഭുതകരമായ ഒരു ഉദാഹരണമാണ്.
കെ ആർ ജോസഫ്
(KVARTHA) തൃശൂർ എന്നാൽ കേരളത്തിൻ്റെ സാംസ്‌കാരിക തലസ്ഥാനമാണ് എന്നുള്ളത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. അതിനാൽ തന്നെ ആ രീതിയിൽ തൃശൂരിന് പ്രത്യേകതകളും ഏറെയാണ്. ഈ ജില്ലയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കുറച്ച് പ്രധാനപ്പെട്ട കേന്ദ്രങ്ങളുണ്ട്. ഇവയൊക്കെ സ്ഥിതി ചെയ്യുന്നത് വളരെ അടുത്തായത് കൊണ്ട് തന്നെ സഞ്ചാരികൾക്ക് എല്ലായിടത്തും വേണ്ടിവന്നാൽ ഒറ്റദിവസം കൊണ്ടു തന്നെ എത്തിപ്പെടാനും സാധിക്കും. തൃശൂരിൽ ജില്ലയിൽ കാണേണ്ട 10 പ്രധാനപ്പെട്ട സ്ഥലങ്ങളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
1. ഡാമുകൾ
തൃശൂരിലും സമീപപ്രദേശങ്ങളിലുമായി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഡാമുകൾ ഉണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട നാല് ഡാമുകൾ ആണ് പൂമല ഡാം, വാഴാനി ഡാം, ചിമ്മിനി ഡാം, പീച്ചി ഡാം. ഇവ തൃശൂർ നഗരത്തിനോട് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരുപാട് സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ ഡാമുകൾ ആരെയും ആകർഷിക്കുന്ന മനോഹര കാഴ്ച തന്നെയാണ്. ഇതിനോട് ഒക്കെ അടുത്ത് തന്നെയാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാമും സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഈ ഡാമുകൾ ഒക്കെ തന്നെ ഒരു ദിവസകൊണ്ട് തന്നെ കണ്ട് മടങ്ങാമെന്നതാണ് വലിയ പ്രത്യേകത.
Photo Credit: Screenshot from a X video by Kerala Tourism
2. ബീച്ചുകൾ
ജില്ല കുറച്ച് പ്രമുഖ ബീച്ചുകൾക്കും പേരുകേട്ട ഇടംകൂടിയാണ്. ഒന്നാമത്തെ ബീച്ച് എന്ന് പറയുന്നത് അഴീക്കോട് ബീച്ചാണ്. ഇത് കൊടുങ്ങല്ലൂരിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. പിന്നെ സ്നേഹതീരം . ഇത് തൃപ്രയാറിനു സമീപമാണ് ഉള്ളത്. ഗുരുവായൂരിനു സമീപത്തെ ചാവക്കാട് ബീച്ചും വളരെ പ്രശസ്തമായ ബീച്ചാണ്. ഏറ്റവും മികച്ച ബീച്ച് എന്നറിയപ്പെടുന്നത് ചെറായിയും സ്നേഹതീരവുമാണ്. ചെറായി ബീച്ച് എറണാകുളം ജില്ലയിലും വ്യാപിച്ചു കിടക്കുന്നു. തൃശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് ബീച്ചുകളിൽ ഒരു യാത്ര നടത്തി വരാവുന്നതാണ്. തീർച്ചയായും ഈ ബീച്ചുകൾ ആരെയും ആകർഷിക്കുമെന്നത് തീർച്ചയാണ്.
Photo Credit: Facebook/ Thrissur city-Cultural Capital of Kerala
3. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ
ജില്ലയുടെ കിഴക്കൻ അതിർത്തിയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അതിരപ്പിള്ളി. അതിരപ്പിള്ളി – വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, തുമ്പൂർമുഴി, ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം തുടങ്ങിയവയും സിൽവർ സ്റ്റോം, ഡ്രീം വേൾഡ് തുടങ്ങിയ തീം പാർക്കുകൾ എന്നിവയുമാണ് ഈ റൂട്ടിലെ പ്രധാന ആകർഷണങ്ങൾ. വനത്തിനു നടുവിലൂടെ ഇവിടേക്കുള്ള യാത്ര വളരെ മനോഹരമാണ്. വേണമെങ്കിൽ അതിർത്തിയായ മലക്കപ്പാറ വരെ പോയി വരികയും ചെയ്യാം. ഈ റൂട്ടിൽ ബസ് സർവീസും ലഭ്യമാണ്. സമയവിവരങ്ങൾക്ക് www(dot)aanavandi(dot)com സന്ദർശിക്കാം. ഒരു ദിവസം അടിച്ചു പൊളിക്കുവാനും കാഴ്ചകൾ കാണുവാനും ഉള്ളത് ഈ യാത്രയിൽ നിങ്ങൾക്ക് പറ്റും.
Image Credit: Facebook/ Athirappilly Waterfalls
4. ഗുരുവായൂർ ക്ഷേത്രം
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. ഭഗവാൻ കൃഷ്ണനു സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം കർശനമായ ആചാരങ്ങൾക്കും പേരുകേട്ടതാണ്. ക്ഷേത്രത്തിലെ ആന സങ്കേതം നിരവധി ആനകളുടെ ആവാസ കേന്ദ്രമാണ്. ക്ഷേത്രത്തിന്റെ ക്ലാസിക് കേരളീയ വാസ്തുവിദ്യ ഒരു കാഴ്ചയാണ്. ഇന്ത്യയിലെ ഏറ്റവും ദിവ്യമായ 108 വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ലോകത്തു നിന്ന് തന്നെ ധാരാളം ഭക്തർ എത്തുന്ന സ്ഥലം കൂടിയാണിത്.
Photo Credit: Facebook/ Guruvayoor Temple
5. വടക്കുംനാഥൻ ക്ഷേത്രം
പുരാതന ശിവക്ഷേത്രമായ വടക്കുംനാഥൻ ക്ഷേത്രം കേരളീയ വാസ്തുവിദ്യയുടെ അത്ഭുതകരമായ ഒരു ഉദാഹരണമാണ്. ലിംഗമല്ല, മൂർത്തിയായ ശിവലിംഗം പ്രതിഷ്ഠയായിരിക്കുന്നത് ഈ ക്ഷേത്രത്തെ കേരളത്തിലെ അപൂർവ്വമായ ഒരു ക്ഷേത്രമാക്കുന്നു. ക്ഷേത്രത്തെ വലം വെച്ചുള്ള കൂറ്റൻ കൽമതിൽ കേരളീയ വാസ്തുശില്പത്തിന്റെ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു. ക്ഷേത്രത്തിന്റെ പ്രൗഢിയും ശാന്തമായ അന്തരീക്ഷവും സന്ദർശകരെ ആകർഷിക്കുന്നു. തൃശൂർ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ലോകപ്രശസ്തമായ തൃശ്ശൂർ പൂരത്തിന്റെ കേന്ദ്രബിന്ദു കൂടിയാണ്. പ്രദേശവാസികൾക്ക് വലിയ മതപരമായ പ്രാധാന്യം അർഹിക്കുന്ന ഈ ക്ഷേത്രം തൃശൂരിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളിൽ ഒന്നാണ്.
Photo Credit: Facebook/ Vadakkumnathan Temple
6. വിലങ്ങൻ കുന്ന്
തൃശൂരിൽ നിന്നും ഇവിടേയ്ക്കുള്ള ദൂരം ഏകദേശം 6 കിലോമീറ്റർ ആണ്. ഹിൽ വ്യൂ പോയിന്റും അമ്യൂസ്‌മെന്റ് പാർക്കും ആണ് ഇവിടുത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ. ഒരു കുന്നായ വിലങ്ങൻ കുന്നിൽ എത്തിയാൽ തൃശൂർ നഗരത്തിന്റെ വിശാലമായ കാഴ്ചകൾ കാണാം എന്നതാണ് പ്രത്യേകത. പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും വിശ്രമിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമുള്ള ഒരു ജനപ്രിയ സ്ഥലമാണിത്. തൃശൂർ അമലാ ഹോസ്പിറ്റലിന് അടുത്താണ് വിലങ്ങൻ കുന്ന് ഉള്ളത്.
Photo Credit: Facebook/ Vilangan Hills
7. പുന്നത്തൂർ കോട്ട
ഇത് ഒരു ആനസങ്കേതമാണ്. ഗുരുവായൂർ ക്ഷേത്രത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. തൃശൂരിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. 60-ലധികം ആനകൾ ഇവിടെയുണ്ട് എന്ന് പറയുന്നു. ഒട്ടനവധി ആനകൾ ഒരിടത്ത് നിൽക്കുന്ന കാഴ്ച വിസ്മയിപ്പിക്കുന്നതാണ്. ആനകൾക്കുള്ള വിശാലമായ ചുറ്റുപാടുകളുള്ള വന്യജീവി സങ്കേതം നന്നായി പരിപാലിക്കപ്പെടുന്നു. ഇവിടുത്തെ പ്രധാന ആകർഷണം എന്ന് പറയുന്നത് ആനകളും അവയുമായി ബന്ധപ്പെട്ട ആചാരങ്ങളും ആണ്.
Photo Credit: Facebook/ Punnathurkotta
8. ശക്തൻ തമ്പുരാൻ കൊട്ടാരം
ശക്തൻ തമ്പുരാൻ കൊട്ടാരം കേരളത്തിന്റെ സമ്പന്നമായ വാസ്തുവിദ്യാ പൈതൃകത്തിന്റെ അത്ഭുതകരമായ ഒരു ഉദാഹരണമാണ്. നാലുകെട്ട് ശൈലിയിലുള്ള നിർമ്മാണം, സങ്കീർണ്ണമായ മരപ്പണികൾ, പരമ്പരാഗത കേരളീയ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണങ്ങൾ എന്നിവ കൊട്ടാരത്തിന് മനോഹാരിത പകരുന്നു. പുരാതന കാലത്തെ പുരാവസ്തുക്കളുടെ ഒരു വലിയ ശേഖരം ഇവിടെ സംരക്ഷിക്കപ്പെടുന്നു, ഇത് ചരിത്രാസ്തുതകളോടുള്ള കൊട്ടാരത്തിന്റെ അടുപ്പം വ്യക്തമാക്കുന്നു. തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ കൊട്ടാരം, മഹാരാജാവായിരുന്ന ശക്തൻ തമ്പുരാന്റെ ജീവിതത്തെക്കുറിച്ചുള്ള അമൂല്യമായ വിവരങ്ങൾ നൽകുന്നു. കൊട്ടാരത്തിന്റെ വാസ്തുവിദ്യ, കല, മ്യൂസിയം എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ.
Photo Credit: Facebook/ Kerala Tourism
9. കേരള കലാമണ്ഡലം
ക്ലാസിക്കൽ കലാകാരന്മാർക്കുള്ള ഒരു കേന്ദ്രമാണ് കേരള കലാമണ്ഡലം . കലാപരമായ മികവിന്റെ ഒരു തൊട്ടിലാണിത്. തൃശൂരിൽ നിന്ന് ഏകദേശം 24 കിലോമീറ്റർ ദൂരം ഉണ്ട് ഇവിടെയെത്താൻ. വള്ളത്തോൾ നഗറിലാണ് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത കലാരൂപങ്ങളുടെ അഭിമാനകരമായ സ്ഥാപനമായ ഇവിടെ കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം എന്നിവയുൾപ്പെടെ വിവിധ ക്ലാസിക്കൽ കലാരൂപങ്ങളിൽ കോഴ്‌സുകളും പരിശീലനവും വാഗ്ദാനം ചെയ്യുന്നു. ക്ലാസിക്കൽ കലകളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സ്ഥാപനങ്ങളിലൊന്നാണിത്. സമൃദ്ധമായ പച്ചപ്പിനും പരമ്പരാഗത കേരളീയ വാസ്തുവിദ്യയ്ക്കും ഇടയിലാണ് കാമ്പസ് സജ്ജീകരിച്ചിരിക്കുന്നത്.
Photo Credit: Facebook/ Kerala Kalamandalam
10. തൃശൂർ മൃഗശാല
തൃശൂർ മൃഗശാല തൃശൂരിന്റെ ഹൃദയഭാഗത്ത് 13.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. പാമ്പുകൾ, ജലജീവികൾ എന്നിവയെ അടുത്തറിയാൻ സഹായിക്കുന്ന പാമ്പ് പാർക്ക്, അക്വേറിയം എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നതുമായ വിവിധ മൃഗങ്ങൾക്ക് സുരക്ഷിതമായ ആവാസവും പരിചരണവും ഒരുക്കുന്നതിലൂടെ മൃഗശാല ഒരു സംരക്ഷണ കേന്ദ്രമായി പ്രവർത്തിക്കുന്നു. അതോടൊപ്പം, മൃഗങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലൂടെ ഒരു വിദ്യാഭ്യാസ സ്ഥാപനമായും ഇത് പ്രവർത്തിക്കുന്നു. തൃശൂർ മൃഗശാല വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നായതിനാൽ ഇവിടെ നിത്യവും ധാരാളം സഞ്ചാരികൾ എത്താറുണ്ട്.
Image Credit: Thrissur Zoological Park
വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് ഇവിടെ സൂചിപ്പിച്ചുവെന്ന് മാത്രം. ജില്ലയിൽ എത്തിയാൽ ഒഴിവാക്കാൻ പറ്റാത്ത, അവിസ്മരണീയമായ അനുഭവങ്ങൾ നൽകുന്ന 10 പ്രധാന സ്ഥലങ്ങളെക്കുറിച്ചാണ് ഈ ലിസ്റ്റ്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ, അതിന്റെ പൈതൃകവും ആധുനികതയും സമന്വയിപ്പിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഈ പട്ടിക തൃശൂരിലേക്കുള്ള നിങ്ങളുടെ യാത്രയെ കൂടുതൽ സമ്പന്നമാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെച്ച് അവരുടെ യാത്രകളെ കൂടുതൽ ആസ്വാദ്യകരമാക്കാം.
#ThrissurDams #KeralaTourism #IndiaTravel #NatureLover #WeekendGetaway #FamilyVacation