Travel | തമിഴ് നാട്ടിൽ കാണേണ്ട പ്രധാനപ്പെട്ട 10 സ്ഥലങ്ങൾ

 
Travel


ബീച്ചുകൾ, മലനിരകൾ, ഹിൽ സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ എല്ലാ തരത്തിലുള്ള സഞ്ചാരികൾക്കും താൽപര്യമുള്ള സ്ഥലങ്ങൾ ഇവിടെയുണ്ട്

ചെന്നൈ: (KVARTHA) നമ്മുടെ അയൽസംസ്ഥാനമാണ് തമിഴ് നാട്. സമ്പന്നമായ സംസ്കാരം, വൈവിധ്യമാർന്ന ഭക്ഷണം, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് ഇത്. ക്ഷേത്രങ്ങൾ, ബീച്ചുകൾ, മലനിരകൾ, ഹിൽ സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ എല്ലാ തരത്തിലുള്ള സഞ്ചാരികൾക്കും താൽപ്പര്യമുള്ള സ്ഥലങ്ങൾ ഇവിടെയുണ്ട്. തമിഴ് നാട്ടിൽ കാണേണ്ട പ്രധാനപ്പെട്ട 10 സ്ഥലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. 

1. ചെന്നൈ

തമിഴ് നാടിനെക്കുറിച്ച് പറയുമ്പോൾ ഏവരുടെയും മനസിലേയ്ക്ക് ഓടിയെത്തുന്ന സ്ഥലമാണ് ചെന്നൈ. ഇത് തമിഴ് നാടിൻ്റെ തലസ്ഥാനം കൂടിയാണ്. ഡെൽഹിയും മുംബൈയും കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന ഇടം കൂടിയാണിത്. മറീന ബീച്ച്, സെമ്മോഴി പൂങ്കാ, അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്ക്. പുലിക്കാട്ട് തടാകം, ബ്രീസി ബീച്ച്, നാഷണൽ ആർട് ഗാലറി, ലിറ്റിൽ മൗണ്ട് ഷ്രൈൻ, കപാലീശ്വർ ക്ഷേത്രം തുടങ്ങിയവയൊക്കെ ഇവിടുത്തെ പ്രധാന കാഴ്ചകൾ ആണ്. 

കാലങ്ങളോളം ദക്ഷിണേന്ത്യൻ രാജാക്കൻമാർ മാറിമാറി ഭരിച്ചിരുന്ന ഇവിടം ചരിത്രങ്ങൾ കൊണ്ട് കഥയെഴുതിയ നാടാണ്. റെയിൽവേ സ്റ്റേഷനിൽ തുടങ്ങി സിനിമാ ശാലകളും പുസ്തകാലയങ്ങളും വരെ നീളുന്ന ഇരുപതോളം പൈതൃക സ്ഥാനങ്ങൾ ചെന്നൈ നഗരത്തിനുള്ളിലുണ്ട്. തമിഴ് നാട് സന്ദർശിക്കുന്നവർ അധികം ചെന്നൈയിൽ തമ്പടിച്ച് ഇവിടുത്തെ മനോഹരമായ കാഴ്ചകൾ കണ്ടാണ് മടങ്ങാറുള്ളത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലം കൂടിയാണ് പഴയ മദ്രാസ് എന്നറിയപ്പെടുന്ന ചെന്നൈ. 

2. ഊട്ടി 

തമിഴ് നാട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഊട്ടി. സമുദ്ര നിരപ്പിൽ നിന്നും  ഏകദേശം 2240 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം കോടമ‍ഞ്ഞും കൊടും തണുപ്പും കൊണ്ട് സഞ്ചാരികളെ വിസ്മയഭരിതരാക്കാറുണ്ട്. ബോട്ടാണിക്കൽ ഗാർഡൻ, ടീ ഫാക്ടറി, ഡൊഡ്ഡബേട്ടാ പീക്ക്, റോസ് ഗാർഡൻ, അവലാഞ്ചെ ലേക്ക്, പൈക്കര റിവർ, മുതുമലൈ ദേശീയോദ്യാനം, എമറാൾഡ് തടാകം തുടങ്ങിയവയാണ് ഊട്ടിയിലെ  പ്രധാന കാഴ്ചകൾ. പഴയ കാലത്ത് ഊട്ടി എന്നു പറയുന്ന സ്ഥലം ബ്രിട്ടിഷുകാർക്കും പ്രിയങ്കരമായിരുന്നു. 

3. കൊടൈക്കനാൽ

ഊട്ടി പോലെ തന്നെ തമിഴ് നാട്ടിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് കൊടൈക്കനാൽ. സമുദ്ര നിരപ്പിൽ നിന്നും ശരാശരി 2331 മീറ്റർ ഉയരത്തിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ കൊടൈക്കനാൽ പ്രകൃതിയുടെ മനോഹര കാഴ്ചകൾക്കു പ്രശസ്തമാണ്. ബെരിജാം തടാകം, കോക്കേഴ്സ് വാക്ക്, കൊടൈ ലേക്ക്, കുറിഞ്ഞി ആണ്ടവാർ ക്ഷേത്രം, ഡോൾഫിൻസ് നോസ്, ബ്രയന്ത് പാർക്ക്, ഗ്രീൻ വാലി വ്യൂ തുടങ്ങിയവയാണ് മലനിരകളുടെ റാണി എന്നറിയപ്പെടുന്ന കൊടൈക്കനാലിൽ എത്തിയാൽ കാണേണ്ട പ്രധാന കാഴ്ചകൾ. കാട് നാടിനു നല്കിയ സമ്മാനം എന്നാണ് പഴമക്കാർ ഇവിടുത്തെ വിശേഷിപ്പിക്കുന്നത്. 

4. മധുര

ചെന്നൈ പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലമാണ് തമിഴ്‌നാടിന് മധുരൈ എന്ന മധുരയും. നൂറു കണക്കിന് ക്ഷേത്രങ്ങളാൽ തിങ്ങി നിറഞ്ഞു കിടക്കുന്ന സ്ഥലം കൂടിയാണ് മധുരൈ. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ജനവാസ പ്രദേശമായ മധുരൈ തമിഴ്നാടിന്റെ ഒരു പരിഛേദം എന്നു വിശേഷിപ്പിക്കപ്പെടുന്ന പക്കാ ടിപ്പിക്കൽ തമിഴ് നഗരമാണ്. ലോക പ്രശസ്ത തീർഥാടന കേന്ദ്രമായ മീനാക്ഷി അമ്മൻ കോവിൽ, അതിന്റെ ഉപക്ഷേത്രങ്ങളും ഒക്കെ ചേർന്ന് ഈ നാടിനെ ഒരു തീർഥാടന കേന്ദ്രമാക്കി മാറ്റുന്നു. തിരുപ്പരൻകുണ്ട്രം മുരുകൻ ക്ഷേത്രവും ഇവിടുത്തെ പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രമാണ്. ഗാന്ധി മ്യൂസിയം, തിരുമലൈ നായകാർ മഹൽ, പഴമുധിർ സോലൈ തുടങ്ങിയ ഇടങ്ങളാണ് മധുരൈയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. 

5. കന്യാകുമാരി 

കേരളത്തോട് വളരെ അടുത്തു കിടക്കുന്ന തമിഴ് നാട്ടിലെ പ്രശസ്തമായ സ്ഥലമാണ് കന്യാകുമാരി. കന്യാകുമാരിയിലെ കാഴ്ചകൾ കന്യാകുമാരി ദേവിയുടെ ക്ഷേത്രത്തിൽ നിന്നും തുടങ്ങി ബീച്ചും വിവേകാനന്ദപ്പാറയും തിരുവുള്ളവർ പ്രതിമയും ഒക്കെയായി നിറയെ കാഴ്ചകളാണ് കന്യാകുമാരിയിലുള്ളത്.  തിരുവനന്തപുരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം കേപ് കോമറിൻ എന്നാണ് അറിയപ്പെടുന്നത്. മലയാളികളും ധാരാളമായി എത്തുന്ന സ്ഥലം കൂടിയാണ് കന്യാകുമാരി. 

6. മഹാബലിപുരം

പുരാതന കാലത്ത് മാമല്ലപുരം എന്നറിയപ്പെട്ടിരുന്ന മഹാബലിപുരം ചരിത്രത്തിനും പൈതൃകത്തിനും പേരുകേട്ടിരിക്കുന്ന ഇടമാണ്. ഒരു കാലത്ത് പ്രധാന തുറമുഖങ്ങളിലൊന്നായിരുന്ന ഇവിടം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലമാണ്. യുനെസ്‌കോയുടെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടം കല്ലുകൾ കൊണ്ട് ചരിത്രം തീർത്തിരിക്കുന്ന മണ്ണാണ്. ദ്രാവിഡ വാസ്തുവിദ്യയുടെ കഴിവുകൾ മുഴുവൻ ഇനിടെ കാണാം. പൂർത്തിയായതും അല്ലാത്തതുമായ മനോഹര കൽശില്പങ്ങളാണ് ഇവിടുത്തെ കാഴ്ച. ഗുഹാ ക്ഷേത്രം, ഷോർ ക്ഷേത്രം, രഞ്ച രഥം, സൂര്യോദയവും സൂര്യസ്തമയവും തുടങ്ങിയവയാണ് മഹാബലിപുരത്തെ സവിശേഷ കാഴ്ചകൾ. 

7. തിരുനെൽവേലി 

തമിഴ് നാട്ടിൽ ഹൽവയ്ക്ക് പേരുകേട്ട പ്രധാന സ്ഥലം കൂടിയാണ് തിരുനെൽവേലി. നെല്ലായപ്പർ ക്ഷേത്രം, ശങ്കരനാരായൺ കോവിൽ, പാപവാശം, കുട്രാളം തുടങ്ങിയ സ്ഥലങ്ങളാണ് ഹൽവയുടെ മധുരത്തിനുമപ്പുറം ഇവിടത്തെ കാഴ്ച വിസ്മയങ്ങൾ. ഇതൊക്കെ തന്നെയാണ്  ഈ നാടിനെ പ്രശസ്തമാക്കുന്നത്. 

8. വെല്ലൂർ

ബ്രിട്ടീഷ് ഭരണകാലത്ത് ടിപ്പു സുൽത്താന്‍റെ കുടുംബം താമസിച്ചിരുന്ന ഇടം എന്ന രീതിയിലാണ്  വെല്ലൂർ പ്രശസ്തമാകുന്നത്. പഴയ കോട്ടകളും തനി നാടൻ രുചികളും ഒക്കെയായി ആളുകളെ കാത്തിരിക്കുന്ന ഇവിടം എന്നും മനോഹരമായ ഇടമാണ്. വെല്ലൂർ കോട്ട, ജലകന്ദേശ്വരർ ക്ഷേത്രം, വെയ്നു ബാപ്പു ഒബ്സർവേറ്ററി, യെലാഗിരി, ഡെൽഹി ഗേറ്റ് തുടങ്ങിയവയാണ് വെല്ലൂരിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ. 

9. കോയമ്പത്തൂർ 

തമിഴ് നാട്ടിൽ വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങൾക്കും ഷോപ്പിങ്ങ് സ്ഥലങ്ങൾക്കും തനത് തമിഴ് രുചികൾക്കും പേരുകേട്ട നാടാണ് കോയമ്പത്തൂർ. തമിഴ്നാട്ടിലെ രണ്ടാമത്തെ പ്രധാന നഗരമാണ് കോയമ്പത്തൂർ.  ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന കോയമ്പത്തൂരിലെ പ്രധാന ആകർഷണങ്ങൾ മരുതുമലൈ ക്ഷേത്രം, ഈച്ചനാരി വിനായകാർ ക്ഷേത്രം, ശിരുവാണി വെള്ളച്ചാട്ടം എന്നിവയാണ്. 

തമിഴ്‌നാട്ടിൽ എത്തിയാൽ നിശ്ചയമായും പോകേണ്ട ഏറ്റവും പ്രധാനപ്പെട്ട 10 സ്ഥലങ്ങളെ പ്പറ്റിയാണ് ഇവിടെ സൂചിപ്പിച്ചത്. എന്നാൽ ഇത് കൂടാതെ ധാരാളം മനോഹരങ്ങളായ ചെറുപട്ടണങ്ങളും ഗ്രാമങ്ങളും തമിഴ് നാട്ടിൽ ഉണ്ട്. അതും ഈ യാത്രയിൽ കാണാൻ സാധിക്കും.

10. രാമേശ്വരം ധനുഷ്‌കോടി 

തമിഴ് നാട്ടിലെ പ്രധാന ക്ഷേത്ര പട്ടണമാണ് രാമേശ്വരം. പാമ്പൻ ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്. രാമേശ്വരം പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ്. രാമനാഥസ്വാമി ക്ഷേത്രം ഇവിടുത്തെ പ്രധാന ആകർഷണം ആണ്. തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനെയും ഇന്ത്യൻ ഉപദ്വീപിന്റെ പ്രധാന ഭൂപ്രദേശത്തെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാലമായ പാമ്പൻ പാലവും പ്രസിദ്ധമാണ്. 1001 അടി നീളമുള്ള ഈ പാലം ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നാണ്. 

രാമേശ്വരത്തിന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ധനുഷ്കോടിയും സഞ്ചാരികളെ ആകർഷിക്കുന്നു. രാമേശ്വരത്തിന് തെക്കുകിഴക്കായി, ശ്രീലങ്കയിലെ തലൈമന്നാറിന് ഏകദേശം 29 കിലോമീറ്റർ പടിഞ്ഞാറായി ഇത് സ്ഥിതിചെയ്യുന്നു. ഒരുകാലത്ത് ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്ത് അഭിവൃദ്ധി പ്രാപിച്ച പട്ടണമായിരുന്ന ധനുഷ്‌കോടി 1964-ലെ ചുഴലിക്കാറ്റിൽ നാശം വിതച്ചു. ചരിത്ര പ്രേമികളും സാഹസിക യാത്രികരും ധനുഷ്‌കോടി സന്ദർശിക്കാറുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia