പറശ്ശിനിക്കടവിന് വികസനക്കുതിപ്പ്: അത്യാധുനിക എ സി ബോട്ട് ഉടനെത്തും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംസ്ഥാനത്തെ പ്രധാന കെ എസ് ആർ ടി സി സ്റ്റേഷനുകൾ വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തും.
● 3.5 കോടിയുടെ ബോട്ട് ടെർമിനൽ വിപുലീകരണം, 1 കോടിയുടെ നദീ സംരക്ഷണം എന്നിവയുടെ ഉദ്ഘാടനം നടന്നു.
● രണ്ട് പുതിയ ബോട്ടുകൾ നാടിന് സമർപ്പിച്ചു.
● രാത്രി സർവീസ് നടത്താത്ത സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിക്ക് മന്ത്രി ഉത്തരവിട്ടു.
പറശ്ശിനിക്കടവ്: (KVARTHA) പറശ്ശിനിക്കടവിൽ മാർച്ച് മാസത്തോടെ 120 പേർക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക ടൂറിസ്റ്റ് എ സി ബോട്ട് എത്തിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ പറശ്ശിനിക്കടവിന്റെ വികസനത്തിനായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും രണ്ട് പുതിയ ബോട്ടുകളുടെ സർവീസ് ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടനാട് സഫാരി ക്രൂയിസ് മാതൃകയിൽ കവ്വായി കായലിലും ബോട്ട് സർവീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കെ എസ് ആർ ടി സിയിൽ വൻ വികസനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും സംസ്ഥാനത്തെ പ്രധാന കെ എസ് ആർ ടി സി ബസ് സ്റ്റേഷനുകളെ വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ വിവിധ ഫണ്ടുകളിൽ നിന്നായി 3.5 കോടി രൂപ ചെലവഴിച്ച് വിപുലീകരിക്കുന്ന ബോട്ട് ടെർമിനൽ, ഒരുകോടി രൂപയുടെ പറശ്ശിനിക്കടവ് നദീ സംരക്ഷണ പദ്ധതി, 2.84 കോടി രൂപയുടെ പറശ്ശിനിക്കടവ് സൗന്ദര്യവൽക്കരണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് നിർവഹിച്ച ശേഷം പറശ്ശിനിക്കടവിൽ സർവീസ് തുടങ്ങിയ പുതിയ രണ്ട് ബോട്ടുകളും മന്ത്രി നാടിനു സമർപ്പിച്ചു.
100 പേർക്ക് യാത്ര ചെയ്യാവുന്നതും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമിച്ചിട്ടുള്ളതുമായ കാറ്റാ മറൈൻ ബോട്ടും 77 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന എസ് 25 അപ്പർ ഡെക്ക് ബോട്ടുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം ബോട്ട് യാത്രയും നടത്തി.
പറശ്ശിനിക്കടവിലേക്ക് രാത്രി സമയങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താൻ തയ്യാറാകുന്നില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വേദിയിൽ നിന്ന് ലഭിച്ച പരാതികളിലാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായത്.
എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഓൺലൈനായി അധ്യക്ഷത വഹിച്ചു. പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയുടെ മറുകരയിൽ ജെട്ടിയും സ്റ്റേഷൻ ഓഫീസും സ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും അതിനായി സ്ഥലം ലഭിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭ്യമായാലുടൻ പദ്ധതി നിർമാണം തുടങ്ങുമെന്നും എം എൽ എ പറഞ്ഞു.
എം എൽ എമാരായ കെ വി സുമേഷ്, എം വിജിൻ, ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം വി അജിത, കെ പി അബ്ദുൽ മജീദ്, ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സൺ വി സതീദേവി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി പ്രേമരാജൻ മാസ്റ്റർ, വാർഡ് കൗൺസിലർമാരായ കെ വി ജയശ്രീ, യു രമ, സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, ഇൻലാന്റ് നാവിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആഷ ബീഗം, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാരിസ് കരീം, ഡി ടി പി സി സെക്രട്ടറി പി കെ സൂരജ്, എം ടി ഡി സി ചെയർമാൻ പി വി ഗോപിനാഥ്, സ്റ്റേഷൻ മാസ്റ്റർ കെ വി സുരേഷ്, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പറശ്ശിനിക്കടവിൻ്റെ വികസനത്തെക്കുറിച്ചുള്ള പുതിയ വാർത്ത സുഹൃത്തുക്കളിലേക്ക് എത്തിക്കുക.
Article Summary: Minister K B Ganesh Kumar announced major development plans for Parassinikadavu, including a new AC boat and a Kuttanad-model safari in Kavvayi Kayal.
#Parassinikadavu #KavvayiKayal #KBGaneshKumar #KeralaTourism #BoatService #KSRTC