ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഉത്തര മലബാറിൻ്റെ രുചിയും കലാരൂപങ്ങളും പരിചയപ്പെടുത്തും.
● ടൂർ ഓപ്പറേറ്റർമാർക്ക് ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് അറിയാൻ അവസരമൊരുക്കും.
● രണ്ടാം ദിവസം പൊതുജനങ്ങൾക്ക് മേള സന്ദർശിക്കാം.
● പ്രവേശനം സൗജന്യമാണ്, പക്ഷേ രജിസ്ട്രേഷൻ നിർബന്ധമാണ്.
കണ്ണൂർ: (KVARTHA) നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിൻ്റെയും ടൂറിസം സംരംഭകരുടെയും സംയുക്ത സംരംഭമായ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ്റെയും (നോംറ്റോ) കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെയും മെട്രോ മാർട്ടിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്നാമത് നോർത്ത് മലബാർ ട്രാവൽ ബസാർ കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ടിൽ നവംബർ 15, 16 തീയതികളിൽ നടക്കുമെന്ന് ചേംബർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്താവളം ട്രാവൽ മാർട്ടിൻ്റെ വേദിയാകുന്നത്. വിനോദസഞ്ചാര മേഖലയിൽനിന്നുള്ള നൂറോളം സ്ഥാപനങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ക്ഷണിക്കപ്പെട്ട അഞ്ഞൂറോളം ടൂർ ഓപ്പറേറ്റർമാർക്ക് മുൻപാകെ മേളയിൽ അവതരിപ്പിക്കും. ആകർഷകമായ നോർത്ത് മലബാർ ടൂറിസം സർക്യൂട്ടുകൾ മേളയിൽ ആവിഷ്കരിക്കും. സ്പിരിച്വൽ ടൂറിസം, ക്രൂയിസ് ടൂറിസം, ഹെൽത്ത് ടൂറിസം, മൈസ് ആൻ്റ് വെഡ്ഡിംഗ് ടൂറിസം, വെൽനസ്സ് ടൂറിസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും സംഘടിപ്പിക്കും.
കൂടാതെ, നോർത്ത് മലബാറിൻ്റെ രുചി വൈവിധ്യം, സാംസ്കാരിക തനിമ, നാടൻ കലാരൂപങ്ങൾ എന്നിവയും ടൂർ ഓപ്പറേറ്റർമാർക്ക് പരിചയപ്പെടുത്തും. ട്രാവൽ ബസാറിൻ്റെ ഭാഗമായി പ്രമുഖ ടൂറിസം സ്ഥാപനങ്ങളുടെ ബിസിനസ് പ്രസൻ്റേഷനും നോർത്ത് മലബാറിൻ്റെ മേന്മ വിളിച്ചോതുന്ന കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ഞൂറോളം ടൂർ ഓപ്പറേറ്റർമാരും ഉത്തര മലബാറിലെ ടൂറിസം സംരംഭകരും ബി2ബി മീറ്റിംഗിൽ പങ്കെടുക്കും.
ഉത്തര മലബാറിലേക്കുള്ള എയർലൈൻ കണക്ടിവിറ്റി പരമാവധി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ സി. ദിനേശ് കുമാർ പറഞ്ഞു. വിനോദ സഞ്ചാരികൾക്കുവേണ്ട പരമാവധി സൗകര്യങ്ങൾ കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ഉറപ്പുവരുത്തുന്നുണ്ട്. ഉത്തര മലബാറിലെ ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകുമെന്നും ദിനേശ് കുമാർ കൂട്ടിച്ചേർത്തു.
മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ടൂർ ഓപ്പറേറ്റർമാർക്ക് ഉത്തര മലബാറിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ അവസരമൊരുക്കുകയാണ് ട്രാവൽ ബസാറിലൂടെ ലക്ഷ്യമിടുന്നതെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് ടി.കെ. രമേശ് കുമാർ പറഞ്ഞു. ഉത്തര മലബാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കി വർദ്ധിപ്പിക്കാനുള്ള ലക്ഷ്യം മുന്നിൽവെച്ചാണ് പ്രവർത്തിക്കുന്നതെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സി. അനിൽ കുമാർ പറഞ്ഞു.
ഹോം സ്റ്റേകൾ മുതൽ വൻകിട റിസോർട്ട് ഗ്രൂപ്പുകൾ വരെ അണിനിരക്കുന്ന നോർത്ത് മലബാർ ട്രാവൽ ബസാർ സംരംഭകർക്കും സന്ദർശകർക്കും ഒരു നവ്യാനുഭവം നൽകുമെന്ന് നോർത്ത് മലബാർ ട്രാവൽ ബസാർ സി.ഇ.ഒ. സിജി നായർ പറഞ്ഞു. സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ശരിയായി മാർക്കറ്റ് ചെയ്യാനുള്ള വർക്ക്‌ഷോപ്പും ട്രാവൽ ബസാറിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
രണ്ടുദിവസം നീളുന്ന മേളയിൽ പ്രമുഖ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹൗസ് ബോട്ടുകൾ, ആയുർവേദ പഞ്ചകർമ്മ സ്ഥാപനങ്ങൾ, ട്രാവൽ ഏജൻസികൾ, ടൂർ പ്ലാനർമാർ, മൈസ് പ്ലാനേഴ്സ്, ആശുപത്രികൾ, ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് ഏജൻസികൾ, ഫാം ടൂറിസം പ്രൊമോട്ടേഴ്സ് തുടങ്ങിയവർ തങ്ങളുടെ സ്റ്റാളുകൾ സജ്ജീകരിക്കും. രണ്ടാം ദിവസം പൊതുജനങ്ങൾക്ക് വിവിധ സ്റ്റാളുകൾ സന്ദർശിക്കാനും ആകർഷകമായ പാക്കേജുകൾ സൗജന്യ നിരക്കിൽ നേരിട്ട് ബുക്ക് ചെയ്യാനും അവസരം ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണെങ്കിലും രജിസ്ട്രേഷൻ നിർബന്ധമാണ്.
ഉത്തര മലബാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സാധ്യതകൾ ആഗോള വിനോദ സഞ്ചാരികൾക്ക് മുൻപിൽ അവതരിപ്പിച്ച് നോർത്ത് മലബാർ മേഖലയുടെ വിനോദ സഞ്ചാര കുതിപ്പിന് ആക്കം കൂട്ടുകയാണ് ട്രാവൽ ബസാർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഉത്തര മലബാറിലെ ടൂറിസം സംരംഭകരെ ഒരു കുടക്കീഴിൽ അണിനിരത്തി സംഘടിതരാക്കുക, പരമാവധി സംരംഭകരെ ഈ മേഖലയിൽ സൃഷ്ടിക്കുക, ടൂറിസം മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി ഉത്തര മലബാറിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്നിവയും ഈ മേളയുടെ ലക്ഷ്യങ്ങളാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www(dot)nmtb(dot)in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ 9947733339/9995139933. Email: northmalabartravelbazar@gmail(dot)com. വാർത്താസമ്മേളനത്തിൽ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ രക്ഷാധികാരി പത്മശ്രീ എസ്.ആർ.ഡി. പ്രസാദ്, കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ സി. ദിനേശ് കുമാർ, നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ പ്രസിഡൻ്റ് ടി.കെ. രമേശ് കുമാർ, സിജി നായർ (സി.ഇ.ഒ. മെട്രോ മാർട്ട്), സി. അനിൽ കുമാർ (സെക്രട്ടറി, നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ), സച്ചിൻ സൂര്യകാന്ത് (വൈസ് പ്രസിഡൻ്റ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്), കെ. നാരായണൻ കുട്ടി (ട്രഷറർ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്), ടി.വി. മധുകുമാർ (വൈസ് പ്രസിഡൻ്റ്, നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ), കെ.കെ. പ്രദീപ് (വൈസ് പ്രസിഡൻ്റ്, നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ) എന്നിവർ പങ്കെടുത്തു.
ഉത്തര മലബാർ ടൂറിസത്തിന് ഉണർവേകുന്ന ഈ ട്രാവൽ ബസാറിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.
Article Summary: North Malabar Travel Bazaar to boost tourism in Kannur.
#KeralaTourism #KannurAirport #TravelBazaar #NorthMalabar #TourismKerala #KeralaNews
