Analysis | ആലുവ വരെയുള്ള മെട്രോ നേര്യമംഗലം വരെ നീട്ടിയാൽ മൂന്നാർ യാത്ര സുഗമമായേനേ; ആസ്വദിക്കാനും പറ്റും; അതുണ്ടാകുമോ?
* ടൂറിസം വികസനത്തിന് ഇത് എങ്ങനെ സഹായിക്കും
* അഡ്വ. അന്നമ്മ ഫിലിപ്പിന്റെ നിർദേശങ്ങൾ
* ആലുവ-നേരിയമംഗലം റെയിൽപ്പാതയുടെ പ്രാധാന്യം
(KVARTHA) ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് ഈ കൊച്ചു കേരളത്തിലെ മൂന്നാർ. മൂന്നാർ ഒരുവട്ടം കണ്ടാൽ പിന്നെ പലരെയും അവിടം കൊണ്ട് കാണിക്കുക എന്നത് എല്ലാ വിനോദസഞ്ചാരികളുടെയും ഒരു ആഗ്രഹം തന്നെയാണ്. പ്രകൃതിസൗന്ദര്യം വരിഞ്ഞൊഴുകി മഞ്ഞു പുതച്ച് കിടക്കുന്ന മൂന്നാറിൻ്റെ തണുപ്പ് ഏറ്റ് ഒരു ദിവസം എങ്കിലും അവിടെ കഴിയാൻ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കം.
അത്രയ്ക്ക് മനോഹാരിയാണ് കേരളത്തിൻ്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ. തേയിലയ്ക്കും ഏലത്തിനും ഒക്കെ പേരുകേട്ട ഒരു സ്ഥലം കൂടിയാകുന്നു ഈ മൂന്നാർ. ഈ പച്ചവിരിച്ച് കിടക്കുന്ന മൂന്നാർ കാണാൻ അവധിക്കാലങ്ങളിൽ ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്ന് അനേകായിരം വിനോദസഞ്ചാരികളാവും ഓരോ ദിനവും ഇവിടെയെത്തുക. ഇതിനടുത്ത് തന്നെയാണ് ഇരവികുളം നാഷണൽ പാർക്കും ആനമുടിയും ഒക്കെ ഉള്ളത്.
ഇരവികുളം നാഷൽ പാർക്ക് പ്രധാനമായും വരയാടുകളെ കേന്ദീകരിച്ചാണ് ഇരിക്കുന്നത്. വരയാടുകൾ കൂട്ടമായി വസിക്കുന്ന സ്ഥലം കൂടിയാകുന്നു ഈ ദേശീയ ഉദ്യാനം. കേരളത്തോടും തമിഴ് നാടിനോടും ചേർന്നു കിടക്കുന്ന മൂന്നാറിൽ എത്തുക എന്നത് ഇപ്പോൾ വിനോദസഞ്ചാരികളെ ചേർത്തു പറഞ്ഞാൽ ഏറെ ദുഷ്ക്കരമാണ്. ഇവിടേയ്ക്ക് എത്താൻ ട്രെയിനോ വിമാനമോ ഒന്നും തന്നെ ഇല്ല. എന്നാൽ ഇവ രണ്ടും വേണ്ട ഒരു സ്ഥലം കൂടിയാകുന്നു മൂന്നാർ. ഏതൊരു വിനോദസഞ്ചാരിക്കും മൂന്നാറിൽ എത്താൻ റോഡിനെ തന്നെ ആശ്രയിക്കണം എന്നതാണ് അവസ്ഥ.
വലിയ കയറ്റവും കൊടും വളവുകളും ഒക്കെ താണ്ടിയാലെ മൂന്നാറിൽ എത്തുകയുള്ളു. മൂന്നാറിന് അടുത്തുവരെ ഒരു റെയിൽ വേ സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിൽ ഈ സ്ഥിതിയ്ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമായിരുന്നു. എറണാകുളത്തു നിന്ന് മൂന്നാറിനടുത്ത് എറണാകുളം ജില്ലയിൽ ഉള്ള നേര്യമംഗലം വരെ ഒരു റെയിൽപ്പാത വന്നിരുന്നെങ്കിൽ അത് മൂന്നാറിന് മറ്റൊരു തലത്തിൽ എത്തിക്കുമായിരുന്നു. അതുമായി ബന്ധപ്പെട്ട് അഡ്വ. അന്നമ്മ ഫിലിപ്പ് എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്:
മിനിഞ്ഞാന്ന് എറണാകുളത്തിൽ നിന്നും കോതമംഗലം കോടതി വരെ പോകണം. ആലുവ കൂടി കോതമംഗലത്തേക്കുള്ള ദൂരം 50 കിലോമീറ്ററാണ്. മൂവാറ്റുപുഴ കൂടി 52 കിലോമീറ്ററോളവും! യാത്ര സമയം ചുരുങ്ങിയത് 2 മണിക്കൂർ, ആലുവ കൂടി പോയാൽ എപ്പോൾ എത്തുമെന്ന് പറയാനും പറ്റില്ല. വൈറ്റില ചെന്ന് മുവാറ്റപുഴക്ക് ബസ് കയറി, അവിടെ നിന്നും കോതമംഗലം, രണ്ട് മണിക്കൂർ ! ഇന്നലെ തൃശ്ശൂർക്ക് പോകണം.
ദൂരം 75 കിലോ മീറ്റർ, 8.45 ന് പാലരുവി എറണാകുളം നോർത്തിൽ നിന്നും, 10 മണിക്ക് തൃശ്ശൂർ എത്തി. ബസ് ആണെങ്കിലും രണ്ട് മണിക്കൂർ മതിയാവും. കോതമംഗലത്ത് നിന്നും 17 കിലോമീറ്റർ പോയാൽ നേര്യമംഗലം എത്തും. സഹൃൻ്റെ പടിവാതിലായ ആദ്യ മലയിറങ്ങുമ്പോൾ ഉള്ള ചെറു ടൗൺ ! അവിടുന്നങ്ങോട്ട് മനോഹാരിത നിറച്ചു വെച്ചിരിക്കുന്ന ഇടുക്കിയിലെ ഏത് സ്പോട്ടിലേക്കും പോകാം. പക്ഷേ നേരിയ മംഗലം പാലം കടക്കണം !
പിന്നീടങ്ങോട്ട് കയറ്റവും വളവും മാത്രം എങ്കിലും എറണാകുളത്ത് നിന്നും നേരിയ മംഗലം വരെയുള്ള യാത്രയെക്കാൾ സമയക്കുറവും, വിരസത കുറവും! നേരിയ മംഗലം വരെ എങ്കിലും റെയിൽവേ ഉണ്ടായിരുന്നെങ്കിൽ യാത്ര സുഗമമായേനേ! ആലുവ വരെയുള്ള മെട്രോ നേരിയ മംഗലം വരെ ആക്കിയാൽ ടൂറിസം രംഗത്ത് എത്ര മാറ്റം വരും. കോതമംഗലം മുതൽ അങ്ങോട്ട് പ്രകൃതി സ്നേഹികളായ സഞ്ചാരികളുടെ ഇഷ്ട വിനോദ കേന്ദ്രങ്ങളാണ്.
പല സീസണുകളിൽ ലോകത്തെ പല രാജ്യങ്ങളിൽ നിന്നും വരെ സഞ്ചാരികൾ വരികയും താമസിക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ! മുന്നോ നാലോ വർഷം എടുക്കുമെങ്കിലും അത് മൂലം അന്യ സംസ്ഥാന തൊഴിലാളികളും, സഞ്ചാരികളും, നാട്ടുകാരും ഗുണം അനുഭവിക്കും. 7 വർഷങ്ങൾ കൊണ്ട് കൊച്ചി മെട്രോ നേട്ടമാവുകയും കൊച്ചിക്ക് തിലക കുറിയായി നിൽക്കുകയും ചെയ്യുന്നു! സ്വപ്നം കാണാൻ അറിയുന്ന / നടപ്പിൽ വരുത്തുന്ന ആത്മസമർപ്പണം ഉള്ള ഭരണാധികാരികളെ ഇല്ലാതാക്കി കഴിഞ്ഞു. എങ്കിലും ഇനിയും ഉണ്ടാവും, നാടിൻ്റെ ഉന്നമനം ലക്ഷ്യം വെക്കുന്നവർ ! ഉണ്ടാവട്ടെ!
നാടിൻ്റെ വികസനത്തിന് മുതൽക്കൂട്ട്
ഇതാണ് ആ കുറിപ്പ്. വളരെ ശരിയായ കാര്യമാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. ആലുവായിൽ നിന്ന് മെട്രോ കോതമംഗലത്തിനടുത്തുള്ള നേര്യമംഗലം വരെ നീട്ടിയാൽ വലിയ തോതിൽ ടൂറിസ്റ്റുകൾക്ക് ഇടുക്കിയുടെ മനോഹാരിത ആസ്വദിക്കാൻ കഴിയുമായിരുന്നു. നെടുമ്പാശേരിയി വിമാനത്താവളത്തിൽ എത്തുന്നവർക്കും മൂന്നാറും സമീപ പ്രദേശങ്ങളും സന്ദർശിക്കാൻ ഈ മെട്രോ റെയിൽ ഉപകാരപ്പെടുമായിരുന്നു.
അതിനുള്ള തയ്യാറെടുപ്പ് കേന്ദ്രവും സംസ്ഥാന ഗവൺമെൻ്റും എടുത്താൽ നാടിൻ്റെ വികസനത്തിനും ഇത് ഒരു മുതൽക്കൂട്ട് ആകുമായിരുന്നു. ആലുവായിൽ നിന്ന് നേര്യമംഗലം റെയിൽ യാഥാർത്ഥ്യമാകുമോ ?. കാത്തിരുന്ന് കാണാം. എങ്കിൽ നമ്മുടെ സംസ്ഥാനം ഒരു വലിയ മുന്നേറ്റത്തിനാകും സാക്ഷ്യം വഹിക്കുക