Travel Guide | ആൻഡമാൻ നിക്കോബാർ ദ്വീപിലെ കാണേണ്ട കാഴ്ചകളും വിശേഷങ്ങളും
● നൂറ്റാണ്ടുകളായി തദ്ദേശീയ ഗോത്രങ്ങളുടെ ആവാസ കേന്ദ്രമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.
● പോർട്ട് ബ്ലെയറിലെ നരവംശശാസ്ത്ര മ്യൂസിയം ദ്വീപിലെ തദ്ദേശീയ സമൂഹങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു.
● മറ്റെല്ലാ ദ്വീപുകളെയും പോലെത്തന്നെ അതിസുന്ദരമായ സൂര്യാസ്തമയക്കാഴ്ച ഇവിടെയും ആസ്വദിക്കാം.
റോക്കി എറണാകുളം
(KVARTHA) ആൻഡമാൻ നിക്കോബാർ ദ്വീപിനെക്കുറിച്ച് കേൾക്കാത്തവർ ആരും തന്നെയുണ്ടാകുമെന്ന് തോന്നുന്നില്ല. അത്രമാത്രം അവധിക്കാല യാത്രകള്‍ക്ക് വേണ്ട ചേരുവകള്‍ എല്ലാം ചേര്‍ന്നൊരു സുന്ദരലോകമാണ് ഇവിടം എന്നതാണ് വാസ്തവം. നയനമനോഹരങ്ങളായ ഒരുപാട് കാഴ്ചകൾ ആസ്വദിക്കാൻ ഇവിടെ സ്വാധിക്കും. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബറിനും മെയ് മാസത്തിനും ഇടയിലാണ്. എങ്ങനെയാണ് ഇവിടെയ്ക്ക് എത്താൻ സാധിക്കുക. ആൻഡമാൻ നിക്കോബാർ ദ്വീപീലെ പ്രധാനപ്പെട്ട കാഴ്ചകളും വിശേഷങ്ങളും എന്തൊക്കെയാണ്?
തദ്ദേശീയ സംസ്കാരവും ഗോത്രങ്ങളും
നൂറ്റാണ്ടുകളായി തദ്ദേശീയ ഗോത്രങ്ങളുടെ ആവാസ കേന്ദ്രമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. അവരുടെ സംസ്കാരങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും മനസ്സിലാക്കുന്നത് അമൂല്യമായ ഒരു അനുഭവമാണ്. പോർട്ട് ബ്ലെയറിലെ നരവംശശാസ്ത്ര മ്യൂസിയം ദ്വീപിലെ തദ്ദേശീയ സമൂഹങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. ഇവിടങ്ങളില്‍ പോകുമ്പോള്‍ അവരുടെ സ്വകാര്യതയെ മാനിക്കേണ്ടത് പ്രധാനമാണ്.
സൂര്യാസ്തമയങ്ങളും പ്രകൃതിദത്ത അദ്ഭുതങ്ങളും
മറ്റെല്ലാ ദ്വീപുകളെയും പോലെത്തന്നെ അതിസുന്ദരമായ സൂര്യാസ്തമയക്കാഴ്ച ഇവിടെയും ആസ്വദിക്കാം. 'പക്ഷി ദ്വീപ്' എന്നറിയപ്പെടുന്ന ചിഡിയ തപു, ബരാതംഗ് ദ്വീപിലെ ചുണ്ണാമ്പുകല്ല് ഗുഹകൾ, ദിഗ്ലിപൂരിലെ അഗ്നിപർവതങ്ങൾ തുടങ്ങിയവയെല്ലാം ആൻഡമാനിലെ പ്രകൃതിദത്ത അദ്ഭുതക്കാഴ്ചകളില്‍ പെടുന്നു.
പഞ്ചാരമണല്‍ ബീച്ചുകളും നീലക്കടലും
കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന സുന്ദരമായ വെളുത്ത മണലും ആകാശനീല നിറത്തില്‍ തെളിഞ്ഞ ജലവുമെല്ലാമുള്ള അതിമനോഹരമായ കടൽത്തീരങ്ങൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭംഗി കൂട്ടുന്നു. ഹാവ്‌ലോക്ക് ഐലൻഡിലെ രാധാനഗർ ബീച്ച്, കാലാപത്തർ ബീച്ച്, എലിഫന്‍റ് ബീച്ച് തുടങ്ങിയ ഇടങ്ങള്‍ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പവിഴപ്പുറ്റുകളുടെയും വൈവിധ്യമാർന്ന സമുദ്രജീവികളുടെയും കാഴ്ചകളും സ്നോർക്കെലിങ്ങും ഡൈവിങ്ങുമെല്ലാം ഇവിടങ്ങളില്‍ ആസ്വദിക്കാം
സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബറിനും മെയ് മാസത്തിനും ഇടയിലാണ്, ഈ സമയത്ത് കാലാവസ്ഥ സുഖകരവും ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് അനുയോജ്യവുമാണ്. കനത്ത മഴയും കടൽക്ഷോഭവും കാരണം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ കാലം ഒഴിവാക്കണം. പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് തലസ്ഥാന നഗരമായ പോർട്ട് ബ്ലെയറിലേക്ക് ഫ്ലൈറ്റുകൾ ലഭ്യമാണ്. ദ്വീപിനുള്ളില്‍ യാത്ര ചെയ്യാന്‍ ഫെറികളും സ്വകാര്യ ബോട്ടുകളുമുണ്ട്.
ചരിത്രപരമായ പ്രാധാന്യം
ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് വര്‍ഷങ്ങള്‍ നീണ്ട സമ്പന്നമായ ചരിത്രമുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ശിക്ഷാ കേന്ദ്രമായിരുന്ന പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ തീർച്ചയായും സന്ദര്‍ശിക്കേണ്ട ഇടമാണ്. 'കാലപാനി' എന്നറിയപ്പെടുന്ന ഈയിടം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശീയ സ്മാരകമാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്‍റെ ഉജ്വലമായ ഓർമപ്പെടുത്തലാണ് ഇവിടെ നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ദ്വീപുകളിൽ ആസ്വദിക്കാന്‍ ധാരാളമുണ്ട്.
ഇടതൂർന്ന വനങ്ങളിലൂടെയുള്ള ട്രെക്കിങ്, ചുണ്ണാമ്പുകല്ല് ഗുഹകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയും സ്നോർക്കലിങ്, സ്കൂബ ഡൈവിങ്, ജെറ്റ് സ്കീയിങ്, കയാക്കിങ് എന്നിവയുൾപ്പെടെയുള്ള ജല കായിക വിനോദങ്ങളും ഇവിടെ ആസ്വദിക്കാം. താല്‍പ്പര്യമുള്ളവര്‍ക്ക് ആഴക്കടൽ മത്സ്യബന്ധനത്തിലും ഒരു കൈനോക്കാം. പ്രകൃതി സൗന്ദര്യത്തിന്‍റെയും സമ്പന്നമായ ചരിത്രത്തിന്‍റെയും ലോകത്ത് മറ്റെവിടെയും കാണാത്തത്ര വൈവിധ്യമാർന്ന സമുദ്രജീവികളുടെയും പറുദീസയാണ് ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം.
അവധിക്കാല യാത്രകള്‍ക്ക് വേണ്ട ചേരുവകള്‍ എല്ലാം ചേര്‍ന്നൊരു സുന്ദരലോകമാണ് ഇവിടം. വിനോദയാത്രകൾ ഇഷ്ടപ്പെടുന്നവർ ഇവിടം തീർച്ചയായും സന്ദർശിക്കാൻ ശ്രദ്ധിക്കുക. സഞ്ചാരികൾക്ക് ഒരു പുതു അനുഭവം ഈ ദ്വീപ് പ്രദാനം ചെയ്യും.
#AndamanIslands, #NicobarIslands, #TourismGuide, #AdventureSports, #NatureTravel, #HistoricalPlaces