കിലുക്കത്തിലെ കാഴ്ചകളിലേക്ക് ഒരു തീവണ്ടി യാത്ര: മേട്ടുപ്പാളയം - ഊട്ടി റൂട്ട്


● 46 കി.മീറ്റർ ദൂരം 5 മണിക്കൂറിനടുത്ത് സഞ്ചരിക്കും.
● 16 തുരങ്കങ്ങളും 250 പാലങ്ങളും ഈ റൂട്ടിലുണ്ട്.
● ഇതൊരു യുനെസ്കോ പൈതൃക സ്ഥലമാണ്.
● കൂനൂർ വരെ നീരാവി എഞ്ചിനാണ് ഉപയോഗിക്കുന്നത്.
ലിൻ്റാ മരിയാ തോമസ്
(KVARTHA) മലയാളത്തിലെ കിലുക്കം എന്ന സിനിമയിൽ മേട്ടുപ്പാളയം - ഊട്ടി ടോയ് ട്രെയിൻ യാത്രയാണ് ഏറ്റവും കൂടുതൽ കാണിച്ചിരിക്കുന്നത്. ആ സിനിമ കണ്ടവരെല്ലാം ഒരിക്കലെങ്കിലും ഇതുവഴി സഞ്ചരിക്കാൻ ആഗ്രഹിച്ചിട്ടുണ്ടാകും.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ടുകളിൽ ഒന്നാണ് നീലഗിരി മൗണ്ടൻ റെയിൽവേ - മേട്ടുപ്പാളയം മുതൽ ഊട്ടി വരെ നീലഗിരി കുന്നുകളുടെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്ര.
ഊട്ടി ടോയ് ട്രെയിൻ ടിക്കറ്റ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്, ഊട്ടി ട്രെയിൻ യാത്രയിൽ അറിയേണ്ടതെല്ലാം - ഇവയൊക്കെയാണ് ഇവിടെ വിവരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ നീലഗിരി മലനിരകളിലൂടെ മേട്ടുപ്പാളയത്തിൽ നിന്നും ഊട്ടിയിലേക്ക് പോകുന്ന ടോയ് ട്രെയിൻ (Nilgiri Mountain Railway) ആണ്. 46 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 5 മണിക്കൂർ ആവശ്യമാണ്. വനങ്ങളിലൂടെയും വെള്ളച്ചാട്ടങ്ങളിലൂടെയും 16 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 കുത്തനെയുള്ള വളവുകൾ എന്നിവയിലൂടെയും ട്രെയിൻ കടന്നുപോകുന്നു.
യുനെസ്‌കോയുടെ പൈതൃക സ്ഥലങ്ങളിലൊന്നായ നീലഗിരി മൗണ്ടൻ റെയിൽവേയിൽ (ഊട്ടി) യാത്ര ചെയ്യാനായി പോകുന്നവർക്ക് വേണ്ടി, തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ നിന്നും 35 കിലോമീറ്റർ മാറി മേട്ടുപ്പാളയത്തിൽ നിന്നാണ് ട്രെയിൻ കയറേണ്ടത്. എല്ലാ ദിവസവും രാവിലെ 7.10 നാണ് ഉദഗമണ്ഡലത്തിലേക്ക് (ഊട്ടി) പുറപ്പെടുക, 4 മണിക്കൂർ 45 മിനിറ്റ് കൊണ്ട് യാത്ര ചെയ്ത് 11.55 ന് തന്നെ ട്രെയിൻ ലക്ഷ്യ സ്ഥാനത്ത് എത്തുന്നു.
ഒരുപാട് പ്രത്യേകതകളുള്ളൊരു റൂട്ടാണിത്. നീരാവി ഉപയോഗിച്ചാണ് ലോക്കോമോട്ടീവ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഏക റാക്ക് റെയിൽവേയായ ഇത് മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിലുള്ള ഈ പാതയിൽ, കുത്തനെയുള്ള ചരിവുകൾ കയറാൻ എബിടി റാക്ക് ആൻഡ് പിനിയൻ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്. നീലഗിരി ജില്ലയിലെ ഈ മീറ്റർ ഗേജ് റെയിൽവേ 1908-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്.
ഇതിൻ്റെ പ്രധാന സവിശേഷതകൾ...
● ആകെ ദൂരം: 46 കി.മീ,
● സ്റ്റേഷനുകളുടെ എണ്ണം: 10,
● റാക്ക് & പിനിയൻ (എബിടി) സിസ്റ്റം: 19.50 കി.മീ,
● വളവുകളുടെ എണ്ണം: 209,
● തുരങ്കങ്ങളുടെ എണ്ണം: 16,
● പാലങ്ങളുടെ എണ്ണം: 250 എന്നിവയാണ്.
യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അത്യാവശ്യം ലഘുഭക്ഷണം കയ്യിൽ കരുതുന്നത് നല്ലതായിരിക്കും. കൂടാതെ യാത്രക്കിടയിൽ ഹിൽഗ്രോവ് എന്ന സ്റ്റേഷനിൽ യാത്രക്കാർക്ക് ലഘുഭക്ഷണം ലഭിക്കുന്ന ഒരു സ്ഥലവും കൂടിയാണ്. കൂടാതെ നീരാവി ഉപയോഗിച്ച് ഓടുന്നതിനാൽ റണ്ണീമീഡ്, ഹിൽഗ്രാവ് സ്റ്റേഷനുകളിൽ വാട്ടർ സ്റ്റോപ്പുമുണ്ട്. കൂനൂർ എത്തുന്നത് വരെയുള്ള എല്ലാ സ്റ്റേഷനിലും ട്രെയിൻ നിർത്തുന്നതിനാൽ യാത്രക്കാർക്ക് ഇറങ്ങി ഫോട്ടോ എടുക്കാനും സാധിക്കും.
ഇനി ഇതിൽ എങ്ങനെ പോകാം?
രണ്ട് മാസം മുന്നേ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇല്ലെങ്കിൽ ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്. ടിക്കറ്റ് നിരക്ക്: METTUPALAYAM TO UDAGAMANDALAM Train Number- 56136, Second Sitting - ₹295, First Class- ₹600. ഇതിൽ യാത്ര ചെയ്യുന്ന തലേ ദിവസം എടുക്കാവുന്ന തത്കാൽ സൗകര്യവുമുണ്ട് (യാത്രയുടെ തലേ ദിവസം രാവിലെ 11 മണിക്ക് എടുക്കാവുന്നതാണ്). Second Sitting - ₹310 (14 സീറ്റുകൾ മാത്രം, First Class ന് തത്കാൽ ഇല്ല).
ഇനി ഓൺലൈൻ ടിക്കറ്റ് അല്ലാതെ അവിടെ പോയി ജനറൽ ടിക്കറ്റ് എടുത്ത് പോകാനുള്ള സൗകര്യവുമുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന് രാവിലെ 3 മണി മുതലേ ക്യൂ നിന്ന് ടോക്കൺ പ്രകാരം ടിക്കറ്റ് എടുക്കാവുന്നതാണ്, പരിമിതമായ ടിക്കറ്റുകൾ മാത്രമേ ഉണ്ടാകൂ - അതായത് 28 മുതൽ 40 വരെയുള്ള കണക്കിൽ. അതിനാൽ തന്നെ കൂടുതൽ പേർക്കും ടിക്കറ്റ് കിട്ടാതെ തിരിച്ച് പോരേണ്ടി വരും, പലരും മേട്ടുപ്പാളയത്ത് തലേ ദിവസം വന്ന് താമസിക്കുന്നവരുമുണ്ട്. അതുകൊണ്ട് ടിക്കറ്റ് മുൻകൂട്ടി നേരത്തേ ബുക്ക് ചെയ്യുക.
മേട്ടുപ്പാളയത്ത് രാവിലെ വരാൻ കോയമ്പത്തൂർ ഭാഗത്ത് നിന്നും ചെന്നൈയിൽ നിന്നും വരുന്ന നീലഗിരി എക്സ്പ്രസ്സ് കിട്ടുന്നതാണ്. മേട്ടുപ്പാളയത്ത് നിന്നും കയറുമ്പോൾ ഇടത് വശം ചേർന്നാണ് കൂടുതൽ കാഴ്ചകൾ ഉണ്ടാവുക. മേട്ടുപ്പാളയം മുതൽ കൂനൂർ വരെ നീരാവി എഞ്ചിനും കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിനുമായിരിക്കും.
ഇനി ഇതിൽ ടിക്കറ്റ് കിട്ടാത്തവർക്ക് ഊട്ടി മുതൽ കൂനൂർ വരെയുള്ള സർവീസുകളിൽ എളുപ്പത്തിൽ ടിക്കറ്റ് കിട്ടുന്നതായിരിക്കും. പക്ഷേ പ്രകൃതി ഭംഗി അത് കാണണമെങ്കിൽ മേട്ടുപ്പാളയത്ത് നിന്നും തന്നെ കയറണം.
ഇതിൻ്റെ ചരിത്രം
ഇന്ത്യയിലെ മലയോര തീവണ്ടിപ്പാതകളിൽ ഏറ്റവും പഴക്കമേറിയ ഒന്നാണ് ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസായ നീലഗിരി മൗണ്ടൻ റെയിൽവേ. 1854 കാലഘട്ടത്തിൽ ബ്രിട്ടീഷുകാരാണ് ഇതിൻ്റെ നിർമ്മാണം ആരംഭിച്ചത്. പിന്നീട്, 2005 ജൂലൈയിൽ യുനെസ്കോ നീലഗിരി മലയോര തീവണ്ടിപ്പാത ലോകപൈതൃകസ്മാരക പട്ടികയിൽപ്പെടുത്തി. ഡാർജിലിങ്ങിലെ ഹിമാലയൻ റെയിൽവേയേയും ഇതേപോലെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് തീവണ്ടി സഞ്ചരിക്കുന്നത്. നീലഗിരി ജില്ലയുടെ തലസ്ഥാനമായ ഊട്ടി, ‘ഉദഗമണ്ഡലം’ എന്ന പേരിലും പ്രശസ്തമാണ്. ഏറെക്കാലമായി ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹണിമൂൺ ഡെസ്റ്റിനേഷനാണ് ഇവിടം. അതുകൊണ്ടുതന്നെ ടോയ് ട്രെയിനിൽ ഒരിക്കലും ഒരു സീറ്റ് പോലും ഒഴിവുണ്ടാവാറില്ല.
ടോയ് ട്രെയിൻ ടിക്കറ്റുകൾ ഇന്ത്യൻ റെയിൽവേയുടെ www(dot)irctc(dot)co(dot)in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം. ഓൺലൈനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഒരു മണിക്കൂർ മുമ്പ് എത്തി റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കാം.
കമ്പ്യൂട്ടർവത്കൃത റിസർവേഷനുകൾ ഉണ്ടെങ്കിലും, ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങുകയാണെങ്കിൽ കമ്പ്യൂട്ടർ പ്രിന്റ് ചെയ്ത ടിക്കറ്റുകൾക്ക് പകരം പഴയ കാർഡ് ടിക്കറ്റുകൾ ആയിരിക്കും ലഭിക്കുക. ബുക്കിംഗ് വിൻഡോയിൽ ഒരാൾക്ക് 4 ടിക്കറ്റുകളിൽ കൂടുതൽ നൽകില്ലെന്ന് ഓർമ്മിക്കുക.
മേട്ടുപ്പാളയത്തിൽ നിന്ന് ഉദഗമണ്ഡലത്തിലേക്കുള്ള 56136 നമ്പർ ടോയ് ട്രെയിൻ രാവിലെ 7.10 ന് മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട് 11:55 ന് ഉദഗമണ്ഡലത്തിലെത്തും. മടക്കയാത്രയിൽ ഉദഗമണ്ഡലത്തിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് 56137 നമ്പർ ട്രെയിൻ, ഊട്ടിയിൽ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 5:30 ന് മേട്ടുപ്പാളയത്ത് എത്തിച്ചേരും.
യാത്രയെ പ്രണയിക്കുന്നവർ തീർച്ചയായും പോകേണ്ട ഒന്നാണ് ഈ യാത്ര - മേട്ടുപ്പാളയം മുതൽ ഊട്ടി വരെ നീലഗിരി കുന്നുകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാം.
ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ യാത്രയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ് കൂടുതൽ പേരും ഈ യാത്ര തിരഞ്ഞെടുക്കുന്നത്. അത്രയ്ക്ക് മനോഹരമാണ് ഈ യാത്രയിലെ കാഴ്ചകൾ. സാധിക്കുന്നവർ ഒരിക്കലെങ്കിലും ഇതുവഴി സഞ്ചരിക്കാൻ ശ്രദ്ധിക്കുക.
ഈ മനോഹരമായ യാത്രാനുഭവം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ! നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: The Mettupalayam-Ooty toy train journey through the Nilgiri Mountains, featured in the movie Kilukkam, is a scenic experience. The article details how to book tickets and essential travel information for this slow-moving UNESCO World Heritage railway, which traverses through tunnels, bridges, and offers breathtaking views.
#OotyTrain, #NilgiriRailway, #ToyTrain, #Mettupalayam, #ScenicJourney, #IndianRailways