ഒരിക്കലെങ്കിലും പോകണം ഈ അത്ഭുതലോകത്തേക്ക്: പ്രകൃതിയുടെ അപൂർവ്വ സൃഷ്ടി; മണിപ്പൂരിലെ പൊങ്ങിക്കിടക്കുന്ന ദേശീയോദ്യാനം

 
Floating islands in Keibul Lamjao National Park, Manipur.

Image Credit: Facebook/ NorthEast Guide

ADVERTISEMENT

● ചത്ത സസ്യജാലങ്ങളുടെ പൊങ്ങിക്കിടക്കുന്ന തുരുത്തുകളാണ് ഇവിടുത്തെ പ്രത്യേകത.
● സംഗായി മാനുകളുടെ ഏക സ്വാഭാവിക ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം.
● അണക്കെട്ട് നിർമ്മാണം തുരുത്തുകളുടെ നാശത്തിന് കാരണമാകുന്നു.
● ആക്രമണസ്വഭാവമുള്ള സസ്യങ്ങളും ഭീഷണിയാകുന്നു.

റോക്കി എറണാകുളം

(KVARTHA) നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനമായ മണിപ്പൂർ പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പ്രദേശമാണ്. അതുകൊണ്ടുതന്നെ മണിപ്പൂർ എന്ന് കേൾക്കുമ്പോൾ ഒരു പുതുമ തോന്നണമെന്നില്ല. എന്നാൽ ഈ സംസ്ഥാനത്തിന്റെ മാത്രം പ്രത്യേകതയായ ഒരുകാര്യം അധികമാർക്കും അത്ര പരിചിതമായിരിക്കില്ല. ലോകത്തിലെ തന്നെ ഒരേയൊരു ഫ്ലോട്ടിംഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് മണിപ്പൂരിലാണ്.

Aster_MIMS

മണിപ്പൂരിലെ ലോക്തക് തടാകത്തിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കെയ്‌ബുൾ ലാംജാവോ നാഷണൽ പാർക്ക് ആണ് ആ അത്ഭുതകരമായ ഫ്ലോട്ടിംഗ് വന്യജീവി സങ്കേതം. വിനോദസഞ്ചാരികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണിത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കെയ്‌ബുൾ ലാംജാവോ നാഷണൽ പാർക്കിന്റെ പ്രധാന പ്രത്യേകതകൾ താഴെക്കൊടുക്കുന്നു.

മണിപ്പൂരിലെ ലോക്തക് തടാകത്തിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കെയ്‌ബുൾ ലാംജാവോ നാഷണൽ പാർക്ക് ലോകത്തിലെ തന്നെ ഒരേയൊരു ഫ്ലോട്ടിംഗ് വന്യജീവി സങ്കേതമാണ്. ജൈവാവശിഷ്ടങ്ങൾക്ക് ഏറെ പേരുകേട്ട ഒരിടം കൂടിയാണ് ഈ തുരുത്ത്. തടാകത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ചത്തതും നശിച്ചുകൊണ്ടിരിക്കുന്നതുമായ സസ്യജാലങ്ങളുടെ ഒരു വലിയ പരവതാനിയാണിത്. ഇതിന്റെ അഞ്ചിലൊന്ന് ഭാഗം വെള്ളത്തിനു മുകളിലാണ്. ഉയരമുള്ള വള്ളികളും പുല്ലുകളും ഈ തുരുത്തുകളിൽ ധാരാളമായി വളരുന്നു. പലപ്പോഴും 15 അടി വരെയാണ് ഇവയുടെ ഉയരം.

സംഗായി അഥവാ ബ്രൗൺ ആന്‍റ്ലെർഡ് മാനുകളുടെ ലോകത്തിലെ ഏക സ്വാഭാവിക ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം. സംഗായി മാനുകൾ മണിപ്പൂരിന്റെ സംസ്ഥാന മൃഗം കൂടിയാണ്. എന്നാൽ ഇന്ന് ഈ പൊങ്ങിക്കിടക്കുന്ന തുരുത്തുകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇത് സംഗായിയുടെ ആവാസവ്യവസ്ഥയ്ക്ക് തന്നെ വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. 

ഇതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. ആക്രമണസ്വഭാവം കാണിക്കുന്ന ചില സസ്യജാലങ്ങൾ ഈ ജൈവപരവതാനിയിലേക്ക് അതിക്രമിച്ചു കയറുന്നു. പാർക്ക് പ്രദേശത്ത് ചില ആളുകൾ അതി അനധികൃതമായി കൃഷി നടത്തുന്നു. അതുപോലെതന്നെ വേട്ടയാടലും അനധികൃത മത്സ്യബന്ധനവും ഈ തുരുത്തുകൾ നശിക്കാൻ പ്രധാന കാരണമാകുന്നുണ്ട്.

വരണ്ട കാലാവസ്ഥയിൽ ഏകദേശം 240 ചതുരശ്ര കിലോമീറ്ററോളം പരന്നുകിടക്കുന്നതാണ് ഈ തടാകം. ഈ പൊങ്ങിക്കിടക്കുന്ന തുരുത്തുകളിലെ സസ്യങ്ങളുടെ വേരുകൾ തടാകത്തിന്റെ അടിത്തട്ടിലെത്തി ആവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കുന്നു. മഴക്കാലത്ത് ഇവ വീണ്ടും തഴച്ചുവളരുന്നു. എന്നാൽ 1980-കളിൽ നിർമ്മിച്ച Ithai Hydropower അണക്കെട്ടിന്റെ നിർമ്മാണത്തോടെ ഈ പ്രകൃതിദത്ത പ്രക്രിയക്ക് തടസ്സമുണ്ടായി. 

തടാകത്തിന്റെ ജലനിരപ്പ് വർഷം മുഴുവനും ഉയർന്ന നിലയിൽത്തന്നെ നിൽക്കാൻ തുടങ്ങി. ഇത് തുരുത്തുകൾക്ക് വെള്ളത്തിനടിയിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്നതിന് തടസ്സമുണ്ടാക്കുന്നു. മാനുകളുടെ ഭാരം താങ്ങാൻ പാകത്തിൽ കട്ടിയുള്ളതായി വളരാനും ഇവിടുത്തെ പച്ചപ്പിന് സാധിക്കാതെ വരുന്നു. ഇത് പതിയെപ്പതിയെ ഈ തുരുത്തുകൾ ഇല്ലാതാകുന്നതിന് കാരണമാകുന്നു.

യാത്രകളെയും പഠനത്തെയും ഇഷ്ടപ്പെടുന്നവർക്ക് ഈ പാർക്ക് ഒരു വലിയ അനുഭവമായിരിക്കും എന്നതിൽ സംശയമില്ല. വിനോദയാത്രയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലെങ്കിലും ഈ ഭാഗത്തേക്ക് ഒരു യാത്ര പോകാൻ സാധിക്കട്ടെ. അത് കൂടുതൽ അറിവ് നേടാൻ ഉപകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Keibul Lamjao National Park in Manipur's Loktak Lake is the world's only floating wildlife sanctuary, known for its unique floating biomass and being the natural habitat of the Sangai deer. However, it faces threats from invasive species, illegal farming, hunting, and the Ithai Hydropower dam.

#Manipur, #KeibulLamjao, #FloatingPark, #WildlifeSanctuary, #LoktakLake, #SangaiDeer

 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia