ഉല്ലാസ യാത്ര എങ്ങനെ ആസ്വാദ്യമാക്കാം? വിനോദയാത്രയ്ക്ക് പോകുമ്ബോൾ ഈ 17 കാര്യങ്ങൾ മറക്കല്ലേ!

 
Friends enjoying a group trip with planned activities
Friends enjoying a group trip with planned activities

Representational Image Generated by Meta AI

● കൂട്ടായ്മയ്ക്ക് മുൻകൂർ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുക
● യാത്രാ ലക്ഷ്യവും തീയതിയും ചർച്ചയിലൂടെ തീരുമാനിക്കുക
● യാത്രക്കിടയിലെ സമയം നിയന്ത്രിക്കണം
● ഭക്ഷണവസ്തുക്കൾ മുൻകൂട്ടി വാങ്ങി സൂക്ഷിക്കുക

(KVARTHA) ഉല്ലാസ യാത്ര എന്നത് എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യമാണ്. വിനോദയാത്ര ഇഷ്ടപ്പെടാത്ത ആരും തന്നെ ഇല്ല. എന്നാല്‍ നിരവധി ആളുകള്‍ക്ക് യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അത്രയേറെ തൃപ്തി അനുഭവപ്പെടാറില്ല. അതിന്റെ പ്രധാന കാരണം, കൃത്യമായ പ്ലാനിങ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നത്. ഇങ്ങനെ പോയാല്‍ യാത്രയുടെ ആസ്വാദനവും നഷ്ടപ്പെടുകയും അധിക ചെലവുകളും സംഭവിക്കുകയും ചെയ്യാം.

അതിനാല്‍ ടൂറിന് മുന്‍പ് തന്നെ അവയെക്കുറിച്ച് കൃത്യമായ പദ്ധതിയുണ്ടാക്കി എടുക്കുകയാണെങ്കില്‍ ഓരോ യാത്രകളും സുഖകരവും മനോഹരവുമാകും. അത്തരം കൃത്യമായ ഉല്ലാസ യാത്രയ്ക്ക് വേണ്ടിയുള്ള ചില പൊടിക്കൈകള്‍ താഴെ കൊടുക്കുന്നു:

1. നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരും നമ്മളോട് കൂടെ ഇണങ്ങി പോകുന്നവരും ആയിട്ടുള്ള ബന്ധുക്കളോ അല്ലാത്തവരോ ആയ സമാന മനസ്കരുടെ ഒരു വാട്സ്ആപ്പ് കൂട്ടായ്മ തുടങ്ങുക.

2. ആ ഗ്രൂപ്പിൽ ടൂർ പോകേണ്ട ഇടം ഏതാണ് എന്ന് ചർച്ചകൾ തുടങ്ങുക മാസങ്ങളോളം നീണ്ട ചർച്ചകൾ തന്നെ ഒരു ടൂർ പോകുന്നതിന്റെ സുഖവും സന്തോഷവും നമുക്ക് കിട്ടാൻ പ്രാപ്തമാണ്.

3. പോകേണ്ട ഇടവും തീയതിയും എല്ലാവരുടെയും സൗകര്യം അനുസരിച്ച് തീരുമാനിച്ച് ഉറപ്പിച്ചതിനു ശേഷം അവിടെ തങ്ങുവാനുള്ള റൂമും പോകുവാനുള്ള വാഹനവും ബുക്ക് ചെയ്യുക.

4. ഗ്രൂപ്പിൽ എങ്ങോട്ട് പോകണം എന്നൊക്കെയുള്ള ചർച്ചയുടെ അവസാനവാക്കും തീരുമാനങ്ങൾക്കും ശേഷം നമ്മൾ ഒരു അഡ്മിനെ തീരുമാനിച്ചാൽ പിന്നെ ടൂറിൽ മാറ്റം വരുത്തുവാൻ അഡ്മിന് മാത്രമേ അവകാശം ഉണ്ടായിരിക്കുകയുള്ളൂ. അല്ലെങ്കിൽ അത് തർക്കങ്ങളിൽ കലാശിക്കാൻ സാധ്യതയുണ്ട്.

5. മലകൾ നിറഞ്ഞ ഇടങ്ങളിലേക്ക് ആണ് പോകുന്നതെങ്കിൽ നമ്മൾ ബുക്ക് ചെയ്യുന്ന റൂം നമ്മുടെ വാഹനത്തിന് സുഗമമായി ചെല്ലാവുന്ന ഇടത്താണോ എന്ന് പ്രത്യേകം ചോദിച്ചു മനസ്സിലാക്കുക. അവിടെ ഭക്ഷണം പാകം ചെയ്യാനുള്ള സംവിധാനം ഉണ്ടോ എന്നും ചോദിച്ചറിയുക.

6. തണുപ്പുള്ള ഇടങ്ങളിലേക്ക് ആണ് യാത്ര പോകുന്നത് എങ്കിൽ വസ്ത്രങ്ങൾക്ക് മുകളിൽ ഇടാനുള്ള കോട്ട് നിർബന്ധമായി വേണം. ആയതിനാൽ അധികം വസ്ത്രങ്ങൾ വാരിവലിച്ച് കൊണ്ടുപോകേണ്ട ആവശ്യം ഇല്ല. പരമാവധി വസ്ത്രങ്ങൾ ചുരുക്കി ഉപയോഗിക്കുവാൻ ശ്രമിക്കുക. വിവിധ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോ എടുക്കണമെന്നുള്ളവർക്ക് ഇഷ്ടം പോലെ കൊണ്ടു പോവാം.

7. ഗ്രൂപ്പിലുള്ള വ്യക്തികൾക്ക് ചായ കാപ്പി ഹോർലിക്സ് പാലും വെള്ളം ലൈറ്റ് ചായ വിത്തൗട്ട് കാപ്പി തുടങ്ങി ഒരു നൂറായിരം വ്യത്യസ്ത ടേസ്റ്റുകൾ ഉണ്ടാവും ആയതിനാൽ ആർക്കൊക്കെ എന്താണ് വേണ്ടത് എന്ന് മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കി ഗ്രൂപ്പിൻറെ അഡ്മിൻ ഒരു കടലാസിൽ പകർത്തി വയ്ക്കുകയാണെങ്കിൽ വഴിയോരത്ത് ചായക്കടയുടെ മുന്നിൽ കൺഫ്യൂഷൻ ഒഴിവാക്കി കൃത്യമായി ഓർഡർ ചെയ്യാൻ സാധിക്കുന്നത് മൂലം ഒത്തിരി സമയ ലാഭം കിട്ടും.

8. പരമാവധി സാമ്പത്തികം ലാഭിച്ചിട്ടുള്ള യാത്രകൾക്ക് വേണ്ടി തലേദിവസം തന്നെ ഗ്രൂപ്പിലെ ചിലർക്ക് ചോറ് വയ്ക്കാം -ചിലർക്ക് കറികൾ ഉണ്ടാക്കാം . രാവിലെ ഇഡ്ഡലി ഒരു കൂട്ടർക്ക് ഉണ്ടാക്കാം.  മറ്റൊരു കൂട്ടർ സാമ്പാറോ ചട്നിയോ ഉണ്ടാക്കാം അങ്ങിനെ രാവിലെയും ഉച്ചയ്ക്കും ഉള്ള ഭക്ഷണം നമുക്ക് തയ്യാറാക്കി കയ്യിൽ വയ്ക്കാം.  വലിയൊരു വാട്ടർ ക്യാൻ എടുത്താൽ വെള്ളത്തിനും ബുദ്ധിമുട്ടുണ്ടാവില്ല. രാത്രിയിലേക്കുള്ള ചപ്പാത്തി പാക്കറ്റുകൾ വാങ്ങി വയ്ക്കുക . നമ്മുടെ ഭക്ഷണ അവശിഷ്ടങ്ങളും ഡിസ്പോസിബിൾ പാത്രങ്ങളുടെ വേസ്റ്റുകളും സൂക്ഷിക്കാൻ ഒരു വലിയ പ്ലാസ്റ്റിക്കിന്റെ കിറ്റ് കയ്യിൽ കരുതുക.

9. നമ്മൾ തിരക്കുള്ള ഒരു ഹോട്ടലിൽ കയറുമ്പോൾ കൈ കഴുകാൻ പോലും നിൽക്കാതെ കസേരയിൽ വന്നിരിക്കണം. തുടർന്ന് നമുക്ക് ആവശ്യമുള്ള ഭക്ഷണം ഏതാണ് വേണ്ടത്  എന്ന് ഓർഡർ ചെയ്തതിനു ശേഷം പതിയെ എഴുന്നേറ്റ് കൈ കഴുകാനും ബാത്റൂമിലേക്കും ഒക്കെ പോകേണ്ടതാണ്.  അങ്ങനെയാണെങ്കിൽ കാലതാമസം വളരെയേറെ ഒഴിവാക്കാൻ സാധിക്കും.

10. തിരക്ക് പിടിച്ചിട്ടല്ലെങ്കിലും അനാവശ്യമായി ഓരോ ഇടങ്ങളിൽ സമയം നഷ്ടപ്പെടുത്താൻ ശ്രമിക്കാതിരിക്കുക.  ഒരുപക്ഷേ മറ്റൊരു ഇടം ആ സമയം കൊണ്ട് നമ്മൾക്ക് കാണാൻ സാധിക്കും. റീൽസ് ചെയ്യുന്ന കൂട്ടരുണ്ടെങ്കിൽ പിന്നൊന്നും പറയാനില്ല.

11. നമ്മൾ ചെല്ലുന്ന ദിവസം അൽപസമയം മാത്രമേ കാഴ്ചകൾക്ക് അവസരം ഉണ്ടാകു.  തുടർന്ന് റൂമിലേക്ക് പോകുന്നതിനു മുന്നേ കടയിൽ നിന്ന് ചിക്കനോ അല്ലെങ്കിൽ മുട്ടയോ കറി വയ്ക്കാനുള്ള എന്തെങ്കിലും വാങ്ങിക്കുകയാണെങ്കിൽ റൂമിൽ ചെന്ന് കറിയും നേരത്തെ വാങ്ങിച്ച ചപ്പാത്തിയും കഴിച്ച് സുഖമായി ഉറങ്ങാം.  പിറ്റേദിവസം ഉണ്ടാക്കാനുള്ള ഇഡ്ഡലി മാവ് വാങ്ങി കൊണ്ടു പോയാൽ അത്രയും ചിലവ് കുറയ്ക്കാം.

12. സമയം വളരെ വിലപ്പെട്ടത് ആയതിനാൽ ഒരുപാട് നേരം ഉറങ്ങി സമയം നഷ്ടപ്പെടുത്തരുത്.  ആദ്യം ഞാൻ തയ്യാറായി മുന്നിൽ നിൽക്കും എന്നുള്ള ഒരു തീരുമാനം ഓരോരുത്തരും എടുക്കേണ്ടതുണ്ട്. ബാത്റൂമിൽ കയറുമ്പോൾ ഒരുപാട് സമയം വൈകുന്നവർ അതിനനുസരിച്ച് കുറച്ചു നേരത്തെ എഴുന്നേറ്റ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രമിക്കുക.

13. ഓരോ ഇടങ്ങളിലും ചിലവഴിക്കുവാനുള്ള സമയം അഡ്മിൻ മുൻകൂട്ടി പറഞ്ഞു കൊടുക്കേണ്ടതാണ് . ഇത്ര സമയം ആകുമ്പോൾ വാഹനത്തിന് അടുത്തേക്ക് എത്തണമെന്ന് കർശനമായി നിർദ്ദേശം നൽകേണ്ടതുണ്ട്.

14. ചിലയിടങ്ങളിലെ പ്രത്യേക ഭക്ഷണം സ്വകാര്യ ചിലവുകൾ ചില റൈഡുകൾ ഇവയ്ക്കെല്ലാം സ്വന്തം കീശയിൽ നിന്ന് കാശ് എടുക്കേണ്ടതാണ്.

15. തിരിച്ചുപോരുമ്പോൾ ഉള്ള ആവേശമെല്ലാം  കുറയുമെങ്കിലും അധികം ഉറങ്ങാതെ ഡ്രൈവറെ ഉറക്കാതിരിക്കുവാനുള്ള പാട്ടുകളും നർമ്മ സംഭാഷണങ്ങളും ആയി ജാഗ്രതയോടെ യാത്ര പൂർത്തിയാക്കേണ്ടതാണ്.

16. തിരിച്ചെത്തി ഒരാഴ്ചയോളം ഗ്രൂപ്പിലെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും മറ്റു തമാശകൾ പങ്കുവയ്ക്കുവാനും സമയം കൊടുത്തതിനു ശേഷം അടുത്ത ടൂർ എങ്ങോട്ട് പ്ലാൻ ചെയ്യാം എന്നുള്ളതിന് ഒരു തീരുമാനം എടുക്കുകയും ഗ്രൂപ്പിൻറെ പേര് ആ യാത്രയുടെ പേരാക്കി മാറ്റുകയും വേണം.

17. നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളിൽ പലരും ഇത്തരം യാത്ര ചെയ്യുന്നവരെ പരിഹസിക്കാറാണ് പതിവ്. നൂറുകൂട്ടം കാര്യങ്ങൾ കിടക്കുമ്പോൾ ടൂർ നടക്കാൻ ഒന്നും നേരല്യ എന്നായിരിക്കും അവർ പറയുക.  അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഒക്കെ തീർന്നു ഒരു ദിവസം പോകാം എന്ന് കരുതുന്നവരും ഉണ്ടാകും . ഒന്നോർക്കുക ബുദ്ധിമുട്ടുകൾ തീർന്നു ഒരു യാത്ര നടക്കുമെന്ന് ചിന്തിച്ച് ജീവിതം വെറുതെ കളയണ്ട.
 
ഇനി ടൂർ പോകാനൊന്നും കാശ് നഷ്ടപ്പെടുത്താതെ കൂട്ടിവെച്ച വരോട്, ഒരു ചെറിയ അസുഖം വന്നാൽ പോലും ആ കാശ് നഷ്ടപ്പെടും എന്ന് മനസ്സിലാക്കുക. കുടുംബങ്ങളും ആയിട്ടുള്ള ഇത്തരം യാത്രകൾ അത് ചെറുതോ വലുതോ ആവട്ടെ അതിൽ നിന്നും കിട്ടുന്ന എനർജി മറ്റൊരു ഹെൽത്ത് ടോണിക്കിൽ നിന്നും ലഭിക്കില്ല. സംഘർഷം നിറഞ്ഞ ജീവിതത്തിൽ യാത്രകളാണ് ഏറ്റവും നല്ല മെഡിസിൻ എന്നത് മറക്കാതിരിക്കുക.
ഇത്രയും ആണ് ഒരു വിനോദയാത്രയ്ക്ക് വേണ്ട ഉല്ലാസ യാത്രാ പൊടിക്കൈകൾ. അപ്പോൾ എല്ലാവർക്കും സന്തോഷമായെന്ന് കരുതുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Proper planning, group coordination, and smart budgeting make leisure trips enjoyable and memorable.

#TravelTips #GroupTripPlanning #KeralaTourism #FunTravel #SmartTravel #BudgetTrip

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia