മലയോരത്തിൻ്റെ ടൂറിസം സ്വപ്‌നങ്ങൾക്കൊപ്പം ഓടാൻ രാജ്യാന്തര മാരത്തൺ


● 12.5 കിലോമീറ്ററാണ് പ്രധാന മാരത്തൺ ദൂരം.
● വിജയികൾക്ക് രണ്ടര ലക്ഷം രൂപയുടെ സമ്മാനത്തുക നൽകും.
● എല്ലാവർക്കും പങ്കെടുക്കാവുന്ന 'റൺ ഫോർ ഫൺ' മത്സരവും ഉണ്ടാകും.
● മത്സരാർത്ഥികൾക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി.
● പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ ലോകശ്രദ്ധയിലെത്തിക്കുകയാണ് ലക്ഷ്യം.
ഇരിക്കൂർ: (KVARTHA) നിയോജകമണ്ഡലത്തിലെ ടൂറിസത്തെ ലോകശ്രദ്ധയിലേക്ക് ആകർഷിക്കുന്നതിനായി ഡിടിപിസിയും ഇരിക്കൂർ ടൂറിസം ആൻഡ് ഇന്നൊവേഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന 'റൺ പാലക്കയംതട്ട് ഇരിക്കൂർ ടൂറിസം രാജ്യാന്തര മിനി മാരത്തണി'ൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ശനിയാഴ്ച (സെപ്തംബർ 13) രാവിലെ ആറിന് പയ്യാവൂരിൽ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. പുലിക്കുരുമ്പയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ സമ്മാനദാനം നിർവഹിക്കും.

12.5 കിലോമീറ്റർ ദൂരമുള്ള മിനി മാരത്തണിൽ എത്യോപ്യ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നും മധ്യപ്രദേശ്, രാജസ്ഥാൻ, ചണ്ഡിഗഢ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി നൂറുകണക്കിന് കായികതാരങ്ങൾ വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കും.
ജനപ്രതിനിധികൾ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, കലാ, കായിക രംഗങ്ങളിലെ പ്രമുഖരും മാരത്തണിൽ അണിനിരക്കും. ഇതിന് പുറമെ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുന്നതിനായി എല്ലാവർക്കും പങ്കെടുക്കാവുന്ന നാല് കിലോമീറ്റർ 'റൺ ഫോർ ഫൺ' മത്സരവും ഇതിൻ്റെ ഭാഗമായി നടക്കും.
സ്ത്രീ, പുരുഷൻ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളിലായി നടക്കുന്ന മാരത്തണിൽ 18–35 വയസ്, 36–45 വയസ്, 46 വയസ് മുതൽ മുകളിലോട്ട് എന്നീ പ്രായപരിധിയിൽ വിജയികളെ തിരഞ്ഞെടുക്കും. രണ്ടര ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളാണ് വിജയികൾക്ക് നൽകുക.
മാരത്തൺ പൂർത്തിയാക്കുന്ന മുഴുവൻ പേർക്കും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ, മത്സരം പൂർത്തിയാക്കുന്ന 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ക്യാഷ് പ്രൈസ് നൽകും.
എൻസിസി, എസ്പിസി, വിമുക്തഭടന്മാർ, യുവജന സംഘടനകൾ, മറ്റ് വിവിധ സംഘടനകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ഇരുന്നൂറോളം സന്നദ്ധപ്രവർത്തകർ മത്സരാർഥികൾക്ക് സൗകര്യമൊരുക്കുന്നതിനായി അണിനിരക്കും. മത്സരത്തിൻ്റെ സ്റ്റാർട്ട്, ഫിനിഷ് ലൈൻ, യൂ ടേണുകൾ എന്നിവ കായിക അധ്യാപകരുടെ നേതൃത്വത്തിൽ നിരീക്ഷിക്കും.
ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഡോക്ടർമാരടങ്ങിയ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് മാരത്തണിൻ്റെ മുന്നിലും പിന്നിലും സജ്ജമാക്കും. മാരത്തൺ റൂട്ടിൽ രണ്ട് കിലോമീറ്റർ ഇടവിട്ട് വാട്ടർ പോയൻ്റും ഫസ്റ്റ് എയ്ഡ് സംവിധാനവും ഉറപ്പാക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ സേനാവിഭാഗങ്ങളുടെ സഹായവുമുണ്ടാകും.
മാരത്തണിൽ പങ്കെടുക്കാനെത്തുന്ന കായികതാരങ്ങൾക്ക് പയ്യാവൂരിൽ എത്തിച്ചേരാൻ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും താമസ സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി പയ്യാവൂരിൽ വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിക്കും.
മത്സരത്തിനുശേഷം മാരത്തണിൻ്റെ ഭാഗമായ മുഴുവൻ പേർക്കും ഭക്ഷണവും കായികതാരങ്ങൾക്ക് പുലിക്കുരുമ്പയിൽനിന്ന് പയ്യാവൂരിൽ എത്തിച്ചേരാനുള്ള വാഹന സൗകര്യവും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
ഇരിക്കൂറിൻ്റെ ചരിത്രത്തിലാദ്യമായി നടക്കുന്ന ഈ രാജ്യാന്തര മാരത്തണിലൂടെ പാലക്കയംതട്ട്, പൈതൽമല, കാഞ്ഞിരക്കൊല്ലി, കലാങ്കി, തിരുനെറ്റിക്കല്ല് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും മാമാനിക്കുന്ന് ദേവി ക്ഷേത്രം, നിലാമുറ്റം പള്ളി, ചെമ്പേരി ബസലിക്ക, വിളക്കന്നൂർ ദിവ്യകാരുണ്യ അത്ഭുത ദേവാലയം, പയ്യാവൂർ ശിവക്ഷേത്രം, കുന്നത്തൂർപാടി മുത്തപ്പൻ ക്ഷേത്രം, ശ്രീകണ്ഠാപുരം പഴയങ്ങാടി മാലിക് ദീനാർ മഖ്‌ബറ, മടമ്പം ഫെറോന ചർച്ച് തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളും ലോകശ്രദ്ധയിലെത്തിക്കാൻ സാധിക്കുമെന്ന് അഡ്വ. സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
ശ്രീകണ്ഠാപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഓടമ്പള്ളി, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ, എരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി, ഇരിക്കൂർ ഇന്നൊവേഷൻ കൗൺസിൽ ചെയർമാൻ പി.ടി. മാത്യു എന്നിവരും പങ്കെടുത്തു.
ഇരിക്കൂറിൽ നടക്കുന്ന ഈ രാജ്യാന്തര മാരത്തണിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ.
Article Summary: Irikkur to host an international mini marathon with over a thousand participants.
#Irikkur #MiniMarathon #KeralaTourism #Running #Palakkayamthattu #Kannur