പ്രകൃതിയും ചരിത്രവും ഒത്തുചേരുമ്പോൾ: ഗോൾഡൻ ഐലൻഡിലേക്ക് ഒരു യാത്ര


● വർക്കലയിലെ വക്കം കായലിലാണ് ഗോൾഡൻ ഐലൻഡ്.
● ദ്വീപിൽ ഒരു പുരാതന ശിവപാർവതി വിഷ്ണുക്ഷേത്രമുണ്ട്.
● അഞ്ചേക്കറോളം വിസ്തീർണ്ണമുള്ള പച്ചപ്പ് നിറഞ്ഞ തുരുത്ത്.
● പ്രകൃതിയുടെ ശുദ്ധ സൗന്ദര്യത്തിൽ ലയിച്ചിരിക്കാൻ സൗകര്യം.
● നാടൻ കടൽ വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണശാലകൾ സമീപത്ത്.
● കയാക്കിങ്ങിന് അന്താരാഷ്ട്ര പ്രശസ്തി നേടുന്നു.
സോണി കല്ലറയ്ക്കൽ
(KVARTHA) കേരളം വിനോദസഞ്ചാരികളുടെ ഒരു പ്രധാന കേന്ദ്രമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വർഷം തോറും ധാരാളം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ എത്തുന്നു. ഇന്ത്യയിൽത്തന്നെ വിനോദസഞ്ചാരികളെ ഇത്രയധികം ആകർഷിപ്പിക്കുന്ന മറ്റൊരു സംസ്ഥാനം ഉണ്ടാകാൻ സാധ്യതയില്ല. അത്രയ്ക്ക് മനോഹരമാണ് ഇവിടുത്തെ കാഴ്ചകൾ.
ഒരു തവണ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾ വീണ്ടും വീണ്ടും ഇവിടേക്ക് വരാനും ഈ നാടിനെ ഇഷ്ടപ്പെടാനും കാരണം ഇവിടുത്തെ സൗന്ദര്യവും കാലാവസ്ഥയുമൊക്കെയാണ്. കാടും മലയും കടലും കായലും പുഴയും വെള്ളച്ചാട്ടവുമൊക്കെയുള്ള മറ്റൊരു സംസ്ഥാനം കേരളത്തെപ്പോലെയുണ്ടോ എന്ന് സംശയമാണ്. ഇതാണ് കൂടുതലായി വിനോദസഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകർഷിപ്പിക്കുന്നത്.
യാത്രാപ്രേമികളെ കൂടുതൽ ആകർഷിപ്പിക്കുന്ന ചെറുതും വലുതുമായ പ്രദേശങ്ങൾ നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ട്. അതിലൊന്നാണ് കേരളത്തിലെ ഗോവ എന്നറിയപ്പെടുന്ന ഗോൾഡൻ ഐലൻഡ്. അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
വർക്കലയിലെ മനോഹരമായ ഒരു ദ്വീപാണ് പൊന്നുംതുരുത്ത് അഥവാ ഗോൾഡൻ ഐലൻഡ്. കേരളത്തിലെ ഗോവ എന്നൊരു വിളിപ്പേരും ഇതിനുണ്ട്. സൗത്ത് വർക്കലയിൽ വക്കം കായലിലാണ് പൊന്നുംതുരുത്ത് സ്ഥിതി ചെയ്യുന്നത്. കായലിന് നടുക്കായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ ഒരു പുരാതന ക്ഷേത്രവുമുണ്ട്.
അഞ്ചേക്കറോളം വിസ്തീർണ്ണമുള്ള ഈ തുരുത്ത് വൃക്ഷങ്ങളാലും ചെടികളാലും സമൃദ്ധമാണ്. ഒരു ട്രസ്റ്റിന്റെ മേൽനോട്ടത്തിലുള്ള പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണുക്ഷേത്രമാണ് തുരുത്തിലെ പ്രധാന ആരാധനാകേന്ദ്രം. സമീപപ്രദേശങ്ങളിൽ നിന്നുമെല്ലാം ഒട്ടേറെ ആളുകൾ ദർശനത്തിനായി ഇവിടെയെത്തുന്നുണ്ട്. തുരുത്തിന്റെ ഒരു ഭാഗം സഞ്ചാരികൾക്കായി മാറ്റിവെച്ചിരിക്കുകയാണ്.
തുരുത്തിലെത്തുന്നവർക്ക് അൽപ്പനേരം പ്രകൃതിയുടെ ശുദ്ധ സൗന്ദര്യത്തിൽ ലയിച്ചിരിക്കാനും പച്ചപ്പിന്റെ മടിത്തട്ടിലിരുന്ന് വിശ്രമിക്കാനും ഇവിടെ സൗകര്യമുണ്ട്. ഒരു എയർ കണ്ടീഷണറിനും നൽകാനാവാത്ത സുഖശീതളമായ ഈ അന്തരീക്ഷം അനുഭവിച്ചറിയേണ്ട ഒന്നുതന്നെയാണ്. നാടൻ കടൽ വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണശാലകളും റിസോർട്ടുകളും തൊട്ടടുത്തുതന്നെയുണ്ട്.
സൗത്ത് വർക്കലയിലെ ഈ തുരുത്തും കായലും ഇന്ന് കയാക്കിങ്ങിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള വൈവിധ്യങ്ങളാണ് തിരുവനന്തപുരം മെട്രോപൊളിറ്റൻ്റെ പ്രത്യേകത. തിരുവനന്തപുരത്തും കോവളത്തും കന്യാകുമാരിയിലുമൊക്കെ എത്തുന്നവർക്ക് വളരെ എളുപ്പത്തിൽ സന്ദർശിക്കാൻ സാധിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കേരളത്തിൻ്റെ തലസ്ഥാന നഗരിയിലുള്ള ഈ ഗോൾഡൻ ഐലൻഡ്.
സാധിക്കുന്നവർ തീർച്ചയായും ഇവിടം സന്ദർശിക്കണം. യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഇതൊരിക്കലും ഒരു നഷ്ടമായിരിക്കില്ല. അവധിക്കാലങ്ങളിൽ കുട്ടികളുമൊത്ത് കുടുംബസമേതം ചെലവഴിക്കാനും നല്ല കാഴ്ചകൾ കണ്ട് മടങ്ങാനും പറ്റിയ ഒരിടം കൂടിയാണ് കേരളത്തിലെ ഗോവ എന്നറിയപ്പെടുന്ന ഈ ഗോൾഡൻ ഐലൻഡ്. അവസരം ലഭിക്കുന്നവർ ഇവിടേക്ക് യാത്ര തിരിക്കാൻ മടിക്കരുത്.
പൊന്നുംതുരുത്തിനെക്കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുക
Summary: Golden Island (Ponnumthuruthu) in Varkala, known as "Kerala's Goa," is a beautiful destination blending nature and history. Located in Vakkam Lake, it features an ancient temple and is gaining international fame for kayaking, ideal for a peaceful family getaway.
#GoldenIsland #Ponnumthuruthu #Varkala #KeralaTourism #KayakingKerala #TravelKerala