Tourism | കുടുംബത്തോടൊപ്പം ഗോവയിലേക്ക് പോകുന്നുവോ? വിനോദസഞ്ചാരികൾ ശ്രദ്ധിക്കേണ്ട 10 പ്രധാനപ്പെട്ട കാര്യങ്ങൾ!


● പീക്ക് സീസണിൽ മുൻകൂട്ടി ഹോട്ടൽ ബുക്ക് ചെയ്യുക.
● യാത്രക്ക് ടു വീലറുകൾ വാടകയ്ക്ക് എടുക്കുക.
● സൺസ്ക്രീൻ ലോഷൻ നിർബന്ധമായും ഉപയോഗിക്കുക.
സോണിച്ചൻ ജോസഫ്
(KVARTHA) എല്ലാ വിനോദസഞ്ചാരികളുടെയും ഇഷ്ട ഇടമാണ് ഗോവ. ധാരാളം ആളുകളാണ് ഇവിടേയ്ക്ക് ഓരോ വർഷവും കൂട്ടമായി എത്തിക്കൊണ്ടിരിക്കുന്നത്. അതിൽ സ്വദേശമെന്നോ വിദേശമെന്നോ പ്രത്യേകതയില്ല. ഇന്ത്യയ്ക്ക് പുറത്തുനിന്നു വരെ ധാരാളം പേരാണ് ഗോവൻ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്. ഗോവൻ ബീച്ചുകളിൽ കുളിച്ച് മറിഞ്ഞ് രസിക്കാൻ എല്ലാവർക്കും പ്രത്യേകിച്ചൊരു താല്പര്യം തന്നെയാണ്. സീ ഫുഡുകൾക്കും പ്രശസ്തമാണ് ഗോവ. ഇവിടേയ്ക്ക് കുട്ടികളുമായി ധാരാളം കുടുംബങ്ങൾ എത്താറുണ്ട്. ഗോവയിൽ എത്തുന്നവർ ഒരുപാട് കാര്യങ്ങൾ ശ്രദ്ദിക്കേണ്ടതുണ്ട്. അവയെക്കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
1. ഗോവയിലെ പീക്ക് സീസൺ എന്ന് പറയുന്നത് നവംബർ തൊട്ട് ഫെബ്രുവരി വരെയാണ്. മൺസൂൺ സീസണിൽ (ജൂൺ - സെപ്തംബർ) പോലും ഗോവ കാണാൻ ടൂറിസ്റ്റുകൾ വരുന്നുണ്ട്. പീക്ക് സീസണിൽ യാത്ര ചെയ്യേണ്ടവർ ഹോട്ടൽ റൂം മൂന്ന് മാസങ്ങൾ മുമ്പെങ്കിലും ബുക്ക് ചെയ്യുക. ഇല്ലെങ്കിൽ ഒരേ റൂമിനു മൂന്നിരട്ടി റേറ്റ് കൂടും. ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ 'റൂം വിത്ത് ബ്രേക്ക് ഫാസ്റ്റ്' ബുക്ക് ചെയ്യുക. മിക്ക റെസ്റ്റോറന്റുകളും രാത്രി വൈകി വരെ ഉള്ളത് കൊണ്ട് രാവിലെ തുറയ്ക്കുന്നത് വൈകും.
ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഹോട്ടൽ തപ്പി നടക്കേണ്ടി വരും. റിലാക്സ് ചെയ്യാൻ മാത്രം എത്തുന്നവർ സൗത്ത് ഗോവൻ ബീച്ചും അവിടെയുള്ള റിസോർട്ടുകളും ബുക്ക് ചെയ്യുക. ബീച്ചും പാർട്ടിയും ഉദ്ദേശിക്കുന്നവർ നോർത്ത് ഗോവയിൽ ഹോട്ടൽ ബുക്ക് ചെയ്യുക. ഗോവയിലെ എല്ലാ നല്ല ബീച്ചുകളും ഒറ്റ ട്രിപ്പിൽ കാണണമെന്നുള്ളവർ പനജിയിൽ ബുക്ക് ചെയ്യുക (നോർത്ത് + സൗത്ത് ഗോവൻ ബീച്ചുകൾ). അടിച്ചു പൊളിക്കാൻ വരുന്നവർ ഹോട്ടലുകളുടെ ട്രിപ്പ് പാക്കേജുകൾ ഒഴിവാക്കുക. കാരണം എല്ലാ പാക്കേജിലും ബോറൻ സ്ഥലങ്ങൾ ഉണ്ടാവും. സമയവും നഷ്ടം.
2. ഓഫ് സീസൺ സമയം വേനലിലാണ്. അപ്പോൾ ഗോവയിൽ കഴിയുന്നതും പോകാതിരിക്കുക. കാരണം ഏപ്രിൽ - മെയ് മാസങ്ങളിൽ നല്ല ചൂടായിരിക്കും. (നമ്മുടെ കേരളത്തിലെ ചൂടില്ലെ. അതന്നെ. ബീച്ചിലെ ഷാക്കുകൾ ആ സമയത്ത് ഉണ്ടാവുമെങ്കിലും വെയിലത്ത് നിന്ന് കടലിൽ കളിക്കുന്നത് അത്ര സുഖമുള്ള പരിപാടിയല്ല).
3. ഗോവയിൽ മൺസൂൺ സീസൻ തുടങ്ങുന്നത് കേരളത്തിൽ കാലവർഷം എത്തിയ ശേഷമാണ്. ആ സമയത്ത് ഷാക്കുകൾ അഴിച്ചു മൂടി കെട്ടിവെയ്ക്കും. വാട്ടർ സ്പോർട്സും നിർത്തി വെയ്ക്കും. വെള്ളത്തിൽ കാഴ്ച കുറവായതിനാൽ സ്ക്വാ ഡൈവിംഗ് പോലുള്ള സാഹസിക വിനോദങ്ങളും ഈ സമയത്ത് ലഭ്യമല്ല.
4. കേരളത്തിൽ നിന്ന് ട്രെയിനിൽ വരുന്നവർ സാധാരണയായി മഡ്ഗാവിലാണ് ഇറങ്ങാറ്. എന്നാൽ, അവിടെ നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താൽ തിവിം എന്ന സ്റ്റേഷനിൽ എത്താം. ഇവിടെ ഇറങ്ങുകയാണെങ്കിൽ കലാൻഗുട്ടിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. മുംബൈ ഭാഗത്തുനിന്ന് വരുന്നവരും തിവിമിൽ ഇറങ്ങാൻ ശ്രമിക്കുക.
തിവിമും മഡ്ഗാവും തമ്മിൽ ഏകദേശം ഒരു മണിക്കൂർ യാത്രാ ദൂരമുണ്ട്. അതിനാൽ, തിവിം സ്റ്റേഷനിൽ സ്റ്റോപ്പുണ്ടോ എന്ന് മുൻകൂട്ടി അന്വേഷിക്കുന്നത് സമയം ലാഭിക്കാൻ സഹായിക്കും. പനാജിക്കും കലാംഗുട്ടിനും താരതമ്യേന അടുത്താണ് തിവിം സ്റ്റേഷൻ. മഡ്ഗാവിൽ നിന്ന് ഈ രണ്ട് സ്ഥലങ്ങളിലേക്കും ദൂരം കൂടുതലാണ്
5. ഗോവയിൽ സഞ്ചരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം വാടകയ്ക്ക് ടു വീലറുകൾ എടുക്കുന്നതാണ്. പനാജിയിലും ഗോവയിലെ മറ്റ് ബീച്ചുകളിലും ടു വീലറുകൾ ലഭ്യമാണ്. ഓഫ് സീസണിൽ ഏകദേശം 250 രൂപ മുതൽ 600 രൂപ വരെയും, പീക്ക് സീസണിൽ 400 രൂപ മുതൽ 800 രൂപ വരെയുമാണ് ഒരു ദിവസത്തെ വാടക. ചെറിയ കടകളിൽ പോലും പെട്രോൾ കുപ്പികളിൽ ലഭ്യമായതിനാൽ പമ്പുകൾ തേടി അലയേണ്ടതില്ല.
എന്നാൽ, വാഹനം വാടകയ്ക്ക് എടുക്കുമ്പോൾ ലൈസൻസും ഒറിജിനൽ തിരിച്ചറിയൽ രേഖയും (പാൻ കാർഡ്, വോട്ടേഴ്സ് കാർഡ്, ആധാർ, പാസ്പോർട്ട്) നിർബന്ധമായും കൈവശം വെക്കണം. ഇത് വാഹനം നൽകുന്ന കടയിൽ നൽകേണ്ടി വരും.
6. ഗോവയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രം കലാംഗുട്ടാണ്. ഇവിടെ വിലപേശിയാൽ നല്ല വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ സാധിക്കും. ലേഡീസ് ടോപ്പുകൾ, സ്വിം സ്യൂട്ടുകൾ, കുട്ടികളുടെ സ്വിം സ്യൂട്ടുകൾ, തൊപ്പികൾ തുടങ്ങിയവ നാട്ടിലേതിനേക്കാൾ കുറഞ്ഞ വിലയിൽ ഇവിടെ ലഭ്യമാണ്. ഗുണമേന്മയും ഉറപ്പാണ്.
നോർത്ത് ഗോവയിലെ ഏറ്റവും തിരക്കേറിയ ബീച്ചും കലാംഗുട്ടാണ്. ഇവിടെ ഇന്ത്യൻ ടൂറിസ്റ്റുകളാണ് കൂടുതലായി കാണപ്പെടുന്നത്. സീസണിൽ ഈ സ്ഥലം വളരെ ബഹളമയമായിരിക്കും. ധാരാളം ഹോട്ടലുകൾ ഇവിടെയുള്ളതിനാൽ താമസത്തിനും സൗകര്യപ്രദമാണ്. ഓൾഡ് ഗോവ, പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ, ചരിത്രപരമായ പള്ളികൾ തുടങ്ങിയവയെല്ലാം നോർത്ത് ഗോവയിലാണ് സ്ഥിതി ചെയ്യുന്നത്.
7. നോർത്ത് ഗോവയിൽ തിരക്ക് കുറഞ്ഞതും എന്നാൽ മനോഹരമായതുമായ ബീച്ചാണ് കണ്ടോലിം. ബാഗ, സിൻക്വേരിം, വാഗറ്റർ, അരംബോൾ, അഞ്ജുന, മാൻഡ്രെം തുടങ്ങിയവയാണ് മറ്റ് പ്രധാനപ്പെട്ട ബീച്ചുകൾ. ബീച്ചുകളിലെ ചെറിയ ഷെഡ്ഡുകളാണ് ഷാക്കുകൾ. ഇവിടെ സീ ഫുഡ്, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയെല്ലാം ലഭ്യമാണ്. ബാഗ, കലാംഗുട്ട് ബീച്ചുകളിലാണ് കൂടുതലായും ഷാക്കുകൾ കാണപ്പെടുന്നത്.
8. സൺസ്ക്രീൻ ലോഷൻ നിർബന്ധമായും ഉപയോഗിക്കുക. സൺസ്ക്രീൻ ലഭ്യമല്ലെങ്കിൽ കുട്ടികൾക്ക് അയഞ്ഞതും കൈകാലുകൾ മൂടുന്നതുമായ വെള്ള നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കുന്നത് നല്ലതാണ്. ഹീൽസും ഫാൻസി ചെരിപ്പുകളും കഴിവതും ഒഴിവാക്കുക. സാധാരണ ചപ്പലുകളാണ് ഏറ്റവും അനുയോജ്യം. വില കുറഞ്ഞതും വർണ്ണാഭമായതുമായ ചപ്പലുകൾ ഗോവയിൽ നിന്ന് തന്നെ വാങ്ങാവുന്നതാണ്.
ടു വീലർ ഉള്ളതുകൊണ്ട് എല്ലാ ബീച്ചുകളും സന്ദർശിക്കണമെന്ന അനാവശ്യ ചിന്ത ഒഴിവാക്കുക. നാലോ അഞ്ചോ ബീച്ചുകൾ കേന്ദ്രീകരിച്ച് യാത്ര പ്ലാൻ ചെയ്യുന്നത് കൂടുതൽ പ്രയോജനകരമാകും. ചില ബീച്ചുകളിലും ചില ഭാഗങ്ങളിലും വെള്ളത്തിൽ ഇറങ്ങാൻ അനുവാദമില്ല. അഞ്ജുന ഒരു പാറക്കെട്ടുകൾ നിറഞ്ഞ ബീച്ചാണ്. ഇവിടേക്ക് എത്താൻ ദൂരവും വഴികളും കൂടുതലായതിനാൽ കഴിവതും ഒഴിവാക്കുക. ബാഗ, കലാംഗുട്ട് ബീച്ചുകളാണ് വാട്ടർ സ്പോർട്സിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ.
9. ബീച്ചിൽ ഇരിക്കാനുപയോഗിക്കുന്ന കസേരകളെ ലോഞ്ച് ചെയറുകൾ എന്ന് പറയുന്നു. ഇതിന് മണിക്കൂറിന് ഏകദേശം 200 രൂപയാണ് ചാർജ്. വാട്ടർ സ്പോർട്സ് ബുക്ക് ചെയ്യുകയാണെങ്കിൽ ഇത് സൗജന്യമായി ലഭിക്കാൻ സാധ്യതയുണ്ട്. പനാജിയിൽ ഉള്ളവർ മാൻഡോവി റിവർ ക്രൂയിസ് തീർച്ചയായും ആസ്വദിക്കണം. പനാജിയിലുള്ള മിരാമർ ബീച്ചിൽ കടലിൽ ഇറങ്ങാൻ സാധിക്കില്ല. അതിനാൽ ബീച്ച് ലക്ഷ്യമാക്കി ഇവിടെ ഹോട്ടൽ ബുക്ക് ചെയ്യാതിരിക്കുക.
സ്ക്വാ ഡൈവിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവർ പീക്ക് സീസണിൽ സൗത്ത് ഗോവയിലെ പനാജി ഭാഗത്തായി ഹോട്ടൽ ബുക്ക് ചെയ്യുക. ഗ്രാൻ്റ് ഐലൻ്റ് / നെറ്റ് ട്രാണി ഐലൻ്റുകളിലാണ് സാധാരണയായി ഡൈവിംഗ് നടത്തുന്നത്. ഇതിനായുള്ള ബുക്കിംഗ് നേരത്തെ ഓൺലൈനായി ചെയ്യുന്നത് നല്ലതാണ്. ഗോവയിൽ ഭക്ഷണത്തിന് കുറച്ച് ചിലവേറും, എന്നാൽ മദ്യത്തിന് വില കുറവുമാണ് എന്ന് ഓർക്കുക.
10. നവംബർ 20-30 വരെയുളള ദിവസങ്ങളിലാണ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എല്ലാ വർഷവും ഗോവയിൽ നടക്കുന്നത്. പനജി നഗരം കാർണിവൽ പോലെ അതാഘോഷിക്കുന്നു.
ഈ നിർദ്ദേശങ്ങൾ കൂടുതലും കുടുംബമായി പോകുന്നവർക്കുള്ളതാണ്. ഗോവ കാഴ്ചയിൽ കേരളം പോലെയാണെങ്കിലും, ഇവിടെ കൂടുതൽ ബീച്ചുകളും വിനോദസഞ്ചാരികളും ഉണ്ടാകും. വസ്ത്ര ധാരണത്തിൽ സ്വാതന്ത്യം ഉള്ളത് കൊണ്ട് ആരും നമ്മളെ തുറിച്ച് നോക്കാൻ വരില്ല. നമ്മളും തിരിച്ച് ആ മര്യാദ കാണിക്കുന്നത് നല്ലത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Goa, a favorite destination for many, requires careful planning for an enjoyable trip. From peak season tips to beach activities, here are 10 key things tourists should know.
#GoaTravel #FamilyTrip #TourismTips #GoaBeaches #HolidayPlanning #GoaVacation