Munnar Tea | ഈ ചായയ്ക്ക് എന്ത് രുചിയാണെന്നോ! മൂന്നാറിലെ 'സ്പെഷ്യൽ ചായ'യുടെ പ്രത്യേകതകൾ; തയ്യാറാക്കുന്നതും വ്യത്യസ്തമായി  

 
Munnar Tea


കോടമഞ്ഞിൻ്റെ തണുപ്പും ഏറ്റ് കിടന്നുറങ്ങി രാവിലെ എഴുന്നേൽക്കുമ്പോൾ ലഭിക്കുന്ന ഈ ചായ ശരിക്കും നമുക്ക് ഊർജം പ്രദാനം ചെയ്യും

സോണി കല്ലറയ്ക്കൽ 

(KVARTHA) മൂന്നാറിൽ എത്തിയാൽ രാവിലെ ഒരു സ്പെഷ്യൽ ചായ കുടിക്കുക എന്നത് അവിടെ എത്തുന്നവരുടെ ഒരു നിർബന്ധമാണ്. അത്രയ്ക്ക് രുചികരമായിട്ടാണ് അവിടെ ചായ ഉണ്ടാക്കി തരുന്നത്. കോടമഞ്ഞിൻ്റെ തണുപ്പും ഏറ്റ് കിടന്നുറങ്ങി രാവിലെ എഴുന്നേൽക്കുമ്പോൾ ലഭിക്കുന്ന ഈ ചായ ശരിക്കും നമുക്ക് ഊർജം പ്രദാനം ചെയ്യും. ഇന്ത്യയിലെ തന്നെ പ്രമൂഖ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാർ തേയിലയ്ക്കും പേരുകേട്ട സ്ഥലം കൂടിയാണ്. കണ്ണൻ ദേവൻ എന്ന തേയില കമ്പനിയെക്കുറിച്ച് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നതും മുന്നാർ തന്നെ.

പൂക്കളും മഞ്ഞും കൊണ്ട് ആവരണം ചെയ്തു കിടക്കുന്നതുപോലെ തന്നെയാണ് മൂന്നാർ തേയില ചെടിയുടെ പച്ചപ്പ് കൊണ്ട് മൂടപ്പെട്ട് കിടക്കുന്നത്. ഇതും മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഒരു ആകർഷകമായ കാഴ്ച തന്നെയാണ്. അതുകൊണ്ട് തന്നെ മൂന്നാറിൽ എത്തിയാൽ നല്ല ചായപ്പൊടി കിട്ടുമെന്ന് എല്ലാവരും വിശ്വസിക്കുന്നു. ഇനി മൂന്നാറിലെ ഈ സ്പെഷ്യൽ ചായ കടകളിൽ എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നോക്കാം. പല സ്ഥലങ്ങളിലും ചായ ഉണ്ടാക്കുന്നതിൽ വ്യത്യാസങ്ങളുണ്ട്. ചിലർ ചായ ഉണ്ടാക്കുമ്പോൾ തന്നെ വെള്ളത്തിൽ ചായപ്പൊടി ഇടുന്നു. മറ്റ് ചിലർ വെള്ളം തിളയ്ക്കുമ്പോൾ ചായപ്പൊടി ഇടുന്നു. എന്നാൽ ഇതിൽ നിന്ന് വിത്യസ്തമാണ് മൂന്നാറിൽ ചായ ഉണ്ടാക്കുന്നത്. 

Munnar Tea

തേയില ശരീരത്തിന് ഉൻമേഷം നൽകുന്നത് ഒരു അന്യായ പ്രൊസസ് ആകുന്നു. സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്, അല്ലെങ്കിൽ തേയിലയും പഞ്ചസാരയും  ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും. പക്ഷേ, ഇത് രണ്ടും തെറ്റായ രീതിയാണെന്ന് മൂന്നാറിലെ ഫാക്ടറികൾ സന്ദർശിക്കുന്നവർക്ക് മനസ്സിലാകും. മുന്നാറിലെ തേയില ഫാക്ടറികളിൽ മിക്കവാറും സന്ദർശകർക്ക് ചായയും ലഭിക്കാറുണ്ട്. അവ ഉണ്ടാക്കുന്ന വിധവും നമുക്ക് നോക്കി മനസിലാക്കാവുന്നതാണ്. അവിടെ ചായ ഇടുന്ന രീതിയാണ് ഇനി പറയുന്നത്. 

വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വെച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടുകയാണ് ചെയ്യുന്നത്.  ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് അത്  മൂടിവെയ്ക്കുന്നു.  മൂന്നോ നാലോ മിനിറ്റുകൾ കഴിഞ്ഞു അതെടുത്ത് അരിച്ച് ഗ്ലാസിലേക്ക് പകർത്തും. ശേഷം ചായ കുടിക്കാം. ഇവിടെ ചായ ഉണ്ടാക്കുന്നവർ ശ്രദ്ധിക്കുന്ന കാര്യം പഞ്ചസാര വേറേ മാത്രമേ ഇടുന്നുള്ളു എന്നതാണ്. അതിന്  കാരണമെന്തെന്നാൽ തുറന്നുവച്ച് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ടാൽ തേയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ്, ഗ്ലൈക്കോസൈഡ്സ്, തിയോഗല്ലിൻ എന്നിവയെല്ലാം ബാഷ്പീകരിച്ചു പോകും, പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളർ വെള്ളം മാത്രമാകുമെന്നാണ്. 

ഇവയെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ ചായ കുടിച്ചാൽ ഉന്മേഷം കിട്ടില്ലത്രെ. ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്, പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ അസ്സൽ രുചിയിൽ  മാറ്റങ്ങൾ ഉണ്ടാക്കും ഇതാണ് കാര്യം. രുചി വ്യത്യാസം അറിയാനും ചില ചിട്ടവട്ടങ്ങളുണ്ട്. ഒന്ന് രണ്ടു പ്രാവശ്യം ഈ രീതിയിൽ ചായ ചെയ്തു നോക്കിയ ശേഷം വ്യത്യാസം വിലയിരുത്താം. കാരണം നിലവിലെ രുചി രസിച്ച് ശീലിച്ച നമ്മുടെ നാവ് ആദ്യം പുതുരുചി തിരിച്ചറിയും , തള്ളിക്കളാനുള്ള ചാൻസ് 80 ശതമാനം ഉണ്ടുതാനും. പക്ഷേ, കുറച്ച് ശ്രമങ്ങൾക്ക് ശേഷം, ഒടുവിൽ നാവ് വഴങ്ങും, വ്യത്യസ്ത രുചിയെ രണ്ടുനാവും നീട്ടി സ്വീകരിക്കും.

അറിയുക, ചായ ഉണ്ടാക്കുക എന്നാൽ അത് ഒരു കല തന്നെയാണ്. കാരണം നല്ല ചായ ഏവർക്കും പ്രിയപ്പെട്ടത് ആകുന്നു. മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മനസ് ആണല്ലോ എല്ലാം. വല്ലാത്ത മാനസിക പിരിമുറക്കം വരുമ്പോള്‍ ഓടി പോയി ഒരു ചായ കുടിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. ഇതിന് പിന്നില്‍ ഒരു ശാസ്ത്രമുണ്ട്. സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാനും തലവേദന മാറ്റാനുമൊക്കെ ചായയിലെ ചില ഘടകങ്ങള്‍ സഹായിക്കുമെന്നും നാഡീവ്യൂഹപരമായ  പ്രശ്നങ്ങളുടെ സാധ്യതയും ചായ കുറയ്ക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നു.

മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ചില വിഷ വസ്തുക്കളെ ശരീരത്തില്‍ നിന്ന് പുറന്തള്ളാനും  ചായ സഹായകമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്തായാലും മൂന്നാറിലെ സ്പെഷ്യൽ ചായ ഉണ്ടാക്കുന്ന വിധം പഠിച്ചില്ലേ. ഇനി വീട്ടിൽ തന്നെ ഇതുപോലെ ചായ ഉണ്ടാക്കാൻ ശ്രദ്ധിക്കുക. അത് മൂന്നാർ കാണുന്നപോലെ തന്നെ ഒരു സുഖം പ്രദാനം ചെയ്യും തീർച്ച. ഇല്ലെങ്കിൽ മൂന്നാർ സന്ദർശിക്കുമ്പോഴെങ്കിലും അവിടുത്തെ തേയില ഫാക്ടറിയിൽ കയറി ഇത്തരത്തിലൊരു സ്പെഷ്യൽ ചായ കുടിക്കാൻ മറക്കരുത്. എന്നിട്ട് അവിടുത്തെ ഗാർഡനും പാർക്കും ഒക്കെ സന്ദർശിച്ച് തിരികെ പോരാം. അത് ഒരിക്കലും മറക്കാനാവാത്ത മനസ്സിന് സുഖം പകരുന്ന അനുഭവം ആയിരിക്കും.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia