Order | ഹോട്ടലുകളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്

 
Basic facilities for drivers in Kerala hotels

Website / Govt of Kerala, Kerala Tourism

നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തുക. 

തിരുവനന്തപുരം: (KVARTHA) ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികളുമായി വരുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പ് ഉത്തരവിട്ടു.

ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസ സ്ഥലങ്ങളിലും എത്തുന്ന ഡ്രൈവർമാർക്ക് ആവശ്യമായ താമസം, വിശ്രമം, ശുചിമുറി സൗകര്യങ്ങൾ ഒരുക്കുന്നത് കർശനമായി പാലിക്കണമെന്ന് വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

ക്ലാസിഫിക്കേഷനിൽ നിബന്ധന ഉൾപ്പെടുത്തും

നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തുക. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള ചട്ടം ഉൾപ്പെടുത്തിയിരിക്കുന്നു. നിബന്ധനകൾ കാര്യക്ഷമമായി പാലിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ടൂറിസം ഡയറക്ടർ പരിശോധിക്കും.

തൊഴിലാളി പ്രതിനിധികളുമായി ചർച്ച

ടൂറിസം മേഖലയിലെ ഡ്രൈവർമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി തൊഴിലാളി പ്രതിനിധികളുടേയും ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷനുകളുടേയും യോഗം നേരത്തെ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്നിരുന്നു. തുടർന്ന് ഇക്കാര്യം ടൂറിസം വ്യവസായ പ്രതിനിധികളുമായി ചർച്ച ചെയ്തു. ഇതിനു ശേഷമാണ് പ്രത്യേക ഉത്തരവിറക്കിയത്. അതിഥികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന ഡ്രൈവർമാർക്ക് പ്രത്യേക ഐഡി കാർഡുകൾ നൽകാനും മേഖല തിരിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും ടൂറിസം വകുപ്പ് പദ്ധതിയിടുന്നുണ്ട്.

ഡ്രൈവർമാരുടെ പ്രാധാന്യം

കേരളത്തിലെ ടൂറിസം മേഖലയുടെ അവിഭാജ്യ ഘടകമായ ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന ദീർഘകാല ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചാരികൾക്ക് സുരക്ഷിതമായ യാത്രാനുഭവം ഒരുക്കുന്നതിൽ ഡ്രൈവർമാർക്ക് സുപ്രധാന പങ്കുണ്ട്. സഞ്ചാരികളെ കൃത്യമായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കുകയും ഡെസ്റ്റിനേഷനുകളുടെ പ്രാഥമിക വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നത് പലപ്പോഴും ഡ്രൈവർമാരാണ്. അവരുടെ പ്രശ്നങ്ങളെ സംബന്ധിച്ച് മനസ്സിലാക്കിയിരുന്നു. ഈ ഉത്തരവിലൂടെ തൊഴിലാളികൾക്ക് നൽകിയ വാക്ക് പാലിക്കുകയാണ് ടൂറിസം വകുപ്പ് ചെയ്യുന്നത്. സന്തോഷകരമായ ടൂറിസം വളർത്തുവാൻ ഈ തീരുമാനം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia