Environment | ചാൽ ബീച്ചിന് നീലക്കൊടി; ഏപ്രിൽ 13ന് മന്ത്രി പതാക ഉയർത്തും


● പരിസ്ഥിതി സൗഹൃദ ടൂറിസത്തിനുള്ള അംഗീകാരമാണിത്.
● കേരളത്തിൽ മുൻപ് കാപ്പാട് ബീച്ചിനാണ് ഈ നേട്ടം ലഭിച്ചത്.
● ഈ വർഷം രാജ്യത്ത് 13 ബീച്ചുകൾക്ക് അംഗീകാരം ലഭിച്ചു.
● ടൂറിസം മേഖലയിൽ വലിയ ഉണർവുണ്ടാക്കും.
● തദ്ദേശീയർക്ക് തൊഴിൽ സാധ്യതകൾ വർദ്ധിക്കും.
● ബീച്ചിൽ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കണ്ണൂർ: (KVARTHA) പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ ടൂറിസം വികസനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സ്വന്തമാക്കിയ ചാൽ ബീച്ചിൽ ഏപ്രിൽ 13ന് ഔദ്യോഗികമായി പതാക ഉയർത്തൽ ചടങ്ങ് നടക്കും. വൈകുന്നേരം 5 മണിക്ക് കെ വി സുമേഷ് എം എൽ എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പതാക ഉയർത്തും.
ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജ്യുക്കേഷനാണ് (എഫ്ഇഇ) ബ്ലൂ ഫ്ലാഗ് അംഗീകാരം നൽകുന്നത്. പരിസ്ഥിതി സൗഹൃദപരമായ ഇടപെടലുകളിലൂടെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കിയാണ് കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാൽ ബീച്ച് ഈ അന്താരാഷ്ട്ര അംഗീകാരം നേടിയത്.
കേരളത്തിൽ മുൻപ് കാപ്പാട് ബീച്ച് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ വർഷം രാജ്യത്ത് 13 ബീച്ചുകളാണ് ബ്ലൂ ഫ്ലാഗ് അംഗീകാരം നേടിയത്. ഈ പുതിയ നേട്ടം ആഗോള വിനോദസഞ്ചാരികളെ ആകർഷിക്കാനും അതുവഴി ജില്ലയിലെ എല്ലാ വിനോദസഞ്ചാര മേഖലയിലും ഉണർവുണ്ടാക്കാനും സഹായിക്കുമെന്ന് കെ വി സുമേഷ് എം എൽ എ പതാക ഉയർത്തൽ ചടങ്ങുമായി ബന്ധപ്പെട്ട് പി ആർ ഡി ചേംബറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തദ്ദേശീയരായ ആളുകൾക്ക് നിരവധി തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ഡി ടി പി സിയും അഴീക്കോട് പഞ്ചായത്തും നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ് ഈ വലിയ നേട്ടത്തിലേക്ക് ചാൽ ബീച്ചിനെ എത്തിച്ചത്. അഴീക്കോട് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച വാട്ടർ എടിഎം, സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോടെ ബീച്ചിൽ ആരംഭിച്ച ബട്ടർഫ്ളൈ പാർക്ക്, കടലാമ പ്രജനന കേന്ദ്രം, പ്ലാസ്റ്റിക് നിർമാർജനത്തിനായി അഴീക്കോട് ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ, ഹെർബൽ ഗാർഡൻ എന്നിവയെല്ലാം ചാൽ ബീച്ചിനെ കൂടുതൽ ആകർഷകമാക്കുന്നു.
ബീച്ചിലെ സുരക്ഷിതമായ നീന്തൽ മേഖലയിലെ ജലത്തിന്റെ ശുദ്ധി എല്ലാ മാസവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്. ബീച്ചിന്റെ പ്രധാന കവാടത്തിന് ഇരുവശത്തുമായി 150 മീറ്റർ വീതം 300 മീറ്റർ ഭാഗം സുരക്ഷിത നീന്തൽ മേഖലയായി വേർതിരിച്ചിട്ടുണ്ട്. കവാടത്തിന് ഇരുവശത്തുമായി 400 മീറ്റർ വീതം ദൂരം ബീച്ചിന്റെ അതിർത്തിയും അടയാളപ്പെടുത്തിയിട്ടുണ്ട്.
ബീച്ചിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഡിടിപിസി രണ്ട് ലൈഫ് ഗാർഡുമാരെ നിയമിച്ചിട്ടുണ്ട്. ദിവസേനയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കായി 7 കുടുംബശ്രീ വളണ്ടിയർമാരെയും ഡിടിപിസി നിയോഗിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ അരുൺ കെ വിജയൻ ചെയർമാനായ ചാൽ ബീച്ച് മാനേജ്‌മെന്റ് കമ്മിറ്റി അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ബ്ലൂ ഫ്ലാഗ് പ്രവർത്തനങ്ങളുടെ അവലോകനം, ചാൽ ബീച്ചിൽ ബ്ലൂ ഫ്ലാഗ് അവാർഡ് ലഭ്യമാക്കാനായി നടത്തിയ മാനദണ്ഡങ്ങളുടെ അവതരണം, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയ്ക്ക് ശേഷമാണ് അവാർഡ് പ്രഖ്യാപിച്ചത്.
തീരത്തിന്റെ സ്വാഭാവിക സൗന്ദര്യം അതേപടി നിലനിർത്തിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ മാത്രമാണ് ഇവിടെ നടത്തിയത്. കുടിവെള്ളം ലഭ്യമാക്കാൻ അഴീക്കോട് പഞ്ചായത്ത് രണ്ട് വാട്ടർ കിയോസ്കുകൾ ബീച്ചിൽ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കും.
ചൂടുവെള്ളം, തണുത്ത വെള്ളം, സാധാരണ വെള്ളം എന്നിങ്ങനെ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. നാണയം നിക്ഷേപിച്ചോ ക്യൂആർ കോഡ് സ്കാൻ ചെയ്തോ പണം അടയ്ക്കാവുന്നതാണ്. ബീച്ചിൽ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാനും സന്ദർശകരെ ബോധവത്കരിക്കാനും ഇത് സഹായിച്ചു. ബീച്ചിലെ കടകളിൽ മാലിന്യം ശേഖരിക്കാൻ മൂന്നു നിറങ്ങളിലുള്ള ബാസ്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
ബീച്ചിലേക്കുള്ള പ്രവേശന സമയം, സുരക്ഷിതമായി ബീച്ചിൽ ഇറങ്ങാൻ പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലം, ലൈഫ് ഗാർഡ് ഡ്യൂട്ടിയിലുള്ളവരുടെ വിവരങ്ങൾ, വീൽചെയർ സൗകര്യ വിവരം, ചാൽ ബീച്ച് മാപ്പ്, ഭിന്നശേഷി സൗഹൃദ പാർക്കിംഗ് ഏരിയ, ടർട്ടിൽ ഹാച്ചറി തുടങ്ങിയ വിവരങ്ങൾ ചാൽ ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ലഭ്യമാകും.
ജില്ലാ കളക്ടർ അരുൺ കെ വിജയൻ ചെയർമാനായ ചാൽ ബീച്ച് മാനേജ്‌മെന്റ് കമ്മിറ്റിയിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, വാർഡ് മെമ്പർ ഹൈമ കെ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടിസി മനോജ്, ഡിടിപിസി സെക്രട്ടറി പി ജി ശ്യാംകൃഷ്ണൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം, ബീച്ച് മാനേജർ തുടങ്ങിയവരാണ് അംഗങ്ങൾ. വാർത്താ സമ്മേളനത്തിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ഡിടിപിസി സെക്രട്ടറി പി ജി ശ്യാംകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Chaal Beach in Kannur has been awarded the prestigious Blue Flag certification for its environmental friendliness and safety in tourism. The flag hoisting ceremony will be held on April 13th, with Tourism Minister P A Mohammed Riyas as the chief guest. This recognition by the Foundation for Environmental Education (FEE) highlights the beach's cleanliness and safety standards.
#ChaalBeach #BlueFlag #KeralaTourism #SustainableTourism #Kannur #EcoFriendlyBeach