Tourism | ചിങ്ങമാസമെത്തും മുൻപെ നീല വസന്തം വിരിയിച്ച് മാടായിപ്പാറ
ദേശാടനപക്ഷികളുടെ വിരുന്നുകേന്ദ്രം കൂടിയായ മാടായിപ്പാറയിൽ പ്രകൃതിനിരീക്ഷണത്തിനും പഠനത്തിനുമായി ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപ്പേർ എത്താറുണ്ട്.
പഴയങ്ങാടി: (KVARTHA) ചിങ്ങമാസം അടുത്തതോടെ ജൈവവൈവിധ്യങ്ങളുടെ കലവറയായ കണ്ണൂർ ജില്ലയിലെ മാടായിപ്പാറ നീലപ്പൂക്കളുടെ പരവതാനി വിരിച്ചു. കർക്കടക മാസം തുടക്കത്തിൽതന്നെ ഇവിടെ നീലപ്പൂക്കൾ വിരിഞ്ഞിരുന്നു. പാറനീലപ്പൂ, കൃഷ്ണപ്പൂ, തുമ്പപ്പൂ എന്നിവയും ഇവിടെ വിരിയാറുണ്ട്. ഡ്രൊസെറ ഇൻഡിക (Drosera Indica) എന്ന പേരിലറിയപ്പെടുന്ന ഇരപിടിയൻ സസ്യം മുതൽ മുക്കുറ്റി, വിഷ്ണുക്രാന്തി ഉൾപ്പെടെയുള്ള സസ്യങ്ങൾകൊണ്ട് അനുഗ്രഹീതമാണ് മാടായിപ്പാറ.
ഏഴിമലയുടെ താഴ് വരയിലെ നീല വസന്തം ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ദേശാടനപക്ഷികളുടെ വിരുന്നുകേന്ദ്രം കൂടിയായ മാടായിപ്പാറയിൽ പ്രകൃതിനിരീക്ഷണത്തിനും പഠനത്തിനുമായി ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപ്പേർ എത്താറുണ്ട്.
വൈവിധ്യമാർന്ന മുന്നൂറോളം സസ്യങ്ങൾ മാടായിപ്പാറയിലുണ്ട്. ഓണക്കാലത്ത് പൂക്കൾ ശേഖരിക്കാൻ നാടൻപൂക്കളുടെ ഈ അക്ഷയഖനിയിലേക്ക് ദൂരസ്ഥലങ്ങളിൽനിന്നുപോലും കുട്ടികൾ എത്താറുണ്ട്.
ഉല്ലാസത്തിനും മറ്റുമായി മാടായിപ്പാറയിലെത്തുന്നവർ വാഹനങ്ങൾ പുൽമേടുകളിലേക്ക് കയറ്റിയിടുന്നതും ഭക്ഷണങ്ങളുടെയും മറ്റും മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും ഉൾപ്പെടെ പാറയിൽ വലിച്ചെറിയുന്നതും മാടായിപ്പാറയുടെ മനോഹാരിതയെ മാത്രമല്ല, സന്തുലനാവസ്ഥയെയും ബാധിക്കുന്നുണ്ട്. ഇതുമൂലം ഇവിടുത്തെ സസ്യജന്തു വൈവിധ്യങ്ങളുടെ ആവാസവ്യവസ്ഥയ്ക്കുതന്നെ വലിയ ഭീഷണിയാകുകയാണെന്ന് മാടായിപാറ സംരക്ഷണ സമിതി ഭാരവാഹിയായ സി കൃഷ്ണൻ മാസ്റ്റർ പറഞ്ഞു.