Exploration | 'മറയൂര്‍' ഒരു സ്വപ്‌നഭൂമി തന്നെയാണ്‌; മൂന്നാറിലെത്തുന്നവർ കാണാതെ പോകല്ലേ ചരിത്രം ഉറങ്ങി കിടക്കുന്ന ഈ സ്ഥലം

 
Ancient burial sites in Marayoor
Ancient burial sites in Marayoor

Photo Credit: X/ Kerala Tourism

● 5000 വർഷത്തോളം പഴക്കമുള്ള മുനിയറകളാണ് പ്രധാന ആകർഷണം.
● ചന്ദനക്കാടുകൾ, ശർക്കര ഉൽപ്പാദനം എന്നിവയും പ്രശസ്തം.
● തെങ്കാശിനാഥൻ ക്ഷേത്രം പ്രധാന ആരാധനാലയമാണ്.

ആൻസി ഇടുക്കി

(KVARTHA) ഇടുക്കി ജില്ലയിലെ എന്ന് മാത്രമല്ല, ഇന്ത്യയിലെ തന്നെ വളരെ  പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് മൂന്നാർ എന്ന് എല്ലാവർക്കും അറിയാം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വളരെയധികം ആളുകളാണ് ഒരോ വർഷവും മൂന്നാർ കാണാൻ എത്തുന്നത്.  മൂന്നാറിൻ്റെ തണുപ്പ് കാലാവസ്ഥയും ഭൂപ്രകൃതിയുമൊക്കെ ആരുടെയും മനസ്സിന് സുഖം പകരും എന്നത് തീർച്ച. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ഇരവികുളം വരയാട്‌ സങ്കേതവും മാട്ടുപ്പെട്ടിയിലും കുണ്ടള ഡാമും പാർക്കും, ഗാർഡനും ഒക്കെ കണ്ട്  ഒതുക്കും യാത്ര. പക്ഷേ, മൂന്നാറിന് സമീപത്തായി വളരെയധികം സ്ഥലങ്ങളും കാഴ്ചകളും അനേകം ഉണ്ടെന്ന് പലർക്കും അറിയില്ല. 

ശരിക്കും ചരിത്രം ഉറങ്ങി കിടക്കുന്ന ഒരു പ്രധാന സ്ഥലം മൂന്നാറിന് അടുത്തായി കിടപ്പുണ്ട്. അതാണ് മറയൂർ. എവിടുത്തെ ഏറ്റവും വലിയ പ്രത്യേകതകൾ 5000 വർഷത്തോളം പഴക്കമുള്ള മുനിയറകൾ ഉണ്ടെന്നുള്ളതാണ്. അതിന് ചരിതപരമായ വലിയ പ്രാധാന്യവുമുണ്ട്. കൂടാതെ ചന്ദന എസ്റ്റേറ്റ്, പഴത്തോട്ടം അങ്ങനെ പലതും. ഇവിടുത്തെ കരിമ്പ് കൃഷിയും ശർക്കര ഉൽപ്പാദനവും പ്രസിദ്ധമാണ്. എന്തുകൊണ്ടാണ് മൂന്നാർ സന്ദർശിക്കുന്നവർ മറയൂരും കാണേണ്ടത്. അവിടെ കാണേണ്ട പ്രധാന സ്ഥലങ്ങളും കാഴ്ചകളും എന്തൊക്കെ? . ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. 

കുറിപ്പിൽ പറയുന്നത്: 'മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന ഊര്‍ എന്നര്‍ത്ഥം. ഇത്‌ പാണ്ഡവരുമായി ബന്ധപ്പെട്ടതാണ്‌. വനവാസക്കാലത്ത്‌ ഇവിടെയും വന്നിരുന്നു എന്നു പറയുപ്പെടുന്നു. 10000 ബിസിക്കുമുമ്പുള്ള മഹാശിലായുഗകാലത്ത്‌ ഇവിടെ മനുഷ്യവാസമുണടായിരുന്നു എന്നതിനു തെളിവാണ്‌ മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും. മുതുവാന്മാര്‍ മലയുടെ ചെരുവുകളിലും മറ്റും പാര്‍ക്കുന്നുണ്ടെങ്കിലും അഞ്ചുനാട്ടുകാരായ ഗ്രാമക്കാരാണ്‌ മുമ്പെയുള്ള താമസക്കാര്‍. അഞ്ചുനാടിന്റെ പൂര്‍വ്വികര്‍ പാണ്ടിനാട്ടില്‍ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകള്‍ കയറി. അവര്‍ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. ഒടുവില്‍ അവര്‍ താഴ്‌വരയിലെത്തി. 

പല ജാതികളില്‍പ്പെട്ട അവരുടെ കൂട്ടത്തില്‍ തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു. അഞ്ചുനാട്ടുപാറയില്‍ ഒത്തുചേര്‍ന്ന അവര്‍ പാലില്‍തൊട്ട്‌ സത്യം ചെയ്‌ത്‌ ഒറ്റ ജാതിയായി. അവര്‍ അഞ്ച്‌ ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. അവര്‍ക്ക്‌ അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളുമുണ്ട്‌. നാലുവശവും മലകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മറയൂര്‍തടം. അങ്ങു ദൂരെ കാന്തല്ലൂര്‍ മലയുടെ താഴ്‌വാരം വരെ നീണ്ടു പോകുന്ന വയലുകള്‍. കാന്തല്ലൂര്‍ മലയുടെ നെറുകയില്‍ അഞ്ചുനാടിന്റെ കാന്തല്ലൂര്‍ ഗ്രാമം. പിന്നെ താഴേക്കു ചെരിഞ്ഞ്‌ കീഴാന്തൂര്‍ ഗ്രാമവും കാരയൂര്‍ ഗ്രാമവും. കൊട്ടകുടി ഗ്രാമം കാന്തല്ലൂര്‍ മലയ്‌ക്കപ്പുറമാണ്‌. അവര്‍ക്ക്‌ അവരുടേതായ ദൈവങ്ങളും ആഘോഷങ്ങളുമുണ്ട്‌. 

ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന്‌ എല്ലാ അര്‍ത്ഥത്തിലും മറയൂരിനെ വിളിക്കാം. മുക്കിനുമുക്കിന്‌ അമ്പലങ്ങള്‍. തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും മുപ്പതുമുക്കോടി ദൈവങ്ങളും മറയൂരില്‍ ഒരുമിച്ചു വാണു. നാലു വശവും മലകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മറയൂര്‍തടം മഴ നിഴലിലാഴ്‌ന്നു കിടന്നു. ചന്ദന കാടുകളില്‍ അവരുടെ മാടുകള്‍ മേഞ്ഞു. താഴ്‌വരയിലെ വയലുകളില്‍ നെല്ലും കൂവരകും വിളഞ്ഞു. പക്ഷേ ഇപ്പോള്‍ സ്ഥിതി ആകെ മാറി. വയലുള്ള ഊരുകാര്‍ കുറവാണ്‌. ഉള്ള വയലുകളെല്ലാം കുടിയേറിവന്ന മലയാളികള്‍ സ്വന്തമാക്കി. ഊരുകാരുടെ എസ്‌.എസ്‌.എല്‍.സി ബുക്കിലെ ജാതിക്കോളം ഒഴിഞ്ഞു കിടക്കുന്നു. ആദിവാസികളാണോ മലവേടനാണോ പിള്ളമാരാണോ എന്ന്‌ തീരുമാനമാവാതെ ബിരുദമെടുത്തവര്‍പോലും കരിമ്പുകാട്ടില്‍ പണിക്കുപോയി ജീവിക്കുന്നു. 

മുനിയറകള്‍

മുനിയറകളാണ്‌ മറയൂരിന്റെ മറ്റൊരു പ്രത്യേകത. മഹാശിലായുഗസംസ്‌ക്കാരത്തിന്റെ ബാക്കിപത്രം. അക്കാലത്തുള്ളവരെ മറവുചെയ്‌ത ശവക്കല്ലറകളാണെന്നും മുനിമാര്‍ തപസ്സുചെയ്‌തിരുന്നിടമാണെന്നും പറയപ്പെടുന്നു. ഒരാള്‍ക്ക്‌ നിൽക്കുകയും കിടക്കുകയും ചെയ്യാവുന്ന ഉയരവും നീളവുമുണ്ട്‌ ഓരോ മുനിയറക്കും. പലതും പൊട്ടിയും അടര്‍ന്നും വീണു തുടങ്ങി. മറയൂര്‍ കോളനി കഴിഞ്ഞ്‌ ഹൈസ്‌കൂളിനരുകിലെ പാറയില്‍ ധാരാളം മുനിയറകളുണ്ട്‌. 

ഹൈസ്‌ക്കൂളിനു പുറകിലെ പാറയുടെ നെറുകയില്‍നിന്നും മലയുടെ ചെരിവുകളില്‍നിന്നും നോക്കിയാല്‍ പാമ്പാറൊഴുകുന്നതു കാണാം. കോവില്‍ കടവും തെങ്കാശിനാഥന്‍ കോവിലും കാണാം. നാച്ചിവയലിലെ കരിമ്പുകാടുകളും, ചന്ദനമരങ്ങളും, പൈസ്‌നഗര്‍ സെമിനാരിയും പിന്നെയും എന്തൊക്കെ......... കോവില്‍ കടവില്‍ നിന്നും വീശുന്ന കാറ്റിന്‌ ചന്ദനത്തണുപ്പ്‌. ഒരു മുനിയറയുടെ മുകളിലെ കല്‌പാളികളില്‍ രണ്ടു വരകളുണ്ടെന്നു കേട്ടിട്ടുണ്ട്‌. പണ്ട്‌ പാണ്‌ഡവരുടെ തേരുരുണ്ടതാത്രേ. 

തെങ്കാശിനാഥന്‍ ക്ഷേത്രം 

മുനിയറ കണ്ട്‌ താഴോട്ടിറങ്ങിയാല്‍ കോവില്‍ക്കടവായി. പാമ്പാറിലേക്കിറങ്ങാന്‍ തോന്നുന്നെങ്കില്‍ ആ മോഹം ഉപേക്ഷിക്കുന്നതാണ്‌ നല്ലത്‌. ചില്ലുപാറയാണ്‌. പെട്ടെന്ന്‌ വഴുക്കും. അപകടം ഒപ്പമുണ്ട്‌. മുപ്പതുമക്കോടി ദൈവങ്ങളും അവര്‍ക്കൊക്കെ അമ്പലങ്ങളുമുണ്ടെങ്കിലും തെങ്കാശിനാഥന്‍ ക്ഷേത്രമാണ്‌ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നത്‌. പാണ്ഡവര്‍ വനവാസക്കാലത്ത്‌ മറയൂരില്‍ എത്തിയിരുന്നു എന്നും അവര്‍ ഒറ്റക്കല്ലില്‍ പണിതതാണ്‌ ഈ ക്ഷേത്രം എന്നും പറയുന്നു. കോവില്‍ക്കടവില്‍ പാമ്പാറിന്റെ തീരത്താണ്‌ ക്ഷേത്രം. 

അവിടെ ഒരു ഗുഹാമുഖമുണ്ട്‌. പ്രാചീനലിപികളില്‍ എന്തൊക്കെയോ കല്ലില്‍ കൊത്തിവെച്ചിട്ടുണ്ട്‌. അതുവായിക്കാനായാല്‍ ഗുഹാമുഖം തുറക്കുമത്രേ. ഗുഹ അവസാനിക്കുന്നത്‌ മുരുകന്റെ പഴനിമലയിലാണുപോലും. ഏതായാലും അടുത്തകാലത്തൊന്നും ആ ശിലാലിഖിതങ്ങള്‍ ആര്‍ക്കും വായിക്കാനായിട്ടില്ല. അളളുകളിലേക്ക്‌ ആര്‍ത്തുവീഴുന്ന പാമ്പാര്‍. അളളുകളുടെ താഴ്‌ച പാതാളം വരെ...... അവിടെ ജലകന്യകമാര്‍ വാഴുന്നു. മുമ്പെന്നോ തെങ്കാശിനാഥന്‍ കോവിലിനരികിലെ പ്ലാവില്‍ തൂങ്ങിചാവാന്‍ കൊതിച്ച തമിഴത്തി. 

കഴുത്തില്‍ കുരുക്കിയ കയര്‍ മുറുകിയില്ല. പുല്ലരിവാള്‍ കൊണ്ടവള്‍ കയററുത്തു. അവളുടെ ശരീരം പാമ്പാറിന്റെ ചുഴികളില്‍ വട്ടം കറങ്ങി, ചുവപ്പ്‌ പടര്‍ന്ന്‌ കൂത്തിലേക്ക്‌ പതിച്ചു. പിന്നീടോരോ വര്‍ഷവും തെങ്കാശിനാഥന്‍ കോവിലിനു മുന്നിലെ കുത്തില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ വീണു മരിക്കുന്നു. ചില്ലുപാറയുടെ കാന്തികശക്തി വലിച്ചടുപ്പിക്കുകയാണ്‌. പുത്തന്‍ ചെരിപ്പ്‌ കാല്‍കഴുകിയിടാന്‍ അച്ഛന്റെ കൈവിടുവിച്ച്‌ പാമ്പാറിലേക്കിറങ്ങിയോടിയകുട്ടി.....

ഊരുവിലക്കിയതിന്റെ പേരില്‍ നിറവയറുമായി പാമ്പാറിലേക്കെടുത്തുചാടിയ ഊരുകാരിപ്പെണ്ണ്‌...... പാമ്പാറിന്റെ ചുഴികളില്‍, ഗര്‍ത്തങ്ങളില്‍ ജലകന്യകമാര്‍ നീരാടി. അളളുകളിലേക്കു വീഴുന്നവരെ ജലകന്യകമാര്‍ വിഴുങ്ങി. പിന്നെയും എത്രയോപേര്‍............. തെങ്കാശിനാഥന്‍ കോവിലിലെ കാളിയുടെ നട തുറന്നിരുന്നകാലത്ത്‌ പത്തും പന്ത്രണ്ടുമൊക്കെയായിരുന്നു മരണം. നട അടച്ചതില്‍ പിന്നെ ഒന്നു രണ്ടുമൊക്കെയായി കുറഞ്ഞിട്ടുണ്ട്‌ എന്ന്‌ ഇവിടത്തുകാര്‍ പറയുന്നു. 

അക്കാതങ്കച്ചി മല 

നാലുവശവും മലകളാണെങ്കിലും അക്കാതങ്കച്ചി മലയ്‌ക്കാണ്‌ കഥ പറയാനുള്ളത്‌. മുമ്പ്‌ കൂട്ടുകാരികള്‍ വിറകുപെറുക്കാന്‍ കാട്ടില്‍ പോയി. അവര്‍ വിറകുപെറുക്കിക്കഴിഞ്ഞ്‌ ക്ഷീണമകറ്റാന്‍ ഒരു ഗുഹയക്കുള്ളില്‍ കയറി ഇരുന്ന്‌ പേന്‍ പെറുക്കിക്കൊണ്ടിരുന്നു. പേന്‍പെറുക്കിയിരുന്നു അക്കൂട്ടത്തിലെ അനിയത്തിയും ജ്യേഷ്‌ഠത്തിയും ഉറങ്ങിപ്പോയി. കൂട്ടുകാരൊക്കെ വിറകുമായി നടന്നു. അനിയത്തിയേയും ജ്യേഷ്‌ഠത്തിയേയും കാണാതെ അന്വേഷിച്ചു വന്നവര്‍ കണ്ടത്‌ ഗുഹാമുഖം അടഞ്ഞിരിക്കുന്നതാണ്‌.

അന്നുമുതല്‍ ആ മലക്ക്‌ അക്കാതങ്കച്ചി മലയെന്നു പേരു വന്നു. കാലാവസ്ഥ മൂന്നാറിന്‌ സമാനമായ തണുപ്പ്‌ മറയൂരുമുണ്ട്‌. എന്നാല്‍ മഴ വളരെ കുറവാണ്‌. അത്‌ പുതച്ചിക്കനാല്‍ വഴി തടത്തെ നനക്കുന്നു. പെയ്യുന്നത്‌ അധികവും നൂര്‍മഴയാണ്‌. വര്‍ഷത്തില്‍ 50 സെമി താഴെയാണ്‌ മഴ ലഭിക്കുന്നത്‌. കേരളത്തില്‍ ഇടവപ്പാതി തകര്‍ത്തുപെയ്യുമ്പോള്‍ മറയൂരില്‍ കാറ്റാണ്‌. ആളെപ്പോലും പറത്തിക്കളയുന്നകാറ്റ്‌. തുലാമഴയാണ്‌ കൂടുതല്‍. മലമുകളില്‍ മഴപെയ്യും. നാലു വശവുമുള്ള മലകള്‍ മഴയെ തടഞ്ഞു നിര്‍ത്തും. അതുകൊണ്ട്‌ എപ്പോഴും താഴ്വര മഴ നിഴലിലാഴ്‌ന്നു കിടക്കും. 

പിന്നെ മഞ്ഞാണ്‌. വര്‍ഷത്തില്‍ അധികവും ഈ കലാവസ്ഥയായതുകൊണ്ട്‌ ശീതകാല പച്ചക്കറിക്കളായ കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, കാബേജ്‌, കോളിഫ്‌ളവര്‍, ഉരുളക്കിഴങ്ങ്‌, ഉള്ളി തുടങ്ങിയവ നന്നായി വളരും. കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏക സഥലമാണ്‌ അഞ്ചുനാടുകളിലൊന്നായ കാന്തല്ലൂര്‍. ഈ സവിശേഷ കാലാവസ്ഥകൊണ്ടാവാം ചന്ദനം വളരാനും കാരണം. തമിഴരും മലയാളികളും ഇടകലര്‍ന്നു ജീവിക്കുന്നു. തമിഴരില്‍ അധികവും കണ്ണന്‍ ദേവന്‍ തോട്ടത്തില്‍ നി്‌ന്ന്‌ പിരിഞ്ഞശേഷം മറയൂരില്‍ താമസമാക്കിയവരാണ്‌. കച്ചവടവും കാലിനോട്ടവുമൊക്കെയായി പലതരത്തില്‍ വന്നവരുമുണ്ട്‌. 

മലയാളികളില്‍ അധികവും കോളനി കിട്ടിവന്നവരാണ്‌. ജോലികിട്ടി വന്നവരും കുടിയേറി വന്നവരുമുണ്ട്‌. പട്ടം താണുപിള്ള ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളില്‍ കോളനി അനുവദിച്ചപ്പോള്‍ അതിലൊന്ന്‌ മറയൂരായിരുന്നു. അന്നു അഞ്ചേക്കര്‍ കോളനി കിട്ടിയ പലരും അതുപേക്ഷിച്ചുപോയി. കാലാവസ്ഥയുമായി മല്ലിടാന്‍ വയ്യാതെയും ഉള്ളിയും ഉരുളക്കിഴങ്ങും മാത്രമേ വിളയൂ എന്ന ധാരണയിലുമായിരുന്നു. ഇന്ന്‌ തെങ്ങ്‌ വ്യാപകമായിക്കഴിഞ്ഞു. 

ഗുണനിലവാരത്തിന്‌ പേരുകേട്ടതാണ്‌ മറയൂര്‍ ശര്‍ക്കര. ഒരിക്കല്‍ കരിമ്പുനട്ടാല്‍ നാലഞ്ചുവര്‍ഷത്തേക്ക്‌ വേറെ ചെടി നടേണ്ട. കരിമ്പുവെട്ടിക്കഴിഞ്ഞാല്‍ വയലില്‍ തീയിടുകയാണ്‌ ചെയ്യുന്നത്‌. പിന്നെ ഒരാഴ്‌ചയോളം വെള്ളം കെട്ടിനിര്‍ത്തും. കത്തിയ കരിമ്പിന്‍ കുറ്റികള്‍ തളിര്‍ക്കാന്‍ തുടങ്ങും. അഞ്ചുനാടുകളില്‍ മാത്രമുള്ള കൃഷിരീതിയാണ്‌ പൊടിവിത. പണ്ട്‌ പണ്ട്‌ രണ്ടയല്‍ക്കാര്‍ തമ്മില്‍ പിണക്കമായിരുന്നു. ഒന്നാമന്‍ തന്റെ വയലില്‍ വിത്തുവിതച്ചു. വിത്തുമുളച്ചുവരുന്നതു കണ്ടപ്പോള്‍ അയല്‍ക്കാരന്‌ സഹിച്ചില്ല. അയാള്‍ തന്റെ കാളയെ വെച്ച്‌ മുളച്ചുവന്ന നെല്ലുമുഴുവന്‍ ഉഴുതുമറിച്ചിട്ടു. 

ഒന്നാമന്‍ പരാതിയുമായി നാട്ടുകൂട്ടത്തെ സമീപിച്ചു. നാട്ടുകൂട്ടം സത്യമറിയാന്‍ വന്നപ്പോള്‍ കണ്ടത്‌ ഉഴുതുമറിച്ചിട്ട വയലില്‍ നെല്ല്‌ തഴച്ചു വളരുന്നതാണ്‌. അന്നുതുടങ്ങിയതാണിവിടെ പൊടിവിത. ചരിത്രമറിയേണ്ടവര്‍ക്ക്‌ അഞ്ചുനാടുകളില്‍ പോകാം. അവരുടെ ആഘോഷങ്ങളും ആചാരങ്ങളും കാണാം. പങ്കുചേരാം... റോഡുമാര്‍ഗ്ഗം മാത്രമാണ്‌ യാത്ര പറ്റൂ. താമസത്തിന്‌ ധാരാളം ഹോട്ടലുകള്‍ ഇപ്പോഴുണ്ട്‌. 

മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ഇരവികുളം വരയാട്‌ സങ്കേതവും മാട്ടുപ്പെട്ടിയിലും ഒതുക്കും യാത്ര. ആ യാത്ര മറയൂരിലേക്കുകൂടി നീട്ടിയാല്‍ അതൊരിക്കലും നഷ്ടമാവില്ല. തൂവാനം വെള്ളച്ചാട്ടവും രാജീവ്ഗാന്ധി ദേശീയപാര്ക്കും മറയൂരിന് സമീപമാണ്. തട്ടുതട്ടായ പച്ചക്കറി തോട്ടങ്ങളും കരിമ്പും നെല്‍ വയലുകളും മഞ്ഞും നൂല്‍ മഴയുമൊക്കെയായി മറയൂര്‍ ഒരു സ്വപ്‌നഭൂമി തന്നെയാണ്‌'.

തീർച്ചയായും മൂന്നാർ എത്തുന്നവർ മറയൂരും കണ്ട് മടങ്ങാൻ ശ്രദ്ധിക്കുക. അത് ഒരു പുത്തൻ ഉണർവും അറിവും പ്രധാനം ചെയ്യും. മുനിയറ ഒക്കെ വിദ്യാർത്ഥികൾ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ്. മുനിയറ എന്ന ചരിത്രത്തിൻ്റെ ഭാഗമായ ഒന്നിനെ തിരിച്ചറിയുക എന്നത് അവർക്ക് കൗതുകവും വിസ്മയവുമാകും. പിന്നെ ശർക്കര ഉണ്ടാക്കുന്നത് കാണാനും പറ്റും.

#Marayoor #Kerala #India #Travel #History #Culture #AncientSites #Nature #Vacation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia