Travel | എറണാകുളത്ത് കാണേണ്ട പ്രധാനപ്പെട്ട 8 വിനോദസഞ്ചാര കേന്ദ്രങ്ങൾ
* ഹിൽ പാലസ് കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമാണ്.
* എറണാകുളം കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ്.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) എറണാകുളത്തെപ്പറ്റി പറഞ്ഞാൽ കായലും കടലുമായി ചുറ്റപ്പെട്ടു കിടക്കുന്ന ജില്ല എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ കടൽ, കായൽ യാത്രയ്ക്ക് പേരുകേട്ട ഇടം കൂടിയാണ് കേരളത്തിൻ്റെ വാണിജ്യതലസ്ഥാനമായ എറണാകുളം. കേരളത്തിൽ എത്തുന്ന മിക്ക വിനോദസഞ്ചാരികളും ആദ്യം എറണകുളത്ത് എത്തിയ ശേഷമായിരിക്കും മറ്റിടങ്ങളിലേയ്ക്ക് യാത്ര തിരിക്കുക. കേരളത്തിൻ്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജില്ല എന്നതുകൊണ്ട് തന്നെ സഞ്ചാരികളായി എത്തുന്നവരെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് കൂടി ബന്ധിപ്പിക്കുന്ന ജില്ലകൂടിയാകുന്നു എറണാകുളം. ജില്ലയിൽ കണ്ടിരിക്കേണ്ട വളരെപ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും അവിടേയ്ക്ക് എങ്ങനെ എത്തിച്ചേരാമെന്നതിനെക്കുറിച്ചുമാണ് ഇവിടെ കുറിക്കുന്നത്.
1. ഭൂതത്താൻകെട്ട്
കോതമംഗലത്തിന് സമീപമാണ് ഭൂതത്താൻകെട്ട് സ്ഥിതി ചെയ്യുന്നത്. തട്ടേക്കാട് സലിം അലി പക്ഷി സങ്കേതത്തിനടുത്തുള്ള പ്രശസ്തമായ വിനോദ കേന്ദ്രമാണ്. ബോട്ടിംഗ് സൗകര്യങ്ങൾ ഉള്ള മനോഹരമായ ഡാം സൈറ്റ് വിശാലമായ കന്യക വനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരുപാട് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരിടം കൂടിയാണ് ഭൂതത്താൻകെട്ട് ഡാം സൈറ്റ്.
സമീപ വിമാനത്താവളം: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 42.2 കി. മീ.
ട്രെയിന്‍ മാര്‍ഗം: സമീപ റെയിൽവെ സ്റ്റേഷൻ: എറണാകുളം ജങ്ഷൻ സ്റ്റേഷൻ, ഏകദേശം 60.9 കി. മീ.
റോഡ് മാര്‍ഗം: ആലുവ - മൂന്നാർ റോഡ് വഴി ഒരു മണിക്കൂർ 57 മിനിറ്റ് (62.8 കി. മീ.)
Image Credit: Facebook/ Bhoothathankettu
2. ചെറായി ബീച്ച്
വൈപ്പിൻ്റെ ഭാഗമാണ് ചെറായി. 15 കിലോമീറ്റർ നീളമുള്ളതും ആഴം കുറഞ്ഞതും വൃത്തിയുള്ളതുമായ ഈ കടൽത്തീരം കൊച്ചിയിൽ നിന്നും 30കിലോമീറ്റർ അകലെയാണ് ഉള്ളത്. ചിപ്പികളും കായൽ -കടൽ സംഗമവും പലപ്പോഴായി വരുന്ന ഡോൾഫിനുകളും ഈ കടൽത്തീരത്തിന്റെ ആകർഷണമാണ്. ഒരുപാട് വിനോദസഞ്ചാരികൾ കടലിൽ നീന്തുവാനും വെയിൽ കായുവാനുമായി ചെറായി കടൽത്തീരത്തെത്തുന്നു .
സമീപ വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 20 കിലോമീറ്റർ
ട്രെയിന്‍ മാര്‍ഗം: ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: എറണാകുളം ജംഗ്ഷൻ സ്റ്റേഷൻ, 26 കിലോമീറ്റർ റോഡ് മാര്‍ഗം: ഏറ്റവും മികച്ച മാർഗം കൊച്ചി മുതൽ വൈപ്പിൻ ദ്വീപ് വരെ ഫെറി വഴിയും പിന്നീട് ലോക്കൽ ബസിലൂടെ ചെറായി ജംഗ്ഷനിലും എത്തുക എന്നതാണ്. അവിടെ നിന്ന് ചെറായി ബീച്ചിലേക് ഓട്ടോറിക്ഷ ലഭിക്കുന്നതാണ്.
Image Credit: Facebook/ Cherai beach
3. ഹിൽ പാലസ്
ഈ മനോഹരമായ കൊട്ടാരം തൃപ്പൂണിത്തറയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്. 54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളുണ്ട്.
ഇപ്പോൾ മ്യൂസിയമാക്കപ്പെട്ട ഹിൽ പാലസ്, തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഹിൽ പാലസ്. കൊച്ചി മഹാരാജാവ് തന്റെ സ്വന്തം സമ്പാദ്യമുപയോഗിച്ച് 1865-ൽ പണികഴിപ്പിച്ചതാണ് ഹിൽ പാലസ്. 1980-ൽ കൊച്ചി രാജകുടുംബം ഈ കൊട്ടാരം കേരള സർക്കാറിനു കൈമാറി. പിന്നീട് പുരാവസ്തു വകുപ്പിന്റെ കീഴിലായ ഹിൽ പാലസ് 1986 മ്യൂസിയമാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
പ്രശസ്തമായ മണിച്ചിത്രത്താഴ് ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങൾ ഈ കൊട്ടാരത്തിൽ വച്ച് ചിത്രീകരിച്ചിട്ടുണ്ട്. 1991-ലാണ് മ്യൂസിയം തുറന്നു പ്രവർത്തനമാരംഭിച്ചത്. നിലവിലിവിടെ 11 ഗാലറികളുണ്ട്. കൊച്ചി മഹാരാജാവും രാജകുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പുരാതനമായ ശിലാഫലകങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ, തുടങ്ങീ നിരവധി വസ്തുക്കൾ മ്യൂസിയത്തിലുണ്ട്.
സമീപ വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 32 കി. മീ.
ട്രെയിന്‍ മാര്‍ഗം: സമീപ റെയിൽവെ സ്റ്റേഷൻ: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ, ഏകദേശം 2 കി. മീ. റോഡ് മാര്‍ഗം: എറണാകുളത്തുനിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ബസ് വഴിയോ ഓട്ടോ റിക്ഷയിലോ എത്തിച്ചേരാം.
Image Credit: Facebook/ Hill palace,
4. ഫോർട്ട് കൊച്ചി
കേരള ചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാൻസിസ് പള്ളി (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി), ഡച്ച് സെമിത്തേരി, ചീനവലകൾ, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ്പ് ആയിരുന്നു ഫോർട്ട് കൊച്ചി. ഫോർട്ട് കൊച്ചിയുടെ വാസ്തുകലാ പാരമ്പര്യം ശ്രദ്ധയോടെ ഇന്നും പരിപാലിച്ചിരിക്കുന്നു.
ഫോർട്ട് കൊച്ചി കാർണിവൽ എല്ലാ വർഷവും പുതുവർഷ ദിനത്തിൽ ആഘോഷിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഈ കാർണിവൽ കാണാനെത്തുന്നു. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാർണിവലിന്റെ ഭാഗമായി നടക്കുന്നു ഇന്ത്യൻ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പൽ ഫോർട്ട് കൊച്ചിയിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരം, ജൂതപ്പള്ളി എന്നിവ അടുത്താണ്. എറണാകുളം നഗരകേന്ദ്രത്തിൽ നിന്നും, റോഡ് മാർഗ്ഗം 12 കി.മീ അകലെയാണിത്.
സമീപ വിമാനത്താവളം: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 36.5 കി. മീ.
ട്രെയിന്‍ മാര്‍ഗം: സമീപ റെയിൽവേ സ്റ്റേഷൻ: എറണാകുളം ജംഗ്ഷൻ സ്റ്റേഷൻ, ഏകദേശം 12.5 കി. മീ.
റോഡ് മാര്‍ഗം: ഫോർട്ട് കൊച്ചി എറണാകുളത്തുനിന്ന് ഫെറി വഴിയാണെങ്കിൽ 15 മിനിറ്റ് അകലെയാണ്.
Image Credit: Facebook/ Fort Kochi
5. എറണാകുളം ശിവക്ഷേത്രം
എറണാകുളം നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള കൊച്ചി കായലിലേക്ക് ദർശനം ചെയ്തു സ്ഥിതി ചെയ്യുന്നു. അത്യുഗ്രമൂർത്തിയായ പരമശിവനാണ് മുഖ്യ പ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ വരുന്ന ക്ഷേത്രമാണിത്. ദർബാർ ഹാൾ ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മഹാരാജാവിന്റെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടതാണ്. ഐതിഹ്യം അനുസരിച്ച്, കൊച്ചി മഹാരാജാവിന്റെ ഏഴ് രാജകീയ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്. ഈ ക്ഷേത്രത്തിന്റെ ചരിത്രം നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പരശുരാമ പ്രതിഷ്ഠിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയർപോർട്ട്. ഇവിടേയ്ക്ക് 35 കിലോമീറ്റർ ദൂരമുണ്ട്. ട്രെയിന്‍ മാര്‍ഗം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, ആലുവ റെയിൽവേ സ്റ്റേഷൻ എന്നിവയാണ് സമീപത്തുള്ള പ്രധാന കേന്ദ്രങ്ങൾ. റോഡ് മാര്‍ഗം അടുത്തുള്ള ബസ് സ്റ്റോപ്പ് സൗത്ത് അല്ലെങ്കിൽ പള്ളിമുക്ക് ആണ്. ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ.
Image Credit: Facebook/ Ernakulathappan Siva Temple
6. ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോനാ പള്ളി
എറണാകുളം നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള ഇടപ്പള്ളിയിലാണ് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന റോമൻ കത്തോലിക്ക പള്ളികളിൽ ഒന്നായ സെൻറ് ജോർജ് ഫൊറോനാ പള്ളി സ്ഥിതി ചെയ്യുന്നത്. എല്ലാ വർഷവും ഇവിടെ ലക്ഷക്കണക്കിന് പേർ വരുന്നു. ഇടപ്പള്ളി പള്ളി എന്ന പേരിൽ അറിയപ്പെടുന്ന ഈ ദേവാലയം, എ ഡി 594 ൽ നിർമിക്കപെട്ടതാണ്.
എ.ഡി 1080 ൽ, എണ്ണത്തിൽ വളരെയധികം വളർന്ന സഭയെ ഉൾക്കൊള്ളാൻ പഴയ സഭയോട് ചേർന്ന് ഒരു വലിയ പള്ളി നിർമ്മിക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ കത്തീഡ്രൽ ദേവാലയമാണ് ഇടപ്പള്ളി തീർത്ഥാടന പള്ളി. ഇടപ്പള്ളി സെന്റ് ജോർജിന്റെ അത്ഭുതങ്ങൾ ഉണ്ടായെന്ന വിശ്വാസ പ്രകാരം, കത്തോലിക്കാ സഭ ഈ ദേവാലയത്തെ ഒരു നാഷനൽ ബസലിക്കയുടെ സ്ഥാനത്തേക്ക് ഉയർത്താൻ തീരുമാനിച്ചു.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏകദേശം 22 കിലോമീറ്റർ ദൂരം. ട്രെയിന്‍ മാര്‍ഗം എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ നിന്ന് 7.5 കി.മീ. ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും റോഡ് മാർഗം ഇവിടെ എത്തിച്ചേരാം. ദേശീയപാത 47, ദേശീയപാത 17 ഇടപ്പള്ളി ബൈപാസ് ജംഗ്ഷനിൽ ചേരുന്നു. ഇത് മഹാരാഷ്ട്രയിൽ പൻവേൽ വരെ തുടരുന്നു.
Image Credit: Facebook/ St. George Forane Church, Edappally
7. മംഗളവനം
കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 0.0274 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തൃതി. കണ്ടൽക്കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികൾ എത്താറുണ്ട്. ചിലന്തികളൂം വവ്വാലുകളും ഇവിടുത്തെ പ്രധാന ആകർഷണീയതയാണ്.
2004ൽ നിലവിൽ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്.
കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്. മംഗൾ എന്ന വാക്കിന് പോർച്ചുഗീസ് ഭാഷയിൽ കണ്ടൽ എന്നാണ് അർത്ഥം. മെയ് 2006 ൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇവിടെ 32 ഇനത്തിൽ പെടുന്ന 194 ലധികം പക്ഷികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഈ ഭാഗത്ത് നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പക്ഷികളുടെ തരങ്ങൾ 72 ആണ്. ഇത് കൂടാതെ 17 തരത്തിൽ പെട്ട ചിത്രശലഭങ്ങളും ഇവിടെ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുടാതെ 51 തരം വർഗ്ഗത്തിൽപ്പെട്ട ചിലന്തികളും ഉണ്ട്.
സമീപ വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 34 കിലോമീറ്റർ
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: എറണാകുളം സൗത്ത്, ഏകദേശം 4 കിലോമീറ്റർ
റോഡ് മാര്‍ഗം: എറണാകുളത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ്.
Image Credit: Facebook/ Mangala Vanam
8. വണ്ടർലാ
ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് വണ്ടർലാ. ഇത് കേവലം ഒരു അമ്യൂസ്മെന്റ് പാർക്ക് മാത്രമല്ല, ചെറിയ നിമിഷങ്ങൾ ആഘോഷിക്കാനും വലിയ അദ്ഭുതങ്ങളും പങ്കിടാനുമുള്ള ഒരു സ്ഥലമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ പാകത്തിൽ ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. രസകരമായ കാഴ്ചകളും സിമ്മിംഗ് പൂളിലൂടെയുള്ള ബോട്ട് യാത്രയും പൊതുപരിപാടികളുമൊക്കെ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ആണ്.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെയാണ്. ട്രെയിന്‍ മാര്‍ഗം കൊച്ചി സിറ്റി സെന്റർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 18.8 കിലോമീറ്റർ. റോഡ് മാര്‍ഗം എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് കാക്കനാട് ബസ്സിലേക്ക്. കാക്കനാട്ട് മുതൽ ഏഴ് കിലോമീറ്റർ വണ്ടർലായിലേയ്ക്ക്. മുവാറ്റുപുഴ / തൊടുപുഴയിലേക്കുള്ള പള്ളിക്കര വഴി പോകുന്ന ബസുകൾ നിങ്ങളെ വണ്ടർലയുടെ പ്രധാന കവാടത്തിൽ എത്തിക്കും.
ഇനിയും കാണേണ്ട ധാരാളം സ്ഥലങ്ങൾ എറണാകുളം ജില്ലയുടെ ഭാഗമായിട്ടുണ്ട്. എന്നാൽ വളരെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെക്കുറിച്ച് ഇവിടെ സൂചിപ്പിച്ചുവെന്ന് മാത്രം. ഈ സ്ഥലങ്ങളിൽ എത്തുന്നവർക്ക് മറ്റ് സ്ഥലങ്ങളിലേയ്ക്കും പോകുവാനും കാണുവാനും എളുപ്പമായിരിക്കും. റോഡ്, ജല, വായു ഗതാഗത മാർഗ്ഗത്തിലൂടെ വളരെ എളുപ്പത്തിൽ സഞ്ചാരിക്കാമെന്നതാണ് എറണാകുളം ജില്ലയുടെ പ്രത്യേകത.
Image Credit: Facebook/ Wonderla
#KeralaTourism #Ernakulam #IndiaTravel #Backwaters #Beach #Fort #Temple #Wildlife