Destinations | പാലക്കാട് കാണേണ്ട പ്രധാനപ്പെട്ട 17 വിനോദസഞ്ചാര കേന്ദ്രങ്ങൾ 

 
17 important tourist attractions in palakkad


വ്യത്യസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാം എന്നതാണ് പാലക്കാടിലേക്ക്  സഞ്ചാരികളെ ആകര്‍ഷിക്കുന്നത്

ഏദൻ ജോൺ 

പാലക്കാട്: (KVARTHA) കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് ജില്ല വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരിടം കൂടിയാണ്. സഞ്ചാരികളൂടെ മനംമയക്കുന്ന ധാരാളം കാഴ്ചകൾ കേരളത്തിന്റെ ഏറ്റവും വലിയ ജില്ലയെന്ന് അറിയപ്പെടുന്ന പാലക്കാട് ഉണ്ട്. വ്യത്യസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാം എന്നതാണ് പാലക്കാടിലേക്ക്  സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. അത്തരത്തിൽ കാണേണ്ട ജില്ലയിലെ പ്രധാനപ്പെട്ട 17 വിനോദസഞ്ചാര കേന്ദ്രങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു. 

1. പാലക്കാട് കോട്ട

പാലക്കാട് ജില്ലയിൽ എത്തിയാൽ പ്രധാനമായും കാണേണ്ട ഒന്നാണ്  ടിപ്പു സുൽത്താന്റെ കോട്ട. പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കോട്ട 1766ൽ മൈസൂർ രാജാവായിരുന്ന ഹൈദരലി  പണികഴിപ്പിച്ചതാണ്. ഈ കോട്ട പിന്നീട്  ബ്രിട്ടീഷുകാർ പുനരുദ്ധരിക്കുകയായിരുന്നു. പാലക്കാട് സ്പെഷൽ സബ് ജയിലും ഒരു ചെറിയ ഹനുമാൻ ക്ഷേത്രവും കോട്ടക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട. 

കോട്ടക്കും പാലക്കാട് ടൗൺ ഹാളിനും ഇടയ്ക്കായി ഒരു വലിയ മൈതാനം ഉണ്ട്. ഇത് കോട്ട മൈതാനം എന്ന് അറിയപ്പെടുന്നു. ഒരുകാലത്ത് ടിപ്പുസുൽത്താന്റെ ആനകൾക്കും കുതിരകൾക്കും ലായം ആയിരുന്ന ഈ മൈതാനം ഇന്ന് ക്രിക്കറ്റ് മത്സരങ്ങൾ, പ്രദർശനങ്ങൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ നടത്താൻ ഉപയോഗിക്കുന്നു. ഇവിടുത്തെ കുട്ടികളുടെ പാർക്കും പ്രസിദ്ധമാണ്.  പാലക്കാട് എത്തുന്ന വിനോദസഞ്ചാരികൾ ഈ കോട്ട സന്ദർശിച്ചില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാവും. 

2. മലമ്പുഴ 

പാലക്കാട് ജില്ലയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് മലമ്പുഴ. മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം) എന്നിവയാണ് മലമ്പുഴയിൽ എത്തിയാൽ പ്രധാനമായും കാണേണ്ടത്. മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം കാനായി കുഞ്ഞിരാമൻ തീർത്ത യക്ഷി എന്ന വലിയ സിമന്റ് ശില്പം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് 

മലമ്പുഴ ഡാമിനോട് അനുബന്ധിച്ചുള്ള കനാൽ സംവിധാനം. 1955 -ൽ ആണ് മലമ്പുഴ ഡാം നിർമ്മിച്ചത്. കേരളത്തിലെ ആദ്യത്തെ അമ്യൂസ്‌മെന്റ് പാർക്കായ ഫാന്റസി പാർക്ക് മലമ്പുഴ ഡാമിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ്. പാലക്കാട് നിന്ന് റോഡ് മാർഗം മലമ്പുഴയിൽ എത്താൻ ഏകദേശം 10 കിലോ മീറ്റർ ദീരം വരും 


3. കാഞ്ഞിരപ്പുഴ ഡാം

പാലക്കാട്ട് നിന്നും തച്ചമ്പാറ മുതുകുറുശ്ശി വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പുഴയിൽ ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌  കാഞ്ഞിരപ്പുഴ ഡാം. ഈ ഡാമിനോട്‌ ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഒരു പാർക്കും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്. മണ്ണാർക്കാട്‌ വഴി 10 കി.മീ സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. 

4. അനങ്ങൻ മല

ഒറ്റപ്പാലം ഭാഗത്ത് ഷൂട്ട് ചെയ്യുന്ന സിനിമകളിൽ ഒരു സീനിലെങ്കിലും അനങ്ങൻ മല കാണിച്ചിരിക്കും. ഹിമാലയത്തില്‍ നിന്ന് ഔഷധച്ചെടികള്‍ നിറഞ്ഞ മരുത്വാമല പറിച്ചെടുത്ത് ലങ്കയിലേക്ക് പോകുകയായിരുന്ന ഹനുമാന്റെ കയ്യില്‍ നിന്ന് അടര്‍ന്നു വീണ ഒരു തുണ്ട് മലയാണ് പിന്നീട് അനങ്ങന്‍മലയായി പരിണമിച്ചത് എന്നാണ് ഐതിഹ്യം. അനങ്ങൻ മലയുടെ മുകളിൽ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനും ചെർപ്പുളശ്ശേരിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന അങ്ങനടി എന്ന ഗ്രാമത്തിന്റെ ഒരു ഭാഗമാണ് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന അനങ്ങൻ മല. ഒറ്റപ്പാലത്തു നിന്നും ചെർപ്പുളശ്ശേരി റൂട്ടിൽ കീഴൂർ ജൻക്ഷനിൽ നിന്നും തിരിഞ്ഞു കയറിയാൽ അനങ്ങൻ മല ഇക്കോ ടൂറിസത്തിന്റെ  കവാടത്തിൽ എത്തിച്ചേരും. 

5. വരിക്കാശ്ശേരി മന

ഒട്ടേറെ  സിനിമകളിൽ തറവാടായി എത്തിയ വരിക്കാശ്ശേരി മന മലയാളികൾക്ക് സുപരിചിതമാണ്. വള്ളുവനാട്ടിലെ ആഢ്യ സമ്പന്ന ബ്രാഹ്മണ കുടുംബങ്ങളിൽ പ്രഥമസ്ഥാനീയരായിരുന്നു വരിക്കാശ്ശേരി മനക്കാർ. മലയാള സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷൻ കൂടിയായ വരിക്കാശ്ശേരി മന ഒറ്റ‍പാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. രഞ്ജിത്, ഐ.വി.ശശി, മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദേവാസുരത്തിലൂടെയാണ് മനയുടെ പ്രൗഢി സിനിമാ ലോകം അറിഞ്ഞു തുടങ്ങിയത്. 

പിന്നീട് ഹിറ്റായ നരസിംഹം, ആറാം തമ്പുരാൻ, ചന്ദ്രോത്സവം, രാവണപ്രഭു, മാടമ്പി തുടങ്ങിയ ചിത്രങ്ങളിലും ഈ മന സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമക്കാര്‍ക്കിടയില്‍ വൻപ്രചാരം ലഭിച്ച മനയെക്കുറിച്ചറിഞ്ഞ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാക്കാരും ഇവിടേക്ക് വരാറുണ്ട്. ഒറ്റപ്പാലത്ത് നിന്നും ഷൊര്‍ണൂര്‍ക്ക് പോകുന്ന സ്റ്റേറ്റ് ഹൈവേയോട് ചേര്‍ന്നുള്ള ഒരു ചെറുഗ്രാമം ആണ് മനിശ്ശേരി. അവിടെ നിന്നും തെക്കുഭാഗത്തേക്ക്‌ ഭാരതപ്പുഴയിലെക്കുള്ള റോഡിനോട് ചേര്‍ന്നാണ് വിഖ്യാതമായ വരിക്കാശ്ശേരി മന സ്ഥിതി ചെയ്യുന്നത്. 

6. കിള്ളിക്കുറിശ്ശിമംഗലം 

മലയാളത്തിലെ പ്രശസ്ത സരസകവിയും ഓട്ടംതുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമാണ് കിള്ളിക്കുറിശ്ശിമംഗലം. കുഞ്ചൻ നമ്പ്യാരുടെ ഓർമ്മക്കായി സ്ഥാപിച്ച കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും ഇവിടെയുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ സ്മരണകളെ ദീപ്തമാക്കുന്നതാണ് കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം. അദ്ദേഹം ജനിച്ച കലക്കത്തു ഭവനവും അതോടനുബന്ധിച്ച 56 സെന്റ് സ്ഥലവുമാണ് ദേശീയ സ്മാരകമാക്കിയിട്ടുള്ളത്. 

കുഞ്ചന്‍ സ്മാരകം സാധാരണയായി കണ്ടു വരാറുള്ള വെറും കെട്ടിട സ്മാരകമല്ല. അനുഗ്രഹീതമായ തുള്ളല്‍ എന്ന കലയെ പോഷിപ്പിക്കുന്ന ഒരിടം കൂടിയാണ്. പറയന്‍, ഓട്ടന്‍ , ശീതങ്കന്‍ തുള്ളലുകളും നൃത്ത രൂപങ്ങളും സംസ്കൃത ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക്, പ്രത്യേകിച്ചു വിദേശീയര്‍ക്കു ഇവിടത്തെ അധ്യാപകരും വിദ്യാര്‍ഥികളും തുള്ളലിനെ കുറിച്ച് ആവശ്യമായ വിവരണങ്ങള്‍ നല്‍കുകയും അവര്‍ക്കായി പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. 

7. മീൻവല്ലം വെള്ളച്ചാട്ടം

നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ് പാലക്കാടു നിന്നു 22 കിലോമീറ്റർ അകലെ കരിമ്പ ഗ്രാമപഞ്ചായത്തിലുള്ള മീൻവല്ലം വെള്ളച്ചാട്ടം. കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ  കല്ലടിക്കോട് തുപ്പനാട് ജംഗ്ഷനിൽ നിന്ന് എട്ടു കിലോമീറ്റർ കിഴക്കോട്ട്, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ ഇറിഗേഷൻ കനാലിന്റെ വശങ്ങളിലൂടെ സഞ്ചരിച്ച് മൂന്നേക്കർ എന്ന സ്ഥലത്തും അവിടെനിന്ന് മീൻവല്ലത്തും എത്താം. 

8. പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം 

പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന  പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. 

പാലക്കാട് നിന്നും പറമ്പിക്കുളത്തേക്ക് കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നുണ്ട്. പറമ്പിക്കുളം റിസര്‍വോയറില്‍ ബോട്ടു യാത്രയ്ക്ക് സൗകര്യമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ട്രക്കിംഗ് നടത്തുകയും ചെയ്യാം. പറമ്പിക്കുളം സങ്കേതത്തിന്റെ ആസ്ഥാനമായ തൂണിക്കടവിനടുത്ത് ഒരു ട്രീ ഹൗസ് ഉണ്ട്. ഇവിടെ താമസിക്കാന്‍ നേരത്തെ ബുക്കിഗ് നടത്തേണ്ടതുണ്ട്. തൂണക്കടവ്, തെള്ളിക്കല്‍, ഇലത്തോട് എന്നിവിടങ്ങളില്‍ സംസ്ഥാന വനംവകുപ്പ് റസ്റ്റ് ഹൗസുകളിലും താമസസൗകര്യം ലഭ്യമാണ്. 

ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം തൂണക്കടവിലാണ്. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്. 

9. ധോണി വെള്ളച്ചാട്ടം 

കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണ് പാലക്കാട് ജില്ലയിലെ ധോണിയിലെ സംരക്ഷിത വനമേഖലക്കുള്ളിലുള്ള  ധോണി വെള്ളച്ചാട്ടം. വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവും ഒരുക്കുന്ന കാഴ്ച മനോഹരമാണ്.  നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള  ട്രക്കിങ്ങിനുപറ്റിയതാണ് ഈ സ്ഥലം. ധോണി മലയുടെ മുകളിലേയ്ക്കാണ് ട്രക്കിങ് ട്രെയിലുള്ളത്. ട്രക്കിങ് കഴിഞ്ഞ് ഒരു കുളിയും പാസാക്കാം. അടിവാരത്ത് നിന്നും മൂന്ന് കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ. 

10. ചൂലനൂർ 

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഒരു ഗ്രാമാണ് ചൂലന്നൂർ. പാലക്കാട് ജില്ലയിലും തൃശ്ശൂർ ജില്ലയിലുമായി പരന്നു കിടക്കുന്ന ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം കേരളത്തിലെ ജനപ്രിയമായ വന്യജീവി സംരക്ഷണകേന്ദ്രങ്ങളിൽ ഒന്നാണ്. പക്ഷിനിരീക്ഷകർക്കും പ്രകൃതിസ്നേഹികൾക്കും പോകുവാൻ തിരഞ്ഞെടുക്കാവുന്ന ഒരു ലൊക്കേഷൻ കൂടിയാണിത്. മയിലുകളെക്കൂടാതെ നൂറോളം ഇനം പക്ഷികളുടെ വാസസ്ഥലമാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം. 

11. ഗാന്ധി സേവാ സദനം

ഗാന്ധി സേവാ സദനം  പ്രസിദ്ധമായ കഥകളി വിദ്യാലയമാണ്‌. ഗാന്ധിയനും സ്വാതന്ത്ര്യസമരസേനായിയുമായിരുന്ന കെ കുമാരൻ ആണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കലകളോട് വളരെയധികം ആഭിമുഖ്യം ഉണ്ടായിരുന്ന കെ കുമാരൻ 1953 ലാണ് ഇത് സ്ഥാപിക്കുന്നത്. കേരള സർക്കാറിന്റെ ഔദ്യോഗിക ടൂറിസം പ്രദേശങ്ങളുടെ പട്ടികയിൽ സദനം ഉൾപ്പെട്ടിട്ടുണ്ട്. ഇവിടെ പഴയ ഗുരുകുലവിദ്യഭ്യാസ രീതിയിലാണ് കല അഭ്യാസം നടക്കുന്നത്. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയ്ക്കടുത്ത് പേരൂർ എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 

12. കുരുതിച്ചാൽ

മണ്ണാർകാട് താലൂക്കിലെ സൈലന്റ് വാലിയിൽ നിന്ന് പുറപ്പെടുന്ന കുന്തിപ്പുഴയുടെ ഉത്ഭവവഴിയാണ് കുരുതിച്ചാൽ. വേനൽ കാലത്തും നിലക്കാത്ത ജലപ്രവാഹം കൊണ്ട് സമൃദ്ധമായ കുരുതിച്ചാൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമാണ്. കുമരംപുത്തൂർ പഞ്ചായത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. 

13. കരുവാര വെള്ളച്ചാട്ടം

സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർസോണിലാണ് കരുവാര വെള്ളച്ചാട്ടം നിലകൊള്ളുന്നത്. മുക്കാളിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് കരുവാര ആദിവാസി കോളനിയിലേക്കുള്ള റോഡിലൂടെ 3.5 കിലോമീറ്റർ നടന്ന് കാടിനുള്ളിലേക്ക് കയറി, വീണ്ടും 1.5 കിലോമീറ്ററോളം കാട്ടിലൂടെ നടന്നാൽ കരുവാര വെള്ളച്ചാട്ടത്തിലെത്താം. 

ആദ്യത്തെ 3.5 കിലോമീറ്റർ ദൂരം ആദിവാസികളുടേതായ ഓട്ടോറിക്ഷകളും ജീപ്പുകളുമല്ലാതെ പൊതുജനങ്ങളുടേതായ വാഹനങ്ങളൊന്നും ഫോറസ്റ്റ് അധികൃതർ കടത്തി വിടാറില്ല. ഏകദേശം 70 അടിയോളം ഉയരത്തിൽ നിന്നാണ് കരുവാര വെള്ളച്ചാട്ടത്തിന്റെ പതനം. പിന്നീട് ആ വെള്ളം ഭവാനിപ്പുഴയിലേക്ക് ചേർന്ന് കരുവാര കോളനിയും കടന്ന് കിഴക്കോട്ടൊഴുകുന്നു. 

14. സൈലന്റ് വാലി ദേശീയോദ്യാനം

വിനോദസഞ്ചാരകേന്ദ്രവും ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ‌പ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല. വനംവകുപ്പിന്റെ ‌മുന്‍കൂട്ടിയുള്ള അനുമതിയോടെ മാ‌ത്രമെ സൈലന്റ് വാലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ഇക്കോ ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വനംവകുപ്പ് തന്നെ സഞ്ചാരികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സാധാരണ വനങ്ങളിൽ ചീവീടുകൾ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇവിടെ ഇല്ലാത്തതു കൊണ്ടാണ്‌ ഇവിടം സൈലന്റ്‌വാലി എന്നറിയപ്പെടുന്നത്‌. 

15. കവ 

മലമ്പുഴക്ക് സമീപത്തുള്ള സുന്ദരമായ ഒരു സ്ഥലമാണ് കവ.  ഇവിടെ നിന്നുള്ള അസ്തമയ സൂര്യന്റെ കാഴ്ച അതിമനോഹരമാണ്. മഴക്കാലത്താണ് കവ കാണുവാൻ ഏറ്റവും സുന്ദരിയായി മാറുന്നത്. മലമ്പുഴ സന്ദർശിക്കുന്നവർക്ക് ഏറ്റവും അടുത്ത് കാണാൻ പറ്റുന്ന മറ്റൊരു സ്ഥലമാണ് കവ. 

16. പോത്തുണ്ടി ഡാം

നെന്മാറ – നെല്ലിയാമ്പതി പാതയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ സഞ്ചാരികൾക്ക് ഇവിടെ സന്ദർശിക്കാവുന്നതാണ്. 

17. നെല്ലിയാമ്പതി 

തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമായ നെല്ലിയാമ്പതി ഒരു ഹിൽസ്റ്റേഷൻ ആണ്. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമായ ഇവിടം പാലക്കാട് ടൗണിൽ നിന്നും ഏകദേശം 60 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ സ്ഥലം ‘പാ‍വപ്പെട്ടവരുടെ ഊട്ടി’ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 

ഹെയർപിൻ വളവുകൾ നിറഞ്ഞ നെല്ലിയാമ്പതിയിലേക്കുള്ള യാത്ര ഏവർക്കും ആസ്വദിക്കാവുന്നതാണ്. മഴക്കാലത്ത് ഈ വഴിയിൽ പല ചെറു വെള്ളച്ചാട്ടങ്ങളെയും കാണാം. അതോടൊപ്പം കിടിലൻ വ്യൂ പോയിന്റുകളും അവിടെയുണ്ട്. പാലക്കാട് നിന്ന്  കെഎസ്ആർടിസി ബസ് സർവീസുകൾ നെല്ലിയാമ്പതിയിലേയ്ക്ക് ഉണ്ട്. 

ഇവ കൂടാതെ ഇനിയും നിരവധി ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ പാലക്കാട് ജില്ലയിലുണ്ട്. തീർച്ചയായും അവയെല്ലാം ഇതിൽ കൊടുത്തിരിക്കുന്ന സ്ഥലങ്ങൾക്ക് അടുത്ത് കിടക്കുന്നു. ഈ സ്ഥലങ്ങൾ സഞ്ചരിക്കുന്നവർക്ക് പാലക്കാട് ജില്ലയിലെ മറ്റ് സ്ഥലങ്ങളും സന്ദർശിക്കാൻ സാധിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia