Travel | ഡൽഹിയിൽ തീർച്ചയായും കാണേണ്ട 10 സ്ഥലങ്ങൾ 

 
TOURIST PLACE


ഇന്ത്യയുടെ ചരിത്രവും പൈതൃകവും ഏറ്റവും എളുപ്പത്തിൽ മനസിലാക്കാൻ പറ്റിയ ഇടമെന്ന നിലയിൽ  ഓരോ സഞ്ചാരിയേയും ഇവിടം ഒരിക്കലെങ്കിലും സന്ദർശിക്കാൻ പ്രേരിപ്പിക്കുന്നു

 ഡോണൽ മുവാറ്റുപുഴ 

(KVARTHA) ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി സ്വദേശികൾ മാത്രമല്ല വിദേശികളും ഏറെ ഇഷ്ടപ്പെടുന്ന സ്ഥലം കൂടിയാണ്. ഇന്ത്യയുടെ നാനാഭാഗത്തു നിന്നും ഡൽഹി കാണാൻ ധാരാളം സന്ദർശകർ നിത്യേന എന്നോണം എത്താറുണ്ട്. ഇന്ത്യയുടെ ചരിത്രവും പൈതൃകവും ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കുവാൻ പറ്റിയ ഇടമെന്ന നിലയിൽ  ഓരോ സഞ്ചാരിയേയും ഇവിടം ഒരിക്കലെങ്കിലും സന്ദർശിക്കുവാൻ പ്രേരിപ്പിക്കുന്നു എന്നതാണ് വാസ്തവം. ഡൽഹിയിലെ ചരിത്രയിടങ്ങളും ലാൻഡ് മാർക്കുകളും വിനോദസഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്. ഡൽഹിയിൽ എത്തിയാൽ കാണേണ്ട പത്തോളം സ്ഥലങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

1.  ഇന്ത്യാ ഗേറ്റ് 

INDIA GATE

ഡൽഹിയിൽ എത്തിയാൽ കാണേണ്ട ഏറ്റവും ആകർഷകമായ ഒന്നാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികർക്കുള്ള  സമർപ്പണമായാണ് ഇത് നിർമ്മിച്ചത്. സർ എഡ്വിൻ ലൂട്ടിയൻസ് രൂപകല്പന ചെയ്ത ഇന്ത്യാ ഗേറ്റ് ഡൽഹിയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കാനെത്തുന്ന ഇടം കൂടിയാണ്. ഡൽഹിയിൽ എത്തുന്ന പുതിയ വിനോദസഞ്ചാരികൾ നിർബന്ധമായും ഇന്ത്യാ ഗേറ്റ് കാണണം. അതിൻ്റെ ഭംഗി നിങ്ങളെ ആശ്ചര്യപ്പെടുത്തും. 

2. ജുമാ മസ്ജിദ് 

JUMA MASJID

1644 നും 1956 നും ഇടയില്‍ മുഗള്‍ രാജാവായിരുന്ന ഷാജഹാനാണ് ജുമാ മസ്ജിദ് പണി കഴിപ്പിച്ചത്.  നഗരത്തിന്‍റെ തിരക്കുകൾക്കിടയിൽ അതൊന്നും ബാധിക്കാതെ തലയയുര്‍ത്തി നിൽക്കുന്ന ഇടം കൂടിയായ   ജുമാ മസ്ജിദ് പതിനേഴാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. ഡൽഹിയില ഏറ്റവും സമ്പന്നമായ പൈതൃക ലക്ഷ്യസ്ഥാനം കൂടിയായ ചാന്ദിനി ചൗക്കിൽ സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദ് കാണാൻ ജാതിമത ഭേദമെന്യേ ധാരാളം വിനോദസഞ്ചാരികൾ നിത്യവും എത്താറുണ്ട്. 

3. അക്ഷർധാം ക്ഷേത്രം

AKSHARDHAM TEMPLE

ഡൽഹിയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലമാണ് അക്ഷർധാം ക്ഷേത്രം. സ്വാമിനാരായൺ അക്ഷർധാം മന്ദിർ എന്ന ഈ ക്ഷേത്രം വളരെ സവിശേഷതകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഡൽഹിയിലെ ഗെയിംസ് വില്ലേജിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കുറഞ്ഞത് പതിനായിരം പേരെങ്കിലും ഒരു ദിവസം സന്ദർശനം നടത്തുന്നുണ്ടെന്നാണ് കണക്ക്. 

4. ചെങ്കോട്ട

CHENKOTTA

പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ രാജാവ് പണികഴിപ്പിച്ച ഈ കോട്ട ഡൽഹിയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രയിടങ്ങളിലൊന്നാണ്. അക്കാലത്ത് കില ഇ മുഅല്ല എന്നായിരുന്നു ഇതിന്‍റെ പേര്. കാലമിത്ര കഴിഞ്ഞിട്ടും അതേ ചാരുതയോടെ ഇന്നും ഇത് നിലനിൽക്കുന്നു. രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ചെങ്കോട്ടയിലാണ് രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിനും പ്രധാനമന്ത്രി ചെങ്കോട്ടയിൽ  പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാനപ്രവേശനകവാടം. കോട്ടയുടെ കിഴക്ക് വശത്ത് കൂടി യമുന നദി ഒഴുകുന്നു. ചെങ്കോട്ട ഡൽഹിയിൽ എത്തിയ കാണേണ്ട ഒരു പ്രധാനപ്പെട്ട സ്ഥലമാണ്. 

5. ലോട്ടസ് ടെംപിൾ 

LOTUS TEMPLE

ബഹായ് ആരാധനാ കേന്ദ്രമായ ലോട്ടസ് ടെംപിൾ ഡൽഹിയിലെ ഏറ്റവും വൈവിധ്യം നിർഞ്ഞ നിർമ്മിതികളിലൊന്നാണ്. ഡൽഹിയിലെ പ്രശസ്തമായ ഇസ്‌കോൺ ക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ലോട്ടസ് ടെമ്പിളിന് താമര പോലെ 27 സങ്കീർണമായ കൊത്തുപണികളുള്ള മാർബിൾ ദളങ്ങൾ കാണാം. 

6. ചാന്ദ്‌നി ചൗക്ക് 

CHANDNI CHOWK

ഡൽഹിയിലെ ഏറ്റവും ഊർജസ്വലമായ മാർക്കറ്റുകളിലൊന്നാണിത്. മാത്രമല്ല, ഡൽഹിയിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ മാർക്കറ്റുകളിലൊന്നാണ് ചാന്ദ്‌നി ചൗക്ക്. ചെങ്കോട്ട സ്ഥാപിച്ച സമയം മുതൽ തന്നെ ഈ ചാന്ദ്‌നി ചൗക്കും ഇവിടെയുണ്ട്. ഏതു തരത്തിലുള്ള സാധനങ്ങളും ഇവിടെ നിന്ന് മേടിക്കാൻ സാധിക്കും. 

7. ജന്തർ മന്തർ 

JANDHAR MANDHAR

ജ്യാമിതീയ രൂപങ്ങൾ ഉൾക്കൊള്ളുന്ന നിരീക്ഷണാലയമാണ് ജന്തർ മന്തർ. സൂര്യന്‍റെയും മറ്റ് ആകാശ വസ്തുക്കളുടെയും സ്ഥാനങ്ങൾ നിർണയിക്കാൻ ഉപയോഗിക്കുന്നു. 1724 ലാണ് ജന്തർ മന്തറിന്‍റെ നിർമ്മാണം നടന്നത്. 

8. കുത്തബ് മിനാർ 

QUTUB MINAR

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇഷ്ടിക ഗോപുരമാണ് കുത്തബ് മിനാർ. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ചരിക്രസ്മാരകം  കൂടിയാണിത്. മാത്രമല്ല, ഡൽഹിയിൽ കാണാൻ സാധിക്കുന്ന അത്ഭുത നിർമ്മിതികളിലൊന്നാണ്. തീർച്ചയായും ഡൽഹിയിൽ എത്തുന്നവർ ഇത് കാണാതെ പോകുന്നത് ഒരു നഷ്ടം തന്നെ ആയിരിക്കും. 

9. ഹുമയൂണിന്‍റെ ശവകുടീരം

Humayun’s Tomb

ഡല്‍ഹിയിലെ എണ്ണം പറഞ്ഞ ചരിത്ര നിർമ്മിതികളിലൊന്നാണ് ഹുമയൂണിന്‍റെ ശവകുടീരം. മുഗൾ ചക്രവർത്തിയായ ഹുമയൂണിന്‍റെ മരണത്തിന് ഒമ്പത് വർഷത്തിന് ശേഷം 1565ൽ അദ്ദേഹത്തിന്‍റെ ഭാര്യയായ ബേഗാ ബീഗം ആണിത് നിർമ്മിച്ചത്. യുനെസ്കോ പൈതൃക ലക്ഷ്യസ്ഥാനമായ ഇവിടെ ശവകുടീരത്തിന് ചുറ്റുമായി ചാർബാഗും (നാല് ചതുരാകൃതിയിലുള്ള പൂന്തോട്ടങ്ങളും) ജല ചാലുകളും ഖബർസ്ഥാനും ഉണ്ട്. പല തരത്തിൽ ആഗ്രയിലെ താജ്മഹലിനോട് ഇതിന് സാമ്യമുണ്ട്. 

10. ഗുരുദ്വാര ബംഗ്ലാ സാഹിബ് 

GRUDWARA BANGLA SAHIB

ഗുരുദ്വാര ബംഗ്ലാ സാഹിബ്  ഡൽഹിയിലെ ഏറ്റവും പ്രസിദ്ധമായ സിക്ക് ആരാധനാ കേന്ദ്രമാണ്.  ലംഗർ എന്നറിയപ്പെടുന്ന കൂറ്റൻ കമ്മ്യൂണിറ്റി കിച്ചൺ കൂടി ഇവിടെയുണ്ട്. അതും പ്രസിദ്ധമാണ്. കൂടാതെ പഞ്ചാബിലെ  സുവർണ ക്ഷേത്രം പോലെ തന്നെ ഇവിടത്തെ കുളവും സ്വർണ താഴികക്കുടവും പ്രസിദ്ധമാണ്. 

ഡൽഹിയിൽ എത്തിയാൽ കണേണ്ട 10 പ്രധാനപ്പെട്ട സ്ഥലങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചത്. ഇവ കൂടാതെ ഇനിയും ധാരാളം സ്ഥലങ്ങൾ ഡൽഹിയിൽ കാണാൻ  ഉണ്ട്. അവയെല്ലാം ഈ പറഞ്ഞ സ്ഥലങ്ങളോടെല്ലാം ചേർന്നു കിടക്കുന്നു. ഇവിടം സന്ദർശിക്കുന്നവർക്ക് നിശ്ചയമായും ആ സ്ഥലങ്ങളും കണ്ട് മടങ്ങാവുന്നതാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia