Legal Action | ഗൂഗിളിനെ രണ്ടായി വിഭജിക്കണമെന്ന ആവശ്യവുമായി അമേരിക്കൻ സർക്കാർ കോടതിയിൽ; ക്രോം ബ്രൗസറും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവും വേർപിരിയുമോ?
● കമ്പനിയെ കുത്തകയായി മുദ്രകുത്തി യുഎസ് ജില്ലാ ജഡ്ജി അമിത് മേത്ത ഓഗസ്റ്റിൽ വിധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
● ഗൂഗിളിനെതിരായ കേസിന്റെ വിധിയിൽ ഇളവുകൾ പ്രതീക്ഷിക്കാം.
● ഗൂഗിളിന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍ ക്രോം.
വാഷിംഗ്ടൺ: (KVARTHA) കഴിഞ്ഞ പത്തു വർഷമായി ഗൂഗിൾ സെർച്ച് എഞ്ചിനിലൂടെ കുത്തക നിലനിർത്തി മറ്റ് കമ്പനികളോട് അനീതി ചെയ്തുവെന്നു ആരോപിച്ച് യുഎസ് സർക്കാർ ഗൂഗിളിനെ രണ്ടായി വിഭജിക്കണമെന്ന ആവശ്യവുമായി കോടതിയിൽ എത്തി. ഗൂഗിളിന്റെ പ്രധാന ഉൽപ്പന്നങ്ങളായ ക്രോം ബ്രൗസർ, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയിൽ നിന്നും സെർച്ച് എൻജിൻ വിഭാഗത്തെ വേർപെടുത്തണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്.
ഇത് ഗൂഗിളിന്റെ ശക്തി കുറയ്ക്കുകയും മറ്റ് കമ്പനികൾക്ക് മത്സരിക്കാൻ അവസരം നൽകുകയും ചെയ്യുമെന്നാണ് സർക്കാരിന്റെ വാദം. യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് ബുധനാഴ്ച സമർപ്പിച്ച 23 പേജുള്ള റിപ്പോർട്ടിലാണ് നിർദിഷ്ട വിഭജനം അവതരിപ്പിച്ചത്. കമ്പനിയെ കുത്തകയായി മുദ്രകുത്തി യുഎസ് ജില്ലാ ജഡ്ജി അമിത് മേത്ത ഓഗസ്റ്റിൽ വിധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
അമേരിക്കയിലെ ഇൻ്റർനെറ്റ് സെർച്ചുകളുടെ 90 ശതമാനവും പ്രോസസ് ചെയ്യുന്ന ഗൂഗിൾ നിയമവിരുദ്ധമായ കുത്തക കൈകാര്യം ചെയ്യുന്നതായി ജഡ്‌ജ് നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഗൂഗിളിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയർത്തിയിട്ടുണ്ട്. ഗൂഗിൾ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനാൽ, ബൈഡൻ ഭരണകൂടം ഗൂഗിളിന് കനത്ത പിഴ ചുമത്തണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാൽ, അടുത്ത വർഷം പ്രസിഡന്റായി അധികാരമേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ കീഴിൽ, നീതിന്യായ വകുപ്പ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ, ഗൂഗിളിനെതിരായ കേസിന്റെ വിധിയിൽ ഇളവുകൾ പ്രതീക്ഷിക്കാം.
വാഷിംഗ്ടൺ ഡിസി കോടതിയിൽ ഏപ്രിലിൽ ആരംഭിക്കുന്ന ഈ കേസിൽ മെയ് ഒന്നിന് മുമ്പ് വിധിയുണ്ടായേക്കും. ഗവൺമെന്റിന്റെ ശുപാർശകൾ അംഗീകരിച്ചാൽ, ഗൂഗിൾ 16 വർഷം പഴക്കമുള്ള ക്രോം ബ്രൗസർ വിൽക്കാൻ നിർബന്ധിതമാകും. എന്നാൽ ഈ ശിക്ഷയ്ക്കെതിരെ ഗൂഗിൽ അപ്പീൽ നൽകുമെന്നതിനാൽ, ഈ നിയമപോരാട്ടം കൂടുതൽ നീണ്ടുപോകാൻ സാധ്യതയുണ്ട്. ഗൂഗിളിന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍ ക്രോം. അമേരിക്കയുടെ ഇത്തരത്തിലുള്ള നടപടി ഗൂഗിള്‍ ക്രോമിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
#Google #Antitrust #USGovernment #Chrome #Android #LegalCase