Truecaller | എഐ അധിഷ്ഠിത വോയ്സ് ഡിറ്റക്ഷന്‍ സംവിധാനവുമായി ട്രൂ കോളര്‍; പ്രവര്‍ത്തനത്തെ കുറിച്ച് അറിയാം
മനുഷ്യരെ പോലെ തന്നെ സംസാരിക്കാന്‍ എഐ ബോട്ടുകള്‍ക്ക് സാധിക്കുന്ന കാലമാണിത്
ഫോണ്‍ വിളികളിലൂടെ ആളുകളെ ബന്ധപ്പെട്ട് വ്യാപകമായി സാമ്പത്തിക തട്ടിപ്പുകള്‍ ഇന്നത്തെ കാലത്ത് നടക്കുന്നുണ്ട്
ഈ സാഹചര്യത്തിലാണ് ട്രൂ കോളര്‍ പുതിയ വോയ്സ് ഡിറ്റക്ഷന്‍ സംവിധാനം അവതരിപ്പിക്കുന്നത്
മുംബൈ:(KVARTHA) മുന്‍നിര കോളര്‍ ഐഡി ആപ്ലികേഷനായ ട്രൂ കോളര്‍ എഐ അധിഷ്ഠിത വോയ്സ് ഡിറ്റക്ഷന്‍ സംവിധാനവുമായി രംഗത്ത്. ഈ സംവിധാനം വഴി തട്ടിപ്പുകാരെ എളുപ്പത്തില്‍ തിരിച്ചറിയാനാകും എന്നാണ് ട്രൂ കോളര്‍ അവകാശപ്പെടുന്നത്. കോളര്‍ ഐഡിയ്ക്ക് പുറമെ സ്പാം ഡിറ്റക്ഷന്‍ കോള്‍ റെകോര്‍ഡിങ് ഉള്‍പടെ വിവിധങ്ങളായ സൗകര്യങ്ങളാണ് ട്രൂ കോളറില്‍ ഇതിനകം തന്നെ ഉള്‍പെടുത്തിയിട്ടുള്ളത്. അതിന് പുറമെയാണ് ഇപ്പോള്‍ എഐ അധിഷ്ഠിത വോയ്സ് ഡിറ്റക്ഷന്‍ സംവിധാനവും അവതരിപ്പിക്കുന്നത്.
മനുഷ്യരെ പോലെ തന്നെ സംസാരിക്കാന്‍ എഐ ബോട്ടുകള്‍ക്ക് സാധിക്കുന്ന കാലമാണിത്. എഐ സാങ്കേതിക വിദ്യകള്‍ ആ രീതിയില്‍ വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. മനുഷ്യര്‍ക്ക് കേട്ടാല്‍ തിരിച്ചറിയാനാവുന്ന യാന്ത്രികമായ ശബ്ദത്തില്‍ നിന്ന് മാറി തീര്‍ത്തും സ്വാഭാവികമായ ശബ്ദത്തില്‍ സംസാരിക്കാന്‍ എഐ ബോട്ടുകള്‍ക്ക് സാധിക്കും.
ഈ സാങ്കേതിക വിദ്യ സ്വാഭാവികമായും പലവിധങ്ങളായ തട്ടിപ്പുകള്‍ക്കും ഉപയോഗിച്ചേക്കാം. ഫോണ്‍ വിളികളിലൂടെ ആളുകളെ ബന്ധപ്പെട്ട് വ്യാപകമായി സാമ്പത്തിക തട്ടിപ്പുകള്‍ ഇന്നത്തെ കാലത്ത് നടക്കുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്തും ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞുമെല്ലാമാണ് തട്ടിപ്പുകള്‍. ഈ സാഹചര്യത്തിലാണ് ട്രൂ കോളര്‍ പുതിയ വോയ്സ് ഡിറ്റക്ഷന്‍ സംവിധാനം അവതരിപ്പിക്കുന്നത്. ഫോണ്‍ കോളിനിടയിലെ മൂന്ന് സെകന്‍ഡ് ശബ്ദം ഉപയോഗിച്ച് നിങ്ങളെ ഫോണ്‍ ചെയ്യുന്നത് എഐ ബോട്ട് ആണോ മനുഷ്യനാണോ എന്ന് തിരിച്ചറിയാന്‍ ഇതുവഴി കഴിയും.
നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഈ ഫീചര്‍ ലഭിക്കുന്നത്. ഐഒഎസില്‍ ഭാവിയില്‍ ഈ ഫീചര്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ട്രൂ കോളര്‍ അറിയിച്ചു.