കാസര്‍കോട് പരീക്ഷണവുമായി വിജയ് സാഖറെ കണ്ണൂരിലും: ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ തടയാന്‍ ഡ്രോണും മൊബൈല്‍ ആപ്ലിക്കേഷനും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 23.04.2020) കൊവിഡിന്റെ പിടിയിലമര്‍ന്ന കാസര്‍കോടിനെ രോഗവ്യാപനത്തില്‍ നിന്നും കരകയറ്റിയതു പോലെ കണ്ണൂരിലും ഐ ജി വിജയ് സാഖറെ പണി തുടങ്ങി. ഇതിനായി വിവിധ സ്ഥലങ്ങളിലെ ഹോട്ട് സ്‌പോട്ടുകളില്‍ ഡ്രോണ്‍ പരിശോധന വ്യാപകമാക്കി.

നേരത്തെ കാസര്‍കോടിന് സമാനമായി ഐ ജി വിജയ് സാഖറെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കണ്ണൂരിലും ഏര്‍പ്പെടുത്തിയിരുന്നു. പൊലീസും ജില്ലാ ഭരണകൂടവും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുത്തുന്നത് തടയാനും നിരീക്ഷിക്കാനും ജില്ലാ ഭരണകൂടവും പൊലീസും ഒരു കൊവിഡ് സേഫ് മൊബെല്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്.

കാസര്‍കോട് പരീക്ഷണവുമായി വിജയ് സാഖറെ കണ്ണൂരിലും: ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ തടയാന്‍ ഡ്രോണും മൊബൈല്‍ ആപ്ലിക്കേഷനും

കണ്ണൂരില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൊലീസും ജില്ലാ ഭരണകൂടവും രംഗത്തെത്തിയത്. ഇതു പ്രകാരം നിരീക്ഷണത്തില്‍ ഉള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് അതിവേഗത്തില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

ട്രിപ്പിള്‍ ലോക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം തീരുമാനിച്ചു. ഐജിമാരായ അശോക് യാദവ് വിജയ സാഖറെ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ജില്ലയില്‍ ഹോട്ട് സ്‌പോട്ടുകളുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്.

ട്രിപ്പിള്‍ ലോക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചു. ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ല. കൂടുതല്‍ നിയന്ത്രണം ആവശ്യമായി വരുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ഐ ജിഅഭ്യര്‍ത്ഥിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി പ്രൈമറി, സെക്കന്‍ഡറി കൊണ്ടാക്ടുകളില്‍ ഉള്ളവരെ പൊലീസ് നിരീക്ഷിക്കും. ഇവര്‍ വീടിന് പുറത്ത് ഇറങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്പ് പുറത്തിറക്കി.

ഇവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ ഇതുവഴി കഴിയും. ജില്ലാ ഭരണകൂടവും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ അവശ്യ സാധന വിതരണം ഹോം ഡെലിവറി വഴി മാത്രമാക്കി. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കോള്‍ സെന്ററുകള്‍ തുറന്നു.

ഹോട്ട് സ്‌പോട്ടുകളില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെ ഒരു സ്ഥാപനവും തുറക്കരുതെന്ന് കലക്ടര്‍ ഉത്തരവിറക്കി. ജില്ലയില്‍ വൈറസ് വ്യാപനം തടയാനുള്ള തീവ്ര പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യ വകുപ്പും പ്രവര്‍ത്തിക്കുന്നത്.

ഇതിനകം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് തന്നെ ഉയര്‍ന്ന നിരക്കുള്ള ജില്ലയായി കണ്ണൂര്‍ തുടരുകയാണ്. പുതുതായി ഏഴു പേര്‍ക്ക് കൂടി കൊവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 111 ആയി ഉയര്‍ന്നു. കണ്ണൂരില്‍ പുതുതായി സ്ഥിരീകരിച്ച ഏഴുപേരില്‍ നാലു പേര്‍ ദുബൈയില്‍ നിന്നും ഒരാള്‍ ഡെല്‍ഹിയില്‍ നിന്നും എത്തിയവരാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

മാര്‍ച്ച് 19ന് എഐ 938 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ 33കാരന്‍, 20ന് ഐഎക്സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ 57കാരന്‍, 21ന് ഇകെ 532 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയെത്തിയ 58കാരന്‍, ഇകെ 568 വിമാനത്തില്‍ ബംഗളൂരു വഴിയെത്തിയ 30കാരന്‍ എന്നിവരാണ് ദുബൈയില്‍ നിന്നെത്തിയവര്‍. 25കാരിയായ മറ്റൊരാള്‍ ഡെല്‍ഹിയില്‍ നിന്ന് മാര്‍ച്ച് 20ന് പുറപ്പെട്ട നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ (22634) ബി5 കോച്ചില്‍ 22നാണ് കണ്ണൂരിലെത്തിയത്.

കോട്ടയം മലബാര്‍ സ്വദേശികളായ 39 വയസ്സുകാരനും ഒമ്പത് വയസ്സുകാരിയുമാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായ രണ്ടുപേര്‍. ഏഴു പേരില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ബാക്കിയുള്ളവര്‍ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ നിന്നുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി. ഇവരില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് രോഗ ബാധ സംശയിച്ച് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 3,336 പേരാണ്. 45 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 21 പേര്‍ ജില്ലാ ആശുപത്രിയിലും മൂന്നു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 29 പേര്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ ജില്ലയില്‍ നിന്നു 2,432 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,202 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 2,052 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 230 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

Keywords:  Triple lock strategy enforced in Kannur to contain COVID-19, Kannur, Police, Lockdown, Police, Health, Health & Fitness, Kerala, Technology.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia