മലയാളത്തിനു സൗന്ദര്യം ചാര്‍ത്തി ' സുന്ദര്‍'

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.02.2018) രചന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൈപ്പോഗ്രഫി' (RIT) രൂപകല്പനചെയ്ത ആദ്യത്തെ മലയാളം യൂണികോഡ് ഫോണ്ട് 'സുന്ദര്‍' ഡോ. ഇക്ബാല്‍ പ്രകാശനം ചെയ്തു. നാരായണ ഭട്ടതിരിയുടെ കാലിഗ്രഫിയെ (കൈപ്പട) ആഗോളതലത്തിലെത്തിച്ച കഥാകൃത്തും ചിത്രകാരനുമായിരുന്ന പരേതനായ സുന്ദറിന്റെ ഓര്‍മ്മയ്ക്കായി സുന്ദര്‍ എന്നു നാമകരണം ചെയ്ത ഫോണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഗിരിജയാണ് ഏറ്റുവാങ്ങിയത്.

തലക്കെട്ടുകള്‍ക്കു പറ്റിയ നല്ല അലങ്കാരഫോണ്ടുകള്‍ ഇല്ലാത്തതിനാല്‍ യൂണിക്കോഡ് അച്ചടിയിലേക്കു മാറാന്‍ വിമുഖത പുലര്‍ത്തുന്ന പുസ്തക, ആനുകാലിക, പത്ര പ്രസാധകര്‍ക്ക് ഈ സംരംഭം വലിയ ആശ്വാസവും പ്രോത്സാഹനവും ആകുമെന്ന് ഡോ. ഇക്ബാല്‍ പറഞ്ഞു. പ്രതിഫലേച്ഛ കൂടാതെ ഭാഷാസാങ്കേതികവിദ്യയെ മുന്നോട്ടു കൊണ്ടുപോകുന്ന സന്നദ്ധപ്രവര്‍ത്തകരായ യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു.

 മലയാളത്തിനു സൗന്ദര്യം ചാര്‍ത്തി ' സുന്ദര്‍'

മാസം ഒരു ഫോണ്ടുവീതം ഒരു വര്‍ഷംകൊണ്ട് 12 ഫോണ്ടുകള്‍ പുറത്തിറക്കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നതെന്ന് അധ്യക്ഷതവഹിച്ച രചന ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി കെ.എച്ച്. ഹുസൈന്‍ പറഞ്ഞു.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ മലയാളം പ്രസാധനത്തില്‍ സംഭവിക്കാന്‍ പോകുന്ന വലിയ മാറ്റങ്ങള്‍ക്കായി ഒരുങ്ങിയിരിക്കാന്‍ പദ്ധതിക്കു ധനസാങ്കേതികപിന്തുണകള്‍ നല്‍കുന്ന 'സാഹാഹ്ന ഫൗണ്ടേഷ'ന്റെ സാരഥിയായ സി.വി. രാധാകൃഷ്ണന്‍ ആഹ്വാനം ചെയ്തു. യൂണികോഡിലേക്കുള്ള ടൈപ്പ് സെറ്റിങ്ങിന്റെ മാറ്റം കേവലം അച്ചടിക്കുവേണ്ടി മാത്രമുള്ളതല്ലെന്നും കാലാകാലത്തേയ്ക്കുള്ള മലയാളം ഉള്ളടക്കങ്ങളൂടെ പാഠസംരക്ഷണത്തിനായുള്ള സ്വതന്ത്ര അവസരങ്ങളൊരുക്കുന്നതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഭാഷാസാങ്കേതികത പ്രധാനമായും അക്ഷരസാങ്കേതികതയാണ്്. അച്ചടിയിലേക്കു വരുമ്പോള്‍ അക്ഷരസൗന്ദര്യങ്ങള്‍ വലിയൊരു ഡിമാന്‍ഡായി മാറുന്നു. എണ്ണപ്പെട്ട അലങ്കാരഫോണ്ടുകള്‍ സ്വതന്ത്രമായി ജനങ്ങള്‍ക്കു ലഭ്യമായാലേ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നിലനില്‍ക്കുന്ന ഡി.റ്റി.പി. സംരംഭങ്ങളെയും മലയാളം കമ്പ്യൂട്ടിങ്ങിനെയും ആധുനീകരിച്ച് പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

അതിനായുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സി.വി. രാധാകൃഷ്ണന്‍ (സി.വി.ആര്‍) ഇന്ത്യയില്‍ ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാനോടൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ്.

രചനയുടെ സമഗ്രലിപി സഞ്ചയത്തിലധിഷ്ഠിതമായ യൂണികോഡ് അലങ്കാരഫോണ്ടുകളുടെ ഒരു ശ്രേണി തന്നെ ഒരുക്കുന്ന പദ്ധതിയുമായി രചന ഇന്‍സ്റ്റിറ്റിയൂട്ട് മുന്നോട്ടു പോകുകയാണ്. വരാന്‍ പോകുന്ന എല്ലാ ഫോണ്ടുകളുടെയും പ്രകാശനോദ് ഘാടനംകൂടിയാണു നടന്നത്.

സി. വി. രാധാകൃഷ്ണനെയും ഹുസൈനെയും കൂടാതെ നാരായണ ഭട്ടതിരി (കാലിഗ്രാഫി), രജീഷ് കെ. നമ്പ്യാര്‍ (ആലേഖനസാങ്കേതികത) എന്നിവരും എസ്.ടി.എം ഡോക്‌സ് (STM Docs http://stmdocs.in) എന്ന പ്രശസ്ത ടൈപ്പ് സെറ്റിങ്ങ് സ്ഥാപനത്തിലെ ഗ്രാഫിക്‌സ് വിഭാഗവും പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നു.

സുന്ദര്‍ അടക്കം രചന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൈപ്പോഗ്രഫി നിര്‍മ്മിക്കുന്ന എല്ലാ ഫോണ്ടുകളും http://rachana.org.in/ ല്‍നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഡോ. ഹേമചന്ദ്രന്‍, ഡോ. തുളസി, ഡോ. രാമന്‍ നായര്‍, മനോജ് കെ. പുതിയവിള, ആത്മാരാമന്‍, പ്രവീണ്‍ അരിമ്പ്രത്തൊടി, ഡോ. ശശികുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Keywords: Sunder new Unicode fond for heddings, Thiruvananthapuram, News, Technology, Youth, Study, Protection, Inauguration, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia