Technology | ഇനി എല്ലാ ഗാഡ്ജെറ്റുകൾക്കും ഒരേ ചാർജർ; മാതൃകാപരമായ നടപടിയുമായി സൗദി അറേബ്യ


● ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടതില്ല എന്നത് ജനങ്ങൾക് ആശ്വാസമേകും.
● ഈ നിയമം പരിസ്ഥിതി സംരക്ഷണത്തിനും സഹായിക്കും.
അൽ ഖോബാർ: (KVARTHA) സൗദി അറേബ്യയിൽ ഇനി മൊബൈൽ ഫോണുകൾ മുതൽ ലാപ്ടോപ്പുകൾ വരെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കിയിരിക്കുന്നു. ജനുവരി ഒന്ന് മുതൽ നിലവിൽ വരുന്ന ഈ നിയമപ്രകാരം, എല്ലാ ഉപകരണങ്ങളിലും 'ടൈപ്പ്-സി' ചാർജിങ് പോർട്ട് മാത്രമേ ഉപയോഗിക്കാവൂ. കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമീഷനും (സി.എ.ടി.സി) സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും (എസ്.എ.എസ്.ഒ) ചേർന്നാണ് നിയമം നടപ്പാക്കുന്നത്.
ഈ നിയമം കൊണ്ടുവരുന്നതിലൂടെ ഉപയോക്താക്കൾക്ക് വ്യത്യസ്ത ഉപകാരണങ്ങൾക്ക് ഒരേ തരം ചാർജർ ഉപയോഗിക്കാൻ സാധിക്കും. ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടതില്ല എന്നതും ജനങ്ങൾക് ആശ്വാസമേകും. ഇത് പരിസ്ഥിതി സംരക്ഷണത്തിനും സഹായിക്കും. ഒരേ തരം ചാർജർ മതിയാകുന്നതോടെ ഇലക്ട്രോണിക് മാലിന്യം കുറയും. സുസ്ഥിര വികസനാം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടത്തിൽ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ കാമറകൾ, ഇ-റീഡറുകൾ, പോർട്ടബിൾ ഗെയിമിംഗ് കൺസോളുകൾ, ഹെഡ്‌ഫോണുകൾ, ഇയർഫോണുകൾ, പോർട്ടബിൾ സ്പീക്കറുകൾ, ആംപ്ലിഫൈഡ് സ്‌പീക്കറുകൾ, കീബോർഡുകൾ, കമ്പ്യൂട്ടർ മൗസ്, പോർട്ടബിൾ നാവിഗേഷൻ സിസ്റ്റങ്ങൾ, വയർലെസ് റൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ 2026 ഏപ്രിൽ ഒന്നു മുതൽ ലാപ്ടോപ്പുകൾ പോലുള്ള വലിയ ഉപകരണങ്ങളും ഈ പരിധിയിൽ വരും. 2023 ആഗസ്‌റ്റ് ആറിനാണ് ഈ നിയമത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
ഈ നിയമം നടപ്പാക്കുന്നതോടെ ഓരോ വർഷവും 22 ലക്ഷം യൂനിറ്റ് ചാർജിങ് പോർട്ടുകളുടെ ഉപഭോഗം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് രാജ്യങ്ങൾക്ക് മാതൃകയായി സൗദി അറേബ്യയുടെ ഈ തീരുമാനം. ഇലക്ട്രോണിക് വ്യവസായത്തിൽ ഒരു വലിയ മാറ്റത്തിന് തന്നെ ഇത് തുടക്കം കുറിക്കും. ഉപഭോക്താക്കൾക്കും പരിസ്ഥിതിക്കും ഒരുപോലെ ഗുണകരമായ നടപടിയാണിത്.
#SaudiArabia #UnifiedCharger #TypeC #TechRegulation #Sustainability #ConsumerBenefits