ഗതാഗത മന്ത്രിയുടെ നിർണായക ഇടപെടൽ; എംവിഡിയുടെ 726 എഐ ക്യാമറകൾ പ്രവർത്തനസജ്ജം; ഫൈൻ ചുമത്തൽ തുടങ്ങി
ADVERTISEMENT
● 55 കോടി രൂപയാണ് കെൽട്രോണിന് റോഡ് സേഫ്റ്റി അതോറിറ്റി നൽകേണ്ടിയിരുന്നത്
● ഇന്റർനെറ്റ് ഇല്ലാതിരുന്ന സമയത്തെ നിയമലംഘനങ്ങൾക്ക് പിഴ വരുമോ എന്നതിൽ വ്യക്തതയില്ല
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് എഐ ക്യാമറകൾ വീണ്ടും പ്രവർത്തനസജ്ജമായി. കെൽട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകൾ വീണ്ടും മിഴിതുറക്കുകയായിരുന്നു. കുടിശ്ശികയെ തുടർന്ന് വിച്ഛേദിക്കപ്പെട്ടിരുന്ന ജിയോ ഇന്റർനെറ്റ് കണക്ഷൻ ജൂലൈ 24 വെള്ളിയാഴ്ചയോടെ പുനഃസ്ഥാപിച്ചു. ഗതാഗത മന്ത്രിയുടെ ഇടപെടലിലാണ് പ്രശ്നപരിഹാരമായത്. ഇതോടെ ക്യാമറ വഴിയുള്ള ഫൈൻ ചുമത്തൽ വീണ്ടും തുടങ്ങിയിട്ടുണ്ട്.
എംവിഡി റോഡുകളിൽ സ്ഥാപിച്ചിരുന്ന 726 ക്യാമറകളുടെ പ്രവർത്തനമാണ് ഇന്റർനെറ്റ് ഇല്ലാത്തതിനാൽ പൂർണമായും ഫലപ്രദമല്ലാതായത്. 55 കോടി രൂപയാണ് കെൽട്രോണിന് റോഡ് സേഫ്റ്റി അതോറിറ്റി നൽകേണ്ടിയിരുന്നത്. പണമില്ലാതിരുന്നത് കാരണം ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോയ്ക്ക് പണം അടയ്ക്കാൻ കെൽട്രോണിന് കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഇന്റർനെറ്റ് വിച്ഛേദിക്കുകയായിരുന്നു. ഇതോടെ എഐ ക്യാമറകൾ വഴി റെക്കോർഡ് ചെയ്യപ്പെടുന്ന നിയമലംഘനങ്ങൾ എംവിഡിയുടെ ഡേറ്റാബേസിലേക്ക് അയയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് ഗതാഗത മന്ത്രി ഇടപെട്ട് ധാരണയാക്കിയത്.
മോട്ടോർ വാഹന വകുപ്പിനായി എഐ ക്യാമറകളുടെ പ്രവർത്തനവും പരിപാലനവും കെൽട്രോൺ ആണ് നിർവഹിക്കുന്നത്. ഇതിനായി മോട്ടോർ വാഹന വകുപ്പ് മൂന്ന് മാസം കൂടുമ്പോൾ 12 കോടിയോളം രൂപ നൽകണമെന്നാണ് കരാർ. എന്നാൽ ഈ തുക മുടങ്ങിയതോടെയാണ് എഐ ക്യാമറകളുടെ പ്രവർത്തനം അവതാളത്തിലായത്.
പഴയ നിയമലംഘനങ്ങൾക്ക് പിഴ വരുമോ?
സംസ്ഥാനത്തെ എഐ ക്യാമറകൾ കണ്ണടച്ചെന്നും പിഴ ഈടാക്കാനാവില്ലെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇന്റർനെറ്റ് ഇല്ലായിരുന്നെങ്കിലും എഐ ക്യാമറകൾ പ്രവർത്തിക്കുകയും നിയമലംഘനങ്ങൾ ക്യാമറയിൽ പതിയുന്നുമുണ്ടായിരുന്നു.
ക്യാമറകൾ വഴി റെക്കോർഡ് ചെയ്യപ്പെടുന്ന ദൃശ്യങ്ങൾ സെർവറിൽ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ട്. എംവിഡിയുടെ ഡേറ്റാബേസിലേക്ക് അയയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നത് മാത്രമായിരുന്നു പ്രശ്നം.
നിയമലംഘനത്തിന് കൂട്ടത്തോടെ ചലാൻ അയയ്ക്കാനുള്ള സംവിധാനം എഐ ക്യാമറയിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഇന്റർനെറ്റ് ഇല്ലാതിരുന്ന സമയത്ത് സെർവറിൽ പതിഞ്ഞ നിയമലംഘനങ്ങളിൽ വാഹന ഉടമകൾക്ക് കൂട്ടത്തോടെ ചലാൻ വരുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: Following the Transport Minister's intervention to resolve the dues with Keltron, the 726 AI cameras installed by the Motor Vehicles Department across Kerala have become fully operational again, resuming the issuance of traffic challans.
#AICamera #KeralaMVD #TrafficFines #KeralaNews #Keltron #RoadSafety #MotorVehicleDepartment #AmmuNews
