വിഡിയോ കോണ്‍ഫറന്‍സ് വഴി ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍
Sep 15, 2021, 19:33 IST
തിരുവനന്തപുരം: (www.kvartha.com 15.09.2021) കോവിഡ് 19 വ്യാപന സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിവാഹിതരായി വര്‍ഷങ്ങളായി ഒന്നിച്ച് താമസിക്കുകയും തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവരുമായ ദമ്പതികള്‍ക്ക് വിഡിയോ കോണ്‍ഫറന്‍സ് ഉള്‍പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവായെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.
ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വ്യാജ ഹാജരാക്കലുകളും ആള്‍മാറാട്ടവും ഉണ്ടാകാതിരിക്കാന്‍ തദ്ദേശ രജിസ്ട്രാര്‍മാരും വിവാഹ മുഖ്യ രജിസ്ട്രാര്‍ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി സൂചിപ്പിച്ചു.
വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പാലിക്കാതെ വിദേശത്ത് പോയതിനുശേഷം വിദേശത്തുനിന്നും കോവിഡ്-19 പശ്ചാത്തലം ചൂണ്ടിക്കാണിച്ച് പലരും ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകള്‍ ലഭ്യമാക്കിക്കൊണ്ട് പല രജിസ്ട്രാര്‍മാരും വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കിവരുന്നുമുണ്ട്.
കോവിഡ് 19 വ്യാപനസാഹചര്യം മുന്‍നിര്‍ത്തി വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയവരുടെ തൊഴില്‍ സംരക്ഷണം ലഭിക്കുന്നതിനും, താമസസൗകര്യം ലഭിക്കുന്നതിനുള്ള നിയമസാധുതയ്ക്കും വിവാഹ സെര്‍ടിഫികെറ്റ് ആധികാരിക രേഖയായി ആവശ്യപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Keywords: MV Govindan Master says marriage can be registered online through video conference, Thiruvananthapuram, News, Politics, Marriage, Technology, News, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.