ഇസ്രായേല്‍ ഇന്ത്യയ്ക്ക് നല്‍കിയ വിജയമന്ത്രം; 'വജ്ര' കൃത്യതയോടെ പറന്ന് മിറാഷ് 2000; 'സുദര്‍ശന'പ്രഹരമായി ലേസര്‍ ബോംബ്; ചുട്ടെരിഞ്ഞ് പാകിസ്ഥാന്‍

 


ന്യൂഡല്‍ഹി: (www.kvartha.com 26.02.2019) പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രധാനമായി ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍. ജി.പി.എസിന്റ സഹായത്തോടെ ലേസര്‍ വഴി നിയന്ത്രിക്കാന്‍ ശേഷിയുള്ള സുദര്‍ശന്‍ ബോംബുകളായിരുന്നു പാകിസ്ഥാന്റെ മണ്ണ് ചുട്ടെരിച്ചത്.

ശത്രുപാളയത്തില്‍ കൃത്യമായി പ്രഹരം ഏല്‍പ്പിക്കാനുള്ള മികവാണ് നിയന്ത്രണരേഖ കടന്നുള്ള ആക്രമണത്തിനായി ഇന്ത്യന്‍ വ്യോമസേന മിറാഷ് 2000 വിമാനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള കാരണം. എതിരാളികള്‍ക്കു അണുവിട പോലും സംശയം തോന്നാതിരിക്കാന്‍ അഞ്ചു വ്യോമതാവളങ്ങളില്‍ നിന്നാണ് മിറാഷ് വിമാനങ്ങള്‍ പറന്നുയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഇസ്രായേല്‍ ഇന്ത്യയ്ക്ക് നല്‍കിയ വിജയമന്ത്രം; 'വജ്ര' കൃത്യതയോടെ പറന്ന് മിറാഷ് 2000; 'സുദര്‍ശന'പ്രഹരമായി ലേസര്‍ ബോംബ്; ചുട്ടെരിഞ്ഞ് പാകിസ്ഥാന്‍

വെറും 21 മിനിറ്റിനുള്ളില്‍ നിയന്ത്രണരേഖ കടന്ന് കനത്ത പ്രഹരം ഏല്‍പ്പിച്ച് വിമാനങ്ങള്‍ മടങ്ങിയെത്തി. അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള 12 മിറാഷ് 2000 വിഭാഗത്തിലെ പോര്‍വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.

1980 കളിലാണ് ഫ്രഞ്ച് നിര്‍മിത പോര്‍വിമാനമായ മിറാഷ് 2000 ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് മിറാഷ് വിമാനങ്ങളാണ്. ലേസര്‍ ഗൈഡഡ് ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.

വേഗതയ്‌ക്കൊപ്പം കൃത്യതയുടെ മികവാണ് ഈ വിമാനത്തെ ആകാശത്തെ മികച്ച പോരാളിയാക്കുന്നത്. 10 മിനിറ്റിനുള്ളില്‍ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തെ ആകാശത്തെത്താന്‍ മിറാഷിനാകും.

14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിങ്‌സ്പാനുമുള്ള വിമാനം ഒരു ഫൈറ്റര്‍ പൈലറ്റിനെയാണ് ഉള്‍ക്കൊള്ളുക. നിലവില്‍ എം2000 എച്ച്, എം2000 ടിഎച്ച്, എം2000 ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് 'വജ്ര' എന്നാണ്.

പ്രയാസമേറിയ ലക്ഷ്യങ്ങളില്‍ കൃത്യമായി ആക്രമിക്കാന്‍ കഴിയുന്ന ലേസര്‍ ബോംബുകള്‍ 1960 ല്‍ അമേരിക്ക വിയറ്റ്‌നാം യുദ്ധത്തിനു വേണ്ടിയാണ് ആദ്യമായി വികസിപ്പിച്ചെടുക്കുന്നത്. ഇതിന്റെ കൃത്യത വ്യക്തമായതോടെ റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും ലേസര്‍ ബോംബുകള്‍ നിര്‍മിച്ചുതുടങ്ങി. പോര്‍വിമാനങ്ങളില്‍നിന്നു ലേസര്‍ സംവിധാനം ഉപയോഗിച്ച് ലക്ഷ്യം കൃത്യമായി രേഖപ്പെടുത്തിയ ശേഷം അതേ പാതയില്‍ സഞ്ചരിച്ചു പ്രഹരിക്കാന്‍ കഴിവുള്ളവയാണ് ലേസര്‍ ബോംബുകള്‍.

2010 ല്‍ രണ്ടു തവണ പരീക്ഷണം നടത്തി വിജയിച്ച ബോംബാണ് സുദര്‍ശന്‍. 2013ലാണ് ഇന്ത്യ 'സുദര്‍ശന്‍' എന്ന പേരില്‍ ലേസര്‍ ബോംബ് വിജയകരമായി നിര്‍മിച്ചത്. 2006ല്‍ രൂപകല്‍പന പൂര്‍ത്തിയായെങ്കിലും ഏഴു വര്‍ഷത്തിനു ശേഷമാണ് വിജയകരമായി പരീക്ഷിച്ചത്. ഇതോടെ ഈ സംവിധാനം വ്യോമസേനയുടെ ഭാഗമായി. ഭാരത് ഇലക്ട്രോണിക്‌സ് ആണ് 'സുദര്‍ശന്‍' നിര്‍മിക്കുന്നത്.

450 കിലോ ഭാരമുള്ള ബോംബ് ഏകദേശം ഒന്‍പതു കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെ പ്രയോഗിക്കാന്‍ സാധിക്കും. മിഗ് 27, ജാഗ്വര്‍, സുഖോയ് 30, മിറാഷ് എന്നീ പോര്‍വിമാനങ്ങളില്‍നിന്നു പ്രയോഗിക്കാന്‍ സാധിക്കുന്നതാണ് 'സുദര്‍ശന്‍'!. ഇന്ന് ശത്രുക്കളുടെ പേടിസ്വപ്‌നമാണ് ജിപിഎസിന്റ സഹായത്തോടെ ലേസര്‍ വഴി നിയന്ത്രിക്കാനാകുന്ന ആധുനികകാലത്തെ ഈ 'സുദര്‍ശനചക്രം'

മിഗ്-27, ജാഗ്വര്‍, സുഖോയ്-30, മിറാഷ്, മിഗ് എന്നീ പോര്‍വിമാനങ്ങളില്‍ നിന്ന് പ്രയോഗിക്കാന്‍ സാധിക്കുന്നതാണ് സുദര്‍ശന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  IAF strikes Jaish-e-Mohammed: What makes Mirage-2000 the 'chosen one', New Delhi, News, Trending, Terrorists, Attack, Flight, Technology, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia