Defence ministry approves | ഇന്‍ഡ്യന്‍ നിര്‍മിത ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാനുള്ള 76,390 കോടി രൂപയുടെ നിര്‍ദേശത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം; ആത്മനിര്‍ഭര്‍ ഭാരത് പ്രചരണത്തിന് വലിയ ഉത്തേജനം നല്‍കുന്നതായി കേന്ദ്രം
Jun 6, 2022, 20:25 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ നിര്‍മിത ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാനുള്ള 76,390 കോടി രൂപയുടെ നിര്‍ദേശത്തിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (DAC) സായുധ സേനയുടെ മൂലധന സമ്പാദന നിര്‍ദേശങ്ങളുടെ ഭാഗമായാണിത്. ഇത് ആത്മനിര്‍ഭര്‍ ഭാരത് പ്രചരണത്തിന് വലിയ ഉത്തേജനം നല്‍കുന്നതായി കേന്ദ്രം പറയുന്നു.
പരുക്കന്‍ ഭൂപ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഫോര്‍ക്ലിഫ്റ്റ് ട്രകുകള്‍, ബ്രിഡ്ജ് ലെയിംഗ് ടാങ്കുകള്‍, ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈലുകളുള്ള കവചിത യുദ്ധ വാഹനങ്ങള്‍, തദ്ദേശീയമായ രൂപകല്പനയിലും വികസനത്തിലും ഊന്നല്‍ നല്‍കി ആഭ്യന്തര സ്രോതസുകളിലൂടെ ആയുധങ്ങള്‍ കണ്ടെത്തുന്ന റഡാറുകള്‍ എന്നിവ സൈന്യത്തിന് വേണ്ടി വാങ്ങാന്‍ തീരുമാനിച്ചു.
'ഇന്‍ഡ്യന്‍ നാവികസേനയ്ക്ക് ഏകദേശം 36,000 കോടി രൂപ ചെലവില്‍ അടുത്ത തലമുറ കൊര്‍വെറ്റുകള്‍ (NGCs) വാങ്ങുന്നതിനായി ഡിഎസി കരാര്‍ അംഗീകരിച്ചു. ഈ കൊര്‍വെറ്റുകള്‍ വിവിധങ്ങളായ നിരീക്ഷണ ദൗത്യങ്ങള്‍, അകമ്പടി പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള ബഹുമുഖ വേദികളായിരിക്കും. ഉപരിതല ആക്ഷന്‍ ഗ്രൂപ് (SAG) പ്രവര്‍ത്തനങ്ങള്‍, തിരച്ചില്‍, ആക്രമണം, തീരദേശ പ്രതിരോധം എന്നിവയ്ക്ക് ഇവ ഉപയോഗിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കപ്പല്‍ നിര്‍മാണത്തിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചും ഇന്‍ഡ്യന്‍ നാവികസേനയുടെ പുതിയ ഇന്‍-ഹൗസ് ഡിസൈന്‍ അടിസ്ഥാനമാക്കിയുമാണ് ഈ ഏജന്‍സികള്‍ കൊര്‍വെറ്റുകള്‍ നിര്‍മിക്കുകയെന്നും ഇത് 'സാഗര്‍' (മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ചയും ഉറപ്പാക്കുന്ന പദ്ധതി)' എന്ന ഗവണ്‍മെന്റിന്റെ സംരംഭത്തിന് കൂടുതല്‍ സംഭാവന നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റ്, സുഖോയ്- 30എംകെഐ എയ്‌റോ എന്‍ജിനുകള്‍ എന്നിവയുടെ നിര്‍മാണത്തിനും ഡിഎസി, നവരത്നങ്ങള്‍ എന്നറിയപ്പെടുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍, ഹിന്ദുസ്ഥാന്‍ എയറോനോടിക്‌സ് ലിമിറ്റഡ് എന്നിവയ്ക്ക് തദ്ദേശീയ വല്‍കരണം വര്‍ധിപ്പിക്കുന്നതിനായി കരാറുകള്‍ നല്‍കി.
'പ്രതിരോധരംഗത്ത് ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, 'ബൈ (BUY) ഇന്‍ഡ്യന്‍ വിഭാഗത്തിന് കീഴിലുള്ള 'ഡിജിറ്റല്‍ കോസ്റ്റ് ഗാര്‍ഡ്' പദ്ധതിക്ക് ഡിഎസി അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴില്‍, കോസ്റ്റ് ഗാര്‍ഡിലെ വിവിധ ഉപരിതല, വ്യോമയാന പ്രവര്‍ത്തനങ്ങള്‍, ലോജിസ്റ്റിക്‌സ്, ഫിനാന്‍സ്, എച് ആര്‍ പ്രക്രിയകള്‍ എന്നിവ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ഒരു പാന്‍ ഇന്‍ഡ്യ സുരക്ഷിത ശൃംഖല സ്ഥാപിക്കും,' എന്നും പ്രസ്താവനയില്‍ പറയുന്നു.
Keywords: Defence ministry approves ₹76,390 crore proposal to buy India-made arms, ammunitions, New Delhi, News, Statement, Politics, Technology, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

