Digital Access | കണക്ടിങ് ദി അൺകണക്റ്റഡ്: കെഫോൺ പദ്ധതിയിലൂടെ ആദിവാസി മേഖലകൾ ഡിജിറ്റൽ ലോകത്തേക്ക്

 
 KePhone Project
 KePhone Project

Photo Credit: Website/ Kfon

● കോട്ടൂരിൽ നൽകിയിരിക്കുന്ന കണക്ഷന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയിരിക്കുന്നത് സൗത്ത് ഇന്ത്യൻ ബാങ്കാണ്.
● കെഫോൺ കണക്ഷനുകൾക്ക് പുറമേ, മറ്റ് സർവീസ് പ്രൊവൈഡർമാർക്കും കെഫോൺ ഫൈബർ ലീസിനെടുത്ത് ഇന്റർനെറ്റ് സേവനം നൽകാൻ ഇതുവഴി കഴിയും.
● പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ആദിവാസി മേഖലയിലും 250ലധികം വാണിജ്യ ഇന്റർനെറ്റ് കണക്ഷനുകൾ കെഫോൺ നൽകിയിട്ടുണ്ട്. 



തിരുവനന്തപുരം: (KVARTHA) കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവൻ ഡിജിറ്റലൈസ് ചെയ്യാനുള്ള പദ്ധതിയുമായി കെഫോൺ രംഗത്ത്. 'കണക്ടിങ്ങ് ദി അൺകണക്റ്റഡ്' എന്ന പേരിൽ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടമായി, തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളിലെ 103 വീടുകളിൽ ഇതിനോടകം കെഫോൺ കണക്ഷൻ സ്ഥാപിച്ചിട്ടുണ്ട്.

വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രദേശിക അടിസ്ഥാന സൗകര്യ വികസന ഫണ്ട് എന്നിവ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി പൂർത്തീകരിക്കുക. കോട്ടൂരിൽ നൽകിയിരിക്കുന്ന കണക്ഷന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയിരിക്കുന്നത് സൗത്ത് ഇന്ത്യൻ ബാങ്കാണ്. മറ്റ് ആദിവാസി മേഖലകളിലേക്കും ഇത്തരത്തിലുള്ള ഇന്റർനെറ്റ് കണക്ഷൻ വ്യാപിപ്പിക്കാനാണ് പദ്ധതി.

കേരളത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ നെടുംതൂണായ കെഫോൺ, ഈ പദ്ധതിയിലൂടെ കേരളത്തിന്റെ ഐ.ടി ഇൻഫ്രാസ്ട്രക്ചർ വികസനത്തെയും ലക്ഷ്യമിടുന്നു. ഇന്റർനെറ്റ് കടന്നുചെല്ലാൻ പ്രയാസമുള്ള ഇത്തരം മേഖലകളിലേക്ക് ഫൈബർ ഓപ്റ്റിക് കേബിളുകൾ വിന്യസിക്കുന്നതിലൂടെ, ഈ മേഖലയിലും സമീപ പ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് കണക്ഷനും മറ്റ് അനുബന്ധ സേവനങ്ങളും ലഭ്യമാക്കാൻ കഴിയും. കെഫോൺ കണക്ഷനുകൾക്ക് പുറമേ, മറ്റ് സർവീസ് പ്രൊവൈഡർമാർക്കും കെഫോൺ ഫൈബർ ലീസിനെടുത്ത് ഇന്റർനെറ്റ് സേവനം നൽകാൻ ഇതുവഴി കഴിയും.

കോട്ടൂരിൽ നൽകിയിരിക്കുന്ന കണക്ഷനിൽ നിന്ന് വാലിപ്പാറയിലെയും ചോനമ്പാറയിലെയും രണ്ട് പഠന മുറികളിലേക്കും, ഈ മേഖലയിലെ 103 വീടുകളിലേക്കും ഇന്റർനെറ്റ് കണക്ഷൻ നൽകിയിട്ടുണ്ട്. വയനാട് പന്തലാടിക്കുന്നിൽ കെഫോൺ നേരിട്ട് നൽകിയിരിക്കുന്ന കണക്ഷനുകളിൽ നിന്ന് രണ്ട് വൈഫൈ ആക്സസ് പോയിന്റ് കണക്ഷൻ വഴി പത്തിലധികം വീടുകളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമേ, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ആദിവാസി മേഖലയിലും 250ലധികം വാണിജ്യ ഇന്റർനെറ്റ് കണക്ഷനുകൾ കെഫോൺ നൽകിയിട്ടുണ്ട്. 

പത്തനംതിട്ട ജില്ലയിലെ റാന്നി വടശ്ശേരിക്കര, ശബരിമല, വയനാട്, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും ഉൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിലും ഗ്രാമ-നഗര ഭേദമന്യേയുള്ള മേഖലകളിലേക്ക് കെഫോൺ സേവനം ഉറപ്പുവരുത്താൻ നാളിതുവരെ കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം, കേരളത്തിലെ എല്ലാ ആദിവാസി മേഖലകളിലും ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ഉറപ്പുവരുത്തണമെന്നത് കെഫോണിന്റെ പ്രഖ്യാപിത ലക്ഷ്യമായി മാറിയിരിക്കുന്നു.

ഇന്റർനെറ്റ് മൗലിക അവകാശമാക്കിയ നാട്ടിൽ ആരും ഇന്റർനെറ്റ് ലഭ്യമല്ലാതെ മാറ്റി നിർത്തപ്പെടരുതെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് കെഫോൺ ആദിവാസി മേഖലകളെയും ചേർത്ത് നിർത്തി ഈ പദ്ധതി നടപ്പാക്കുന്നതെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കെഫോൺ മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. 

സർക്കാർ നിർദേശപ്രകാരം കെഫോൺ പ്രോജക്ട് സ്കോപ്പിൽ ആദിവാസി മേഖലകളിലേക്ക് സൗജന്യമായി നൽകിയിരിക്കുന്ന കണക്ഷനുകൾക്ക് പുറമേയാണ് 'കണക്ടിങ്ങ് ദി അൺകണക്റ്റഡ്' എന്ന പേരിൽ വിവിധ കമ്പനികളുടെയും മറ്റും സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പ്രോജക്ട് നാടിന്റെ ഇന്റർനെറ്റ് സാക്ഷരത വർദ്ധിപ്പിക്കുകയും ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിന് മുതൽക്കൂട്ടാകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#KePhone #DigitalInclusion #TribalConnectivity #InternetForAll #Kerala #RuralDevelopment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia