MoU Signed | കേരള സ്‌പേസ് പാര്‍ക്കും - വി എസ് എസ് സിയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു; പുത്തന്‍ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരം:(KVARTHA) കേരള സ്‌പേസ് പാര്‍ക്കും (K Space) വിക്രം സാരാഭായ് സ്‌പേസ് സെന്ററും (വി എസ് എസ് സി) തമ്മിലുള്ള ധാരണാപത്രം (MOU) മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഒപ്പു വെച്ചു.
പുത്തന്‍ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സ്‌പേസ് പാര്‍ക്ക് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐ എസ് ആര്‍ ഒയും കെ സ്‌പേസും തമ്മിലുള്ള സഹകരണത്തിലൂടെ ഇത് സാധ്യമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌പേസ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് സ്‌പേസ് പാര്‍ക്ക് ഏറെ ഉപകരിക്കുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ സോമനാഥ് പറഞ്ഞു. വി എസ് എസ് സിക്ക് അടുത്തുള്ള സ്ഥാപനമെന്ന നിലയില്‍ സ്‌പേസ് പാര്‍ക്കിന്റെ സാധ്യത വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐ എസ് ആര്‍ ഒ ചെയര്‍മാനുമായ ഡോ. എസ് സോമനാഥ് മുഖ്യാതിഥിയായിരുന്നു. വി എസ് എസ് സി ക്കുവേണ്ടി ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായരും കെ സ്പേസിനു വേണ്ടി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ഇലക്ട്രോണിക്സ് & വിവര സാങ്കേതിക വകുപ്പ് സെക്രട്ടറിയുമായ ഡോ. രത്തന്‍ യു ഖേല്‍ക്കറും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ധാരണ പത്രത്തിന്റെ ഭാഗമായി വി എസ് എസ് സി ശാസ്ത്രജ്ഞര്‍ കെ സ്പേസിന്റെ ഭരണ ഉപദേശക സമിതികളില്‍ അംഗമായി കൊണ്ട് സ്പേസ് പാര്‍ക്കിന്റെ വികസനത്തിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങളും സാങ്കേതിക ഉപദേശങ്ങളും നല്‍കും. കെ-സ്പേസ് ബഹിരാകാശമേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ച് മേഖലയുടെ വികസനത്തിനുവേണ്ട സഹായങ്ങള്‍ നല്‍കും.
ബഹിരാകാശ മേഖലയ്ക്ക് മികച്ച ഗുണ നിലവാരമുള്ളതും സങ്കീര്‍ണവുമായ ഉത്പന്നങ്ങളുടെ നിര്‍മാണത്തിനും സേവനത്തിനുമുള്ള അന്തരീഷം സൃഷ്ടിച്ച് ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വികസനത്തിന് വേണ്ട ഉത്തേജക ശക്തിയായി പ്രവര്‍ത്തിക്കും. നവീന ആശയങ്ങള്‍ വാണിജ്യവത്ക്കരിക്കാന്‍ ശേഷിയുള്ള നിക്ഷേപകരുമായി സഹകരിക്കും.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍, എല്‍ പി എസ് സി ഡയറക്ടര്‍ ഡോ. വി നാരായണന്‍, ഐ ഐ എസ് യു ഡയറക്ടര്‍ ഇ എസ് പത്മകുമാര്‍, ഐ ഐ എസ് ടി രജിസ്ട്രാര്‍ പ്രൊഫ. കുരുവിള ജോസഫ്, വി എസ് എസ് സി യുടെ ചീഫ് കണ്‍ട്രോളര്‍ സി മനോജ്, കേരള സര്‍ക്കാരിന്റെയും ഐ എസ് ആര്‍ ഒയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.