Analysis | എ സി ഉപയോഗിക്കാതെ കാർ ഓടിച്ചാൽ എത്രമാത്രം ഇന്ധനം ലാഭിക്കാനാകും?
വാഹനത്തിന്റെ വേഗത, കാലാവസ്ഥ, ജനൽ തുറന്നിരിക്കുന്നതോ അടച്ചിരിക്കുന്നതോ എന്നിവയെല്ലാം ഇതിൽ സ്വാധീനം ചെലുത്തും
മിൻ്റു തൊടുപുഴ
(KVARTHA) ഇന്ന് ഏത് യാത്രയിലും ആർക്കും എ സി ഇല്ലാതെ വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ്. പണ്ട് ആണെങ്കിൽ ഒരു എ.സിയും ഇല്ലാതെ വാഹനത്തിൻ്റെ ചില്ലുകൾ താഴ്ത്തിയിട്ട് അതിലൂടെ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഇളം കാറ്റ് ഏറ്റ് കാറുകളിലും മറ്റും സഞ്ചരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതൊരു പ്രത്യേക സുഖമായി ഇന്നും കാണുന്നവരും ഏറെയാണ്. അതുകൊണ്ട് ചെറുത് അല്ലാത്ത ഇന്ധന ലാഭവും ഉണ്ടായിരുന്നു. ഇന്ന് എ.സി.യൊക്കെ ഇട്ട് വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഇന്ധനചെലവ് എങ്ങനെയെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ..? അതേക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'കാർ ഓടിക്കുമ്പോൾ എ സി ഉപയോഗിക്കാതെ ഇരുന്നാൽ എത്രത്തോളം ഇന്ധനം ലാഭിക്കാനാകും? കാറിന്റെ എ സി ഏതായാലും ഒരു വിധം ഇന്ധനം ഉപയോഗിക്കും. എത്രമാത്രം? തുറന്ന ജനലുകളിലൂടെ ഇരച്ചുകയറുന്ന വായുവും ഇന്ധനം ചിലവാക്കും. കുറഞ്ഞ വേഗത്തിൽ ( 50–60 കി മി /മണിക്കൂർ) എ സി ഉപയോഗിക്കാത്തതാണ് ലാഭകരം. കൂടിയ വേഗതയിൽ ജനലുകളടച്ചു എ സി ഇട്ടു പോകുന്നതാണ് നല്ലത്. ഏതു സ്ഥലത്തു, ഏതു കാലാവസ്ഥയിൽ, ഏതു കാറാണ്, ഏതു രീതിയിലെ ചില്ലുകൾ ഉള്ള ജനലുകളാണ് തുടങ്ങിയ ഘടകങ്ങൾ ആണ് എത്രമാത്രം ഇന്ധനം ലാഭിക്കാം എന്ന് തീരുമാനിക്കുന്നത്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ ഉണ്ട്.
എ സി യുടെ നിയന്ത്രണസംവിധാനത്തിൽ പുറം വായു ക്രമീകരിക്കാനുള്ള (Ventilation control) നോബ് കാണും. അത് പുറംവായു കയറുന്ന രീതിയിലാണെങ്കിൽ അകത്തെ അശുദ്ധ വായൂ പുറത്തുപോകും. പ്രത്യേകിച്ച് കൂടുതൽ ആളുകൾ ഉള്ളപ്പോഴോ പുകവലിക്കുമ്പോഴോ മറ്റും. പക്ഷേ പുറം വായു തണുപ്പിക്കുന്നതിനു വളരെയധികം ഇന്ധനം ആവശ്യമുണ്ട്. അതുകൊണ്ടു ആവശ്യമുള്ളപ്പോൾ മാത്രം ഈ സൗകര്യം ഉപയോഗിക്കുക. കാർ നിർത്തുമ്പോൾ അടിയിൽ വെള്ളം കൂടുതലായി കാണുന്നത് പുറംവായു തണുപ്പിക്കുമ്പോൾ ദ്രവീകരിക്കപ്പെടുന്നതാണ്.
മറ്റൊരു കാര്യം, ശക്തി കുറഞ്ഞ വാഹനങ്ങളിൽ, തുടക്കത്തിലും വേഗത കൂട്ടുമ്പോഴും എൻജിൻ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്നതുകൊണ്ട് എ സി എന്ന സ്വിച്ച് ഓഫ് ആക്കിയാൽ എ സി യുടെ കംപ്രസ്സർ ശക്തി വലിക്കാതിരിക്കുകയും വണ്ടി കുറേക്കൂടെ സുഗമമായി പോകുന്നതുമാണ്. കാറിൽ കയറി എൻജിൻ പ്രവർത്തിക്കുമ്പോൾ ജനൽ തുറന്നു എ സി പ്രവർത്തിപ്പിക്കാതെ ഇരിക്കുന്നതാണ് നല്ലത്, കാറിന്റെ ഡാഷ്ബോർഡിലെ പ്ലാസ്റ്റിക് പുറത്തുവിടുന്ന വാതകങ്ങൾ എല്ലാം പുറത്തുപോകുന്നതിനാണ്. കുറച്ചു മുന്നോട്ടു പോയതിനുശേഷം എ സി ഓൺ ചെയ്തു ജനലുകൾ അടക്കാം'.
ഇനി എ സി ഇട്ട് വണ്ടി ഓടിക്കണോ അല്ലാതെ വണ്ടി ഓടിക്കണോ എന്ന് നമുക്ക് തീരുമാനിക്കാം. അതേക്കുറിച്ചുള്ള വളരെ സമഗ്രമായ വിവരണമാണ് ഇവിടെ നൽകിയിട്ടുള്ളത്. തണുത്ത കാലാവസ്ഥയിൽ പോലും വാഹനത്തിൽ എ സി ഓണാക്കി സഞ്ചരിക്കുന്നവർ ധാരാളമുണ്ട്. അവരും ഇതേക്കുറിച്ച് കൂടൂതൽ പഠിക്കാൻ ശ്രമിക്കുക. വാഹനത്തിലെ യാത്ര ആണെങ്കിൽ പോലും ചിന്തിച്ച് പ്രവർത്തിച്ചാൽ ധാരാളം പണം ലാഭിക്കാനാവും.