കൊച്ചി മെട്രോയില്‍ 19നു സൗജന്യ സവാരി, ലക്ഷ്യം കൂടുതല്‍ ജനകീയമാക്കല്‍, ഒപ്പം സമ്മാന പദ്ധതികളും

 


ADVERTISEMENT

കൊച്ചി: (www.kvartha.com 13.06.2018) ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് നിരവധി ഇളവുകളും സമ്മാന പദ്ധതികളുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. മെട്രോ ഔദ്യോഗികമായി സര്‍വീസ് തുടങ്ങിയ ജൂണ്‍ 19ന് എല്ലാവര്‍ക്കും സൗജന്യമായി മെട്രോയില്‍ യാത്ര ചെയ്യാം. ദിവസം മുഴുവന്‍ നിബന്ധനകളൊന്നുമില്ലാതെ ഇഷ്ടം പോലെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഫ്രീ റൈഡ് ഡേയിലൂടെ കെ.എം.ആര്‍.എല്‍ ഒരുക്കുന്നതെന്ന് എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു.

മെട്രോ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂണ്‍ 17ന് ഇടപ്പള്ളി സ്‌റ്റേഷനില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ കൂറ്റന്‍ കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിടും. പെരുന്നാള്‍ ആഘോഷം കൂടി കണക്കിലെടുത്ത് ഈ മാസം 15 മുതല്‍ 18 വരെ യാത്രക്കാര്‍ക്കായി ലക്കി ഡിപ്പ് മത്സരം നടത്തും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

  കൊച്ചി മെട്രോയില്‍ 19നു സൗജന്യ സവാരി, ലക്ഷ്യം കൂടുതല്‍ ജനകീയമാക്കല്‍, ഒപ്പം സമ്മാന പദ്ധതികളും

ഈ മാസം 17ന് രാവിലെ ഇടപ്പള്ളി സ്‌റ്റേഷനില്‍ ടൈം ട്രാവലര്‍, മാജിക് മെട്രോ എന്ന പേരില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ അരങ്ങേറും. ഈ മാസം 15 മുതല്‍ 30 വരെ കൊച്ചി വണ്‍ കാര്‍ഡ് എടുക്കുന്നവര്‍ക്ക് ഇടപാട് നിരക്കില്‍ (237 രൂപ) ഇളവുണ്ടാകും. കാര്‍ഡ് എടുക്കുന്നതിന് സ്‌റ്റേഷനുകളില്‍ പ്രത്യേക സൗകര്യമൊരുക്കും. ആഘോഷങ്ങളുടെ ഭാഗമായി എല്ലാ സ്‌റ്റേഷനുകളും അലങ്കരിക്കും. ഇടപ്പള്ളി അടക്കമുള്ള പ്രധാന സ്‌റ്റേഷനുകളില്‍ വിവിധ കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.

ഇതിന് പുറമെ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുട്ടം യാര്‍ഡിലെ ഓരോ ജീവനക്കാരും യാര്‍ഡില്‍ ഓരോ തൈകള്‍ വീതം നടും. മെട്രോയിലെ കുടുംബശ്രീ ജീവനക്കാരെയും സുരക്ഷാ ജീവനക്കാരെയും തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ആദരിക്കും. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട 365 ചിത്രങ്ങളടങ്ങിയ കോഫി ടേബിള്‍ ബുക്ക് രാഷ്ട്രപതി റിലീസ് ചെയ്യും. ഇതിനായി കെ.എം.ആര്‍.എല്‍ പൊതുജനങ്ങള്‍ക്കായി മത്സരം നടത്തിയിരുന്നെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചിരുന്നില്ല.

ആലുവ സ്‌റ്റേഷനില്‍ വലതുഭാഗത്തുള്ള പ്രവേശന കവാടം 19ന് ഉച്ചക്ക് രണ്ടുമണിക്ക് യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുമെന്നും എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi Metro: Anniversary gifts to include free rides, Kochi, News, Kochi Metro, Technology, Passengers, Celebration, Aluva, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia