Republic Day | രാജ്യം 76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ; കർത്തവ്യപഥിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതി പരേഡ്

 
 76th Republic Day parade at Kartavya Path showcasing military might.
 76th Republic Day parade at Kartavya Path showcasing military might.

Image Credit: Arranged

● രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. 
 ● ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.
 ● അയ്യായിരത്തിലധികം കലാകാരന്മാരുടെ സാംസ്കാരിക പരിപാടികൾ കർത്തവ്യപഥിനെ വർണാഭമാക്കി.

ന്യൂഡൽഹി: (KVARTHA) 76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. ഡൽഹിയിലെ കർത്തവ്യപഥിൽ നടക്കുന്ന വർണാഭമായ പരേഡ് രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും ലോകത്തിന് മുന്നിൽ വിളിച്ചോതി. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികവും ജൻ ഭാഗിദാരിയും ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകർഷണമായിരുന്നു.


രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയോടൊപ്പം ആചാരപരമായ കുതിരവണ്ടിയിൽ കർത്തവ്യപഥിലെത്തി. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. രാവിലെ പത്തരയ്ക്ക് പരേഡ് ആരംഭിച്ചു.


മുപ്പത്തിയൊന്ന് ടാബ്ലോകൾ കർത്തവ്യപഥിലൂടെ നീങ്ങി. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ടാബ്ലോകൾ ഭാരതത്തിന്റെ സമ്പന്നമായ പൈതൃകവും അതിന്റെ വികസന മുന്നേറ്റവും ലോകത്തിന് കാണിച്ചുകൊടുത്തു. ഇതാദ്യമായി മൂന്ന് സേനകളുടെയും സംയുക്ത ടാബ്ലോ സൈന്യങ്ങളുടെ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി മാറി. 


അയ്യായിരത്തിലധികം കലാകാരന്മാരുടെ സാംസ്കാരിക പരിപാടികൾ കർത്തവ്യപഥിനെ വർണാഭമാക്കി. ദേശീയ പ്രാധാന്യമുള്ള പരിപാടികളിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പതിനായിരത്തോളം അതിഥികളെ പരേഡിന് ക്ഷണിച്ചിരുന്നു. ടി-90 ഭീഷ്മ ടാങ്ക്, നാഗ് മിസൈൽ സംവിധാനം, ബ്രഹ്മോസ് ക്രൂയിസ് മിസൈൽ, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റം, ആകാശ് വെപ്പൺ സിസ്റ്റം തുടങ്ങിയ അത്യാധുനിക സൈനിക ഉപകരണങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. 

 76th Republic Day parade at Kartavya Path showcasing military might.1

തദ്ദേശീയമായി നിർമ്മിച്ച അർജുൻ മെയിൻ ബാറ്റിൽ ടാങ്ക്, തേജസ് യുദ്ധവിമാനം, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ, ഐ‌എൻ‌എസ് വിശാഖപട്ടണം, വിദൂര നിയന്ത്രിത വിമാനം എന്നിവയുൾപ്പെടെ കര, നാവിക, വ്യോമസേനകളുടെ സംയുക്ത സൈനിക ശക്തിയുടെ പ്രദർശനവും ശ്രദ്ധേയമായി. ഇന്തോനേഷ്യയിൽ നിന്നുള്ള 352 അംഗ മാർച്ചിംഗ്, ബാൻഡ് സംഘവും പരേഡിൽ പങ്കെടുത്തു. സുബിയാന്തോ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ്.


മൂന്ന് സേനകളിൽ നിന്നുമുള്ള വനിതാ ഉദ്യോഗസ്ഥർ സ്ത്രീശക്തിയുടെ പ്രതീകമായി പരേഡിൽ അണിനിരന്നു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (സിആർ‌പി‌എഫ്) 148 അംഗ വനിതാ സംഘവും പരേഡിൽ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതോപകരണങ്ങൾ ഉപയോഗിച്ച് മുന്നൂറോളം കലാകാരന്മാർ ‘സാരേ ജഹാം സെ അച്ഛാ’ അവതരിപ്പിച്ചത് ശ്രദ്ധേയമായി. 


ഡൽഹിയിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എഴുപതിലധികം പാരാമിലിട്ടറി കമ്പനികളും എഴുപതിനായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. പരേഡ് റൂട്ടിലെ ഇരുനൂറിലധികം കെട്ടിടങ്ങളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചിരുന്നു. ജനുവരി ഇരുപത്തിയൊമ്പതിന് വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകളോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പരിസമാപ്തിയാകും.

ഈ വാർത്ത പങ്കിടുകയും നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുകയും ചെയ്യുക.


 The 76th Republic Day celebrations in India featured a grand parade at Kartavya Path, showcasing India's military strength, cultural diversity, and technological advancements.


 #RepublicDay2025, #76thRepublicDay, #India, #KartavyaPath, #RepublicDayParade, #CulturalDiversity

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia