Catering Services | ഓണസദ്യ: വീട്ടിലിരുന്ന് ആസ്വദിക്കാം; ഒരു ഫോണ്‍ കോള്‍ മതി

 
Onam Sadhya
Onam Sadhya

Representational Image Generated by Meta

● ഓണസദ്യ വീട്ടിലിരുന്ന് ആസ്വദിക്കാൻ കാറ്ററിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
● അഞ്ചുപേർക്ക് 1200-1250 രൂപയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ നൽകുന്നു.

പട്ടാമ്പി: (KVARTHA) ഓണക്കാലം അടുത്തപ്പോൾ കേരളത്തിൽ ഓണസദ്യയുടെ രുചി വീട്ടിലിരുന്ന് ആസ്വദിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് കാറ്ററിങ് സ്ഥാപനങ്ങൾ. പണ്ടത്തെപ്പോലെ വീട്ടിൽ തന്നെ ഓണസദ്യയൊരുക്കുന്നതിൽ നിന്ന് വ്യതിചലിച്ച്, പലരും കാറ്ററിംഗ് സർവീസുകൾ തേടുകയാണ്.

വിശേഷിച്ചും അണുകുടുംബങ്ങളും ജോലി തിരക്കുകളുള്ളവരും ഓണസദ്യയുടെ പണിയിൽ നിന്ന് ഒഴിവായി സമയം ലാഭിക്കാനുള്ള മാർഗമായി കാറ്ററിംഗിനെ കാണുന്നു. അഞ്ചുപേർ മാത്രമുള്ള വീടുകളില്‍ ഓണസദ്യയൊരുക്കാനുള്ള തത്രപ്പാട് മുതലെടുക്കുകയാണ് കാറ്ററിങ്ങുകാർ.

അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് 1200-1250 രൂപയ്ക്ക് വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യ ലഭ്യമാക്കുന്ന പദ്ധതികൾ പലയിടത്തും നടപ്പാക്കുന്നുണ്ട്. വാഴയിലയും ഗ്ലാസുമടക്കം രണ്ടുതരം പായസവുമടങ്ങുന്നതാണ് വിഭവ സമൃദ്ധമായ സദ്യ. ചോറ്, സാമ്പാർ, കാളൻ, ഓലൻ, അവിയൽ, കൂട്ടുകറി, പച്ചടി, രസം, ശർക്കര ഉപ്പേരി, കായ വറവ്, നാരങ്ങാക്കറി, പുളിയിഞ്ചി, പാലട, പരിപ്പ് പ്രഥമൻ തുടങ്ങിയ വിഭവങ്ങൾ ഒരു ഫോൺ കോളിൽ വീട്ടിലെത്തും.

പണ്ട് കാലത്ത് മുളക്, മല്ലി തുടങ്ങിയവ വാങ്ങി ഉണക്കി പൊടിയാക്കുന്നത് സാധാരണമായിരുന്നു. വടുകപ്പുളി വാങ്ങി അച്ചാറുണ്ടാക്കിയും നേന്ത്രക്കുല വീട്ടിലെത്തിച്ച്‌ പുകയിട്ടുമാണ് ഓണത്തിന്‍റെ വരവറിയിച്ചിരുന്നത്. എന്നാൽ ഇന്ന് റെഡിമെയ്ഡ് കറിപ്പൊടികളും പഴുത്ത പഴങ്ങളും വാങ്ങുന്നതാണ് പതിവ്. 

കുടുംബങ്ങള്‍ ഭാഗിക്കപ്പെടുകയും അണുകുടുംബങ്ങള്‍ രൂപപ്പെടുകയും കുടുംബാംഗങ്ങള്‍ ജോലിത്തിരക്കിലാവുകയും ചെയ്തതോടെ സദ്യ തന്നെ വിലയ്ക്ക് വാങ്ങാനാണ് ആളുകള്‍ താല്‍പര്യപ്പെടുന്നത്. നഗരങ്ങളില്‍ മാത്രം കണ്ടിരുന്ന പ്രവണത ഗ്രാമങ്ങളെയും വിഴുങ്ങുകയാണ്.

പൂക്കളമൊരുക്കുന്ന കാര്യത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പാടത്തും പറമ്പിലും  കുട്ടികള്‍ പൂക്കൊട്ടകളുമായി നടന്ന് പൂ പറിച്ച്‌ പൂക്കളമൊരുക്കിയിരുന്ന പഴയ കാലവും പോയ്മറഞ്ഞു. തമിഴ്നാട്ടിൽ നിന്നെത്തുന്ന പൂക്കളാണ് അത്തം മുതൽ തിരുവോണം വരെ മലയാളിയുടെ മുറ്റത്തെ അലങ്കരിക്കുന്നത്. പഞ്ചായത്തും കുടുംബശ്രീയും തുടങ്ങിവെച്ച ചെണ്ടുമല്ലികൃഷി ഇതിനൊര് അപവാദമാണ്.

ഓണാഘോഷത്തിൽ കാറ്ററിംഗ് സർവീസുകൾ വ്യാപകമാകുന്നത് സമകാലിക സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളുടെ പ്രതിഫലനമാണ്. എന്നാൽ, ഓണത്തിന്റെ സാംസ്കാരിക പൈതൃകവും പരമ്പരാഗത രീതികളും നിലനിർത്തുന്നതിനും പുതിയ തലമുറയിൽ ഈ അറിവ് പകർന്നു നൽകുന്നതിനും നാം ശ്രദ്ധിക്കണം.

ഈ വാർത്ത പങ്കിടുക! നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് പ്രധാനമാണ്. നിങ്ങളുടെ ഷെയർ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia