Community | മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിക്കാൻ പങ്കാളിയായി കലക്ടറും; ഉത്രാട ദിനത്തിൽ വേറിട്ട കാഴ്ച; കടലിൽ ചിലവഴിച്ചത് 5 മണിക്കൂറോളം
● അഴീക്കോട് ഹാർബറിൽ നിന്ന് വള്ളത്തിൽ കയറി.
● മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേട്ടറിഞ്ഞു.
തൃശൂർ: (KVARTHA) ഉത്രാട ദിനത്തിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിക്കാൻ പങ്കാളിയായി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ മത്സ്യ ബന്ധന വള്ളത്തിൽ യാത്ര നടത്തിയത് കൗതുകമായി. രാവിലെ അഞ്ചു മണിക്ക് അഴീക്കോട് ഫിഷറീസ് ഹാർബറിൽ നിന്ന് 'ശ്രീ കൃഷ്ണ പ്രസാദ്' എന്ന മത്സ്യബന്ധന വള്ളത്തിൽ കയറിയ കലക്ടർ, 50-ഓളം മത്സ്യത്തൊഴിലാളികളോടൊപ്പം 12 നോട്ടിക്കൽ മൈൽ (22 കീ. മീ) ദൂരം വരെ കടലിലേക്ക് പോയി.
അഞ്ചു മണിക്കൂറോളം കലക്ടർ മത്സ്യത്തൊഴിലാളികളുമായി സമയം ചിലവിട്ടു. അവർ നേരിടുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും കലക്ടർ നേരിട്ട് കേട്ടറിഞ്ഞു. തിരിച്ചെത്തി കടലോര ജാഗ്രതാ സമിതി അംഗങ്ങളുമായും ചർച്ച നടത്തി. മീൻ പിടിക്കുന്നതിൽ പങ്കാളിയായും, തൊഴിലാളികളോടൊപ്പം സെൽഫി എടുത്തും, എല്ലാവർക്കും ഓണം ആശംസിച്ചുമാണ് കളക്ടർ മടങ്ങിയത്.
ഈ സന്ദർശനം മത്സ്യത്തൊഴിലാളികളിലും വലിയ ആവേശം സൃഷ്ടിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.
#Thrissur #Collector #Onam #fishing #Kerala #community