Pilgrims  | ഹാജിമാർ ബുധനാഴ്ച  തിരിച്ചെത്തും; വിമാനത്താവാളത്തിൽ വിപുലമായ ഒരുക്കങ്ങൾ  

 

 
pilgrims will return on wednesday extensive preparation
pilgrims will return on wednesday extensive preparation


കണ്ണൂരിൽ നിന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ 3218 തീർത്ഥാടകരാണ് ഒമ്പത് വിമാനങ്ങളിലായി പുണ്യകർമങ്ങൾക്കായി പോയിരുന്നത്

സി കെ എ ജബ്ബാർ

മട്ടന്നൂർ: (KVARTHA) കണ്ണൂർ എമ്പാർക്കേഷൻ പോയിൻ്റ് വഴി ഈവർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പോയ തീർത്ഥാടകരുടെ ആദ്യ വിമാനങ്ങൾ ബുധനാഴ്ച കണ്ണൂരിലെത്തും. ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് സൗദി എയർലൈൻസിൻ്റെ എസ് വി 5140 നമ്പർ വിമാനത്തിലാണ് ആദ്യ ഹാജിമാരുടെ സംഘം ഇറങ്ങുക. ജീവിത സ്വപ്നം പൂർത്തീകരിച്ച സംശുദ്ധ മനസ്സോടെ തിരിച്ചെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ കണ്ണൂർ വിമാനത്താവളം ഒരുങ്ങി. 

ഹാജിമാർക്ക് നൽകാനുള്ള സംസം പുണ്യജലം വിമാനത്താവളത്തിൽ നേരത്തെ എത്തിച്ചേർന്നിരുന്നു.  എമിഗ്രേഷൻ പൂർത്തീകരണത്തോടെ തീർത്ഥാടകർക്ക് നൽകാവുന്ന വിധം സംസം ഒരുക്കി വെച്ചിട്ടുണ്ട്.
ഹാജിമാരുടെ തിരിച്ചു വരവ് നടപടികൾ സുഗമമാക്കുന്ന കാര്യം ആലോചിക്കാൻ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി   സ്പെഷ്യൽ ഓഫീസർ യു അബ്ദുൽ കരീമിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സൗദി എയർലൈൻസ്, ആരോഗ്യം കസ്റ്റംസ്, എമിഗ്രേഷൻ, കിയാൽ, പ്രതിനിധികൾ പങ്കെടുത്തു. 

തിരിച്ചെത്തുന്ന ഹാജിമാർക്ക് തുടർ ആരോഗ്യ പരിരക്ഷാ സംവിധാനം പ്രത്യേകം ഒരുക്കുന്നുണ്ട്. പ്രത്യേക മെഡിക്കൽ സംഘം വിമാനങ്ങൾ എത്തുന്ന അഞ്ച് ദിവസവും ഉണ്ടാവും. സമീപത്തെ ആശുപത്രികളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി സെൽ ജീവനക്കാരും വളണ്ടിയർമാരും സ്വാഗത സംഘം ക്രമീരണങ്ങളും ഹാജിമാരെ സ്വീകരിക്കാൻ ഉണ്ടാവും. ബുധനാഴ്ച ഉച്ചക്ക് 12 മണിക്കും രാത്രി 9.50 നുമായി രണ്ട് വിമാനങ്ങളാണ് എത്തുന്നത്. തുടർന്നുള്ള നാല് ദിവസങ്ങളിലായി ഏഴ് വിമാനങ്ങൾ എത്തിച്ചേരും.

രണ്ടാമത്തെ ഹജ്ജ് സംഘം 13 നാണ് എത്തിച്ചേരുക. പുലർച്ചെ 2.50 നും അന്ന് രാത്രി 9.40 നും. ജൂൺ 17 ന് പുലർച്ചെ 12.40 നും, വൈകീട്ട് ആറ് മണിക്കും രണ്ട് വിമാനങ്ങളിലായി ഹാജിമാർ തിരിച്ചെത്തും. 18 ന് രാവിലെ 9.50 ന് ഒരു വിമാനം വരും. അവസാന സംഘങ്ങൾ 19 ന് രാവിലെ 5.10 നും രാത്രി 11.20 നും എത്തിച്ചേരുന്നതോടെ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടന യാത്രാ ക്രമീകരണം പൂർത്തിയാവും.
കണ്ണൂർ എമ്പാർക്കേഷൻ വഴി ഹജ്ജിന് പോയവരിൽ മൂന്ന് പേർ പുണ്യഭൂമിൽ മരണപ്പെട്ടിരുന്നു. ചെറുകുന്ന് പി.വി ഹൗസിൽ ഖൈറുന്നിസ, നാറാത്തെ കല്ലൂരിയകത്ത് ഖദീജ , മൗവ്വഞ്ചേരി പള്ളിപൊയിൽ റുക്സാനാസിൽ ഇബ്രാഹിം മമ്മു എന്നിവരാണ് അല്ലാഹുവിൻ്റെ അതിഥികളായിരിക്കെ നാഥനിലേക്ക് മടങ്ങിയത്. 

കണ്ണൂരിൽ നിന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ 3218 തീർത്ഥാടകരാണ് ഒമ്പത് വിമാനങ്ങളിലായി പുണ്യകർമങ്ങൾക്കായി പോയിരുന്നത്. ഇവരിൽ കർണ്ണാടകയിൽ നിന്ന് 37 ഉം പോണ്ടിച്ചേരിയിൽ നിന്ന് 14ഉം മഹാരാഷ്ട്രയിൽ നിന്ന് മൂന്ന് പേരും ഉണ്ട്. കണ്ണൂരിൽ നിന്ന് പോയവരിൽ 1899 സ്ത്രീകളാണ്. സ്ത്രീകളിൽ 587 പേർ വിത് ഔട്ട് മെഹ്റം കാറ്റഗറിയിൽ തീർത്ഥാടനം നിർവഹിച്ചവരാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia