LS Result | മതപ്രീണനത്തിനെതിരെ നിലപാട് എടുത്ത മുസ്ലിം - ഹിന്ദു സമുദായത്തിൻ്റെയും വിജയമാണ് ഈ തിരഞ്ഞെടുപ്പ്


കേരളത്തിലേയ്ക്ക് നോക്കിയാൽ ഇടതു മുന്നണിയുടെ ഭാഗത്തു നിന്ന് വലിയൊരു മതപ്രീണനം ആണ് നടന്നത്.
കെ ആർ ജോസഫ്
(KVARTHA) ജനാധിപത്യ ഇന്ത്യയിൽ വർഗീയ വാദികൾക്കും അവസരവാദികൾക്കുമുള്ള സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ തെരഞ്ഞെടുപ്പ്. ദേശീയ തലത്തിൽ ഭരണകക്ഷിയാണെങ്കിൽ അല്ലെങ്കിൽ അവരുടെ പ്രധാനമന്ത്രിയാണെങ്കിൽ നാഴികയ്ക്ക് നാൽപ്പത് വട്ടം വർഗീയത വിളമ്പി രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുന്നതാണ് ജനം കണ്ടത്. ഹിന്ദുക്കൾ ഒഴിച്ച് മറ്റൊരു സമുദായത്തിനും ഈ രാജ്യത്തിൽ നിലനിൽപ്പില്ലെന്ന് പ്രതീതി സൃഷ്ടിച്ച് രാജ്യം മുഴുവൻ സഞ്ചരിക്കുന്ന പ്രധാനമന്ത്രിയെയാണ് ജനം കണ്ടതെന്നാണ് വിമർശനം. ഇതുമൂലം ഇതര സമുദായങ്ങൾ ശരിക്കും ഭയപ്പെട്ടിരുന്നു. വീണ്ടും ബി.ജെ.പി അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കൾ ഒഴിച്ച് ബാക്കിയുള്ള ഇവിടുത്തെ സമുദായങ്ങൾ എല്ലാം രാജ്യം വിട്ട് പോകേണ്ടി വരുമോ എന്ന് ഭയപ്പെടുത്തുന്ന തരത്തിലായിരുന്നു കാര്യങ്ങൾ നടന്നത്.
അമ്പലം എന്നതിൻ്റെ പേരിൽ മുസ്ലിം, ക്രിസ്ത്യൻ പള്ളികൾ പിടിച്ചെടുക്കുന്നു, തങ്ങളുടെ നിലപാടുകൾ എല്ലാവരിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു, അങ്ങനെ ഒരു ഏകാധിപത്യ രീതിയിലുള്ള ഭരണമാണ് രാജ്യത്ത് കണ്ടതെന്നായിരുന്നു പ്രതിപക്ഷ വിമർശനം. വർഗ്ഗീയ വികാരം ഇളക്കി വിട്ട് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ വോട്ടുകൾ മാത്രം ലക്ഷ്യമാക്കിയായിരുന്നു ബി.ജെ.പി നേതൃത്വത്തിൻ്റെ പ്രവർത്തനങ്ങൾ. മറ്റ് സമുദായങ്ങൾ എന്നപോലെ മറ്റ് പാർട്ടികളെയും അടിച്ചൊതുക്കി ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷത്തിൽ ഭരിക്കുക. അങ്ങനെ വന്നാൽ ഇനിയൊരു തെരഞ്ഞെടുപ്പ് കൂടെ ഇന്ത്യയിൽ നടന്നെന്ന് വരില്ല. ഏകാധിപത്യ പ്രവണതയിലേയ്ക്കും പോകും. ബി.ജെ.പി യും സംഘപരിപാറും ഒക്കെ ലക്ഷ്യമിട്ടത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായിരുന്നു.
ഇവിടെയുള്ള ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ഇടയിൽ വർഗീയത പരത്തി വോട്ട് ബാങ്ക് സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം വെച്ചത്. യു.പിയും ബിഹാറും, മധ്യപ്രദേശും, രാജസ്ഥാനുമൊക്കെ തങ്ങളുടെ വർഗീയപ്പുറത്ത് വീഴുമെന്ന് കരുതി. എന്നാൽ ഇവിടെയുള്ള സംസ്ക്കാര സമ്പന്നരും വിവരവുമുള്ളവരുമായ ഹിന്ദുക്കൾ ഉണർന്നു പ്രവർത്തിച്ചു. ബി.ജെ.പി യുടെ അപകടകരമായ വർഗീയ പ്രീണനം മനസ്സിലാക്കി തിരിച്ചടിക്കുകയായിരുന്നു. അതിൻ്റെ ഫലമോ അയോധ്യയിൽ പോലും ബി.ജെ.പി തിരിച്ചടി നേരിട്ടുവെന്ന് പറയാം.
ഇനി കേരളത്തിലേയ്ക്ക് നോക്കിയാൽ ഇടതു മുന്നണിയുടെ ഭാഗത്തു നിന്ന് വലിയൊരു മതപ്രീണനം ആണ് നടന്നത്. തങ്ങൾ മുസ്ലിം സമുദായത്തെ കൂടുതൽ സ്നേഹിക്കുന്നുവെന്ന് വരുത്തി തീർക്കാൻ ഇടതുമുന്നണിയും പ്രത്യേകിച്ച് സി.പി.എമ്മും നടത്തിയ നീക്കങ്ങൾ എല്ലാവരും കണ്ടതാണ്. ആത്മാർത്ഥതയില്ലാത്ത മതപ്രീണനത്തിന് മുൻപിൽ മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ ഇടതുപെട്ടിയിൽ വീഴുമെന്ന് സി.പി.എമ്മും കരുതി. മുസ്ലിം ലീഗിലെ തന്നെ ഒരു വിഭാഗത്തെ അടർത്തിയെടുക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ഇവിടെ മറ്റൊരു പാർട്ടിയും ഇനി അധികാരത്തിൽ വരരുത്. അതായിരുന്നു എൽ.ഡി.എഫ് ചിന്ത.
മുസ്ലിം ഭൂരിപക്ഷ മേഖലകൾ കാലാകാലങ്ങളായി യു.ഡി.എഫിനെയാണ് പിന്തുണയ്ക്കുന്നത്. ആ മേഖലയിൽ ഒരു വിള്ളൽ വീഴ്ത്താൻ സാധിച്ചാൽ യു.ഡി.എഫിനെന്നല്ല ഒരു മുന്നണിയ്ക്കും കേരളത്തിൽ അധികാരത്തിൽ എത്താൻ കഴിയില്ലെന്ന് ഇടതു മുന്നണി വിചാരിച്ചു. ആ വിചാരത്തിന് കൊടുത്ത കൊട്ടാണ് എൽ.ഡി.എഫിനെ ഒരു സീറ്റിൽ തളച്ചിട്ട് മറ്റെല്ലാ സ്ഥലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. കപട മതപ്രീണനം തങ്ങളുടെ അടുത്ത് ചെലവാകില്ലെന്നുള്ള സൂചനയാണ് മുസ്ലിം സമുദായം ഇവിടെ ഇടതു മുന്നണിയ്ക്കും നൽകിയത്.
ഇനി തൃശൂരിൽ ബി.ജെ.പി ജയിച്ചെന്ന് പറയുന്നു. ശരിക്കും തൃശൂരിൽ ബി.ജെ.പി അല്ല ജയിച്ചത് സുരേഷ് ഗോപിയാണ്. അദ്ദേഹം നന്മയുള്ള മനുഷ്യനാണെന്ന് കണ്ട് ജനം അദേഹത്തിന് വോട്ട് ചെയ്യുകയായിരുന്നു. ബി.ജെ.പി ഇവിടെ ജയിക്കാൻ യോഗ്യരാണെങ്കിൽ അവരുടെ സംസ്ഥാന പ്രസിഡൻ്റ് എവിടെയൊക്കെ എത്ര തവണ മത്സരിച്ചു. ഇതുവരെ ജയിച്ചിട്ടില്ലല്ലോ? എന്തായാലും ഇന്ത്യൻ മണ്ണിൽ മതപ്രീണനത്തിനും വർഗ്ഗീയതയ്ക്കും സ്ഥാനമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് മുസ്ലിം - ഹിന്ദു സഹോദരങ്ങൾ. വർഗീയതയെന്ന ചീഞ്ഞു നാറിയ കളികൾക്കൊന്നും നിന്നുകൊടുക്കാൻ തങ്ങളെ കിട്ടില്ലെന്ന് കാണിച്ചു കൊടുത്ത ഇരു സമുദായങ്ങളും അഭിനന്ദനം അർഹിക്കുന്നു.