Profile | ആരാണ് നവ്യ ഹരിദാസ്? വയനാട്ടിൽ പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയെ അറിയാം
● സോഫ്റ്റ്‌വെയർ എഞ്ചിനീയറിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തി
● കോഴിക്കോട് കോർപ്പറേഷനിൽ രണ്ട് തവണ കൗൺസിലർ
● മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയാണ്
കൽപറ്റ: (KVARTHA) വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ നവ്യാ ഹരിദാസാണ് ബിജെപി മസ്ഥാനാർഥി. കോൺഗ്രസിൻ്റെ ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി വധേരയ്ക്കും എൽഡിഎഫിൻ്റെ സത്യൻ മൊകേരിക്കുമെതിരെയാണ് അവർ മത്സരിക്കുന്നത്. ഈ നിർണായക മത്സരത്തിലേക്ക് കുറച്ച് തിരഞ്ഞെടുപ്പ് അനുഭവവുമായാണ് നവ്യ ഹരിദാസ് എത്തുന്നത്. വയനാട്ടിൽ നവംബർ 13-ന് ഉപതെരഞ്ഞെടുപ്പും നവംബർ 23-ന് വോട്ടെണ്ണലും നടക്കും.
ആരാണ് നവ്യ ഹരിദാസ്?
39 കാരിയായ നവ്യ ഹരിദാസ് കോഴിക്കോട് കോർപ്പറേഷനിൽ രണ്ട് തവണയായി കൗൺസിലറും കോർപ്പറേഷനിലെ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവുമാണ്. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചായിരുന്നു നവ്യയുടെ രാഷ്ട്രീയ പ്രവേശനം. കോഴിക്കോട് കോർപ്പറേഷനിലെ 69-ാം വാർഡായ കാരപറമ്പിൽ നിന്ന് ബിജെപിയുടെ ആദ്യ വിജയം സ്വന്തമാക്കി. 2020ലും വിജയം ആവർത്തിച്ചു.
ബിജെപി മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും അവർ പ്രവർത്തിക്കുന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. ഐഎൻഎല്ലിൻ്റെ അഹ്‌മദ് ദേവർകോവിലിനും മുസ്ലിം ലീഗിലെ നൂർബീന റഷീദിനും താഴെ മൂന്നാം സ്ഥാനത്താണ് എത്തിയതെങ്കിലും വോട്ട് വർധിപ്പിക്കാനായി. 44.15% വോട്ടുകൾ നേടി അഹ്‌മദ് ദേവർകോവിൽ വിജയിച്ചപ്പോൾ നവ്യ ഹരിദാസ് 20.89% വോട്ട് കരസ്ഥമാക്കി.
സോഫ്റ്റ്‌വെയർ എൻജിനീയറിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്
നവ്യ ഹരിദാസ് തൊഴിൽപരമായി സോഫ്‌റ്റ്‌വെയർ എൻജിനീയറാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കെഎംസിടി എൻജിനീയറിംഗ് കോളജിൽ നിന്ന് ബി-ടെക് ബിരുദം നേടിയിട്ടുണ്ട്. 2007ലാണ് ബിരുദം കരസ്ഥമാക്കിയത്. പിന്നീട് ഹൈദരാബാദിലെ ഒരു ഐടി കമ്പനിയിൽ നിന്ന് ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്. സിംഗപ്പൂരിൽ ഓഡിറ്റർ ആയി ജോലി ചെയ്യുന്ന ഷോബിൻ ശ്യാമാണ് ഭർത്താവ്. സാത്വിക് ഷോബിൻ, ഇഷാന ഷോബിൻ എന്നിവർ മക്കളാണ്.
#NavyaHaridas #WayanadByElection #BJP #KeralaPolitics #IndianPolitics #PriyankaGandhi #LokSabhaElections