ഉദിച്ചുയരും മുൻപേ അസ്തമയം; തെയ്യക്കാലത്തിന് തിരിതെളിയുന്ന പത്താമുദയത്തിൽ അശ്വന്തിന്റെ വിയോഗം നോവായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പാപ്പിനിശ്ശേരി അരോളിയിലെ സൂരജിന്റെയും തളിപ്പറമ്പ് കോൾതുരുത്തിയിൽ ജിഷയുടെയും മകനാണ് അശ്വന്ത്.
● തെയ്യം, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ചുമർചിത്രകല എന്നിവയിൽ കഴിവ് തെളിയിച്ചിരുന്നു.
● രണ്ടാഴ്ച മുൻപ് പള്ളിക്കുന്നിലെ പുതിയ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
● ബാല്യത്തിൽ തന്നെ ആടി തെയ്യം കെട്ടി പ്രശസ്തി നേടി.
● മീൻകുന്ന് ബപ്പിരിയൻ തെയ്യം, കതിവനൂർ വീരൻ തുടങ്ങിയ പ്രധാന തെയ്യക്കോലങ്ങൾ കെട്ടിയിട്ടുണ്ട്.
കണ്ണൂർ: (KVARTHA) ഇന്ന് (ഒക്ടോബർ 27) തുലാം പത്ത്. വടക്കേ മലബാറിലെ കാവുകളിൽ തെയ്യക്കാലത്തിന് കേളികൊട്ടുണരുന്ന ദിനം. ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ ചിലമ്പൊലി ഉയരും.
എന്നാൽ ഇത്തവണത്തെ ഈ പുണ്യദിനത്തിൽ, പൂർത്തിയാകാത്ത ജീവിതത്തിന്റെ തലപ്പാളി അഴിച്ച് മറഞ്ഞുപോയ യുവ തെയ്യക്കാരൻ അശ്വന്ത് കോൾതുരുത്തിയെ വേദനയോടെ ഓർക്കുകയാണ് വടക്കേ മലബാറിലെ തെയ്യപ്രേമികൾ.
പാപ്പിനിശ്ശേരി അരോളിയിലെ സൂരജിന്റെയും തളിപ്പറമ്പ് കോൾതുരുത്തിയിൽ ജിഷയുടെയും മകനായ അശ്വന്ത് ഒരു അപൂർവ കലാകാരനായിരുന്നു. തെയ്യക്കോലധാരിയെന്ന നിലയിൽ വടക്കൻ കേരളത്തിലെ കാവുകളിൽ പ്രശസ്തനായിരുന്നു.
തെയ്യകലയോടൊപ്പം ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും കഴിവ് തെളിയിച്ചിരുന്നു. അതുകൂടാതെ മികച്ച ഒരു ചുമർചിത്രകാരൻ കൂടിയായിരുന്നു അശ്വന്ത്. കണ്ണൂർ എടച്ചൊവ്വയിലെ ഒരു ബന്ധുവീട്ടിൽ അശ്വന്ത് വരച്ച ചുമർചിത്രം ഏവരെയും ആകർഷിക്കുന്നതാണ്.
‘അശ്വന്ത് വരച്ച ചിത്രം കാണുമ്പോൾ മനസ്സിലാകും, നിറങ്ങളെ അവൻ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന്’ മുത്തപ്പൻ തെയ്യം കെട്ടുന്ന സുനിൽ കുമാർ പറഞ്ഞു. ചുരുക്കം ചിലർക്ക് മാത്രമേ അശ്വന്തിന്റെ ചിത്രകലാ പാടവത്തെ കുറിച്ച് അറിയാമായിരുന്നുള്ളൂ.
പള്ളിക്കുന്നിൽ പുതിയതായി വാങ്ങിയ വീട്ടിലാണ് രണ്ടാഴ്ച മുൻപ് അശ്വന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു തെയ്യക്കാലത്തിന് തിരിതെളിയുന്നത് കാത്തു നിൽക്കാതെ അശ്വന്ത് മടങ്ങിയ ദുഃഖത്തിലാണ് തെയ്യപ്രേമികൾ.
ഇനിയും എത്രയോ ഉയരങ്ങൾ കീഴടക്കേണ്ടുന്ന, എത്രയോ തെയ്യങ്ങളുടെ തലപ്പാളിയും തിരുമുടിയും അണിയേണ്ടുന്ന ഒരു ചെറുപ്പക്കാരന്റെ വിയോഗത്തിന്റെ ദുഃഖം ഈ കളിയാട്ടക്കാലത്ത് തെയ്യക്കാവുകളിൽ അലയടിക്കും.
ബാല്യത്തിൽ തന്നെ ആടി തെയ്യം കെട്ടി പ്രതിഭ തെളിയിച്ച കലാകാരനാണ് അശ്വന്ത്. മെയ്യഭ്യാസത്തിലും കലാപരമായ പക്വതയിലും പ്രായത്തെ കവച്ചുവെക്കുന്ന മികവ് തെളിയിച്ചിരുന്നു. മീൻകുന്ന് ബപ്പിരിയൻ തെയ്യം, ചാൽ കളത്തിക്കാര് പരുത്തീവീരൻ, കതിവനൂർ വീരൻ, കണ്ടനാർകേളൻ, വീരാളി, കുടിവീരൻ തുടങ്ങി ചെറുപ്രായത്തിൽ തന്നെ ഏറ്റവും പ്രാധാന്യമുള്ള തെയ്യക്കോലങ്ങൾ അശ്വന്ത് കെട്ടി.
വളരെ വേഗത്തിൽ വടക്കൻ കേരളത്തിലെ കാവുകളിൽ ശ്രദ്ധേയനായി. വിദേശികൾ ഉൾപ്പെടെ ദൂരദേശങ്ങളിൽ നിന്നും തെയ്യപ്രേമികൾ അശ്വന്തിന്റെ കോലം കാണാൻ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആരാധകരുണ്ടായിരുന്നു.
തെയ്യക്കോലങ്ങളുടെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് അശ്വന്ത് ശ്രദ്ധേയനായിരുന്നു. ഉദിച്ചുയരാൻ തുടങ്ങുമ്പോഴായിരുന്നു അസ്തമയം. ആർക്കും അശ്വന്തിന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കിടുക.
Article Summary: Young Theyyam artist Ashwanth Koithuruthy's death on Pathamudayam, the start of Theyyam season, pains North Malabar.
#Theyyam #AshwanthKoithuruthy #Pathamudayam #Kannur #NorthMalabar #TheyyamArtist
