Waqf Act 2025 | വഖഫ് നിയമം: പുതിയ മാറ്റങ്ങൾ എന്ത്, പഴയ നിയമത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

 
Waqf Law: What are the New Changes and How Do They Differ from the Old Law?
Waqf Law: What are the New Changes and How Do They Differ from the Old Law?

Representational Image Generated by Meta AI

● വാക്കാലുള്ള വഖഫ് ഇനി സാധ്യമല്ല. 
● ഭൂമി വഖഫ് ചെയ്യാൻ രേഖകൾ നിർബന്ധം. 
● വഖഫ് ഭൂമി സർവേ നടത്തുന്നത് കളക്ടർ. 
● തർക്കങ്ങളിൽ കളക്ടർ തീരുമാനമെടുക്കും. 
● വഖഫ് ബോർഡിൽ മുസ്ലിമേതര അംഗങ്ങളും ഉണ്ടാകും.

ഹന്നാ എൽദോ

(KVARTHA) വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. പലർക്കും വഖഫ് ബോർഡിനെയും അതിൻ്റെ പ്രവർത്തനങ്ങളെയും കുറിച്ച് കൃത്യമായി ധാരണയില്ലാതെയാണ് സംസാരിക്കുന്നതെന്ന് അഭിപ്രായങ്ങളിൽ നിന്നും മനസ്സിലാകും. ഈ അറിവില്ലായ്മയെ ചിലർ മുതലെടുത്ത് വർഗീയ വിദ്വേഷം ആളിക്കത്തിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. വഖഫ് ബോർഡ് എന്താണ്, പുതിയ വഖഫ് നിയമം എന്താണ്, പുതിയതും പഴയതുമായ മാറ്റങ്ങൾ എന്തൊക്കെ, എന്നിവയൊക്കെ വിശദമായി അറിയാം.

വഖഫ്: ദൈവത്തിനുള്ള സമർപ്പണം

ഇസ്ലാമിക നിയമപ്രകാരം മതപരവും, ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി ദൈവത്തിന്‍റെ പേരിൽ സമർപ്പിച്ചിരിക്കുന്ന വസ്തുവിനെയാണ് വഖഫ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വരുമാനവും പ്രതീക്ഷിക്കാതെ, ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷി ച്ചാണ് ഒരു വസ്തു വഖഫ് ചെയ്യുന്നത്. തടഞ്ഞു വയ്ക്കുക, വിലക്കുക അല്ലെങ്കില്‍ നിര്‍ത്തുക എന്നര്‍ത്ഥം വരുന്ന അറബി പദത്തില്‍ നിന്നാണ് വഖഫ് എന്ന വാക്കിന്‍റെ ഉല്‍ഭവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ, പള്ളികൾ, ഷെൽട്ടർ ഹോമുകൾ, ഖബറിടങ്ങളും, ദർഗക ളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ നടത്തിപ്പിനു വേണ്ടിയാണ് സാധാരണ ഭൂമി വഖഫ് ചെയ്യാറുളളത്. 

ഗുണഭോക്താക്കൾ മാറിയാലും ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നീട് അത് തിരിച്ചെടുക്കാൻ സാധിക്കില്ല. ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടത് എന്നും ദൈവത്തിന്‍റെ ഉടമസ്ഥാവകാശത്തിലായിരിക്കും എന്ന് ചുരുക്കം. വഖഫ് വസ്തു പരിപാലിക്കുന്നത് ഒരു മുത്തവല്ലിയാണ്. എന്നാൽ മേല്‍നോട്ടക്കാരന്‍ എന്നതിനപ്പുറം മുത്തവല്ലിക്ക് വഖഫിൽ അവകാശവും ഉണ്ടായിരിക്കില്ല. ചരിത്രം പരിശോധിക്കുമ്പോൾ ബ്രീട്ടീഷ് പൂർവ ഭരണകാലത്ത് തന്നെ ഇന്ത്യയിൽ വഖഫ് എന്ന ആശയം നിലനിന്നിരുന്നതായി കാണാം. 

ഡൽഹി സുൽത്താനേറ്റിന്റെ കാലഘട്ടത്തിലാണ് വഖഫ് ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്നത്. സുൽത്താൻ മുയിസുദ്ദീൻ സാം ഘോർ പള്ളി പണിയാനായി രണ്ട് ഗ്രാമങ്ങൾ വിട്ടുനൽകുകയുണ്ടായി. പതിയെ ഭൂമി വഖഫ് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു. അക്കാലത്ത് ഒരു ഔദ്യോഗിക നിയമമൊന്നും നിലവില്ലായിരുന്നു. പിന്നീട് ബ്രീട്ടീഷ് ഭരണകാലത്ത് 1913-ൽ ദി മുസൽമാൻ വഖഫ് വാലിഡേറ്റിങ് ആക്ട് എന്ന നിയമം കൊണ്ടുവന്നു. 1923ൽ വഖഫ് മാനേജ്മെന്റിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്താനായി മുസൽമാൻ വഖഫ് ആക്ടും അവർ കൊണ്ടു വന്നു. സ്വാതന്ത്യത്തിന് ശേഷവും വഖഫ് നിയമങ്ങൾ തുടർന്നു. 1954-ൽ ദി സെൻട്രൽ വഖഫ് ആക്ട് എന്ന നിയമം നിലവിൽ വരികയും ചെയ്തു.

1954ൽ കേന്ദ്രസർക്കാര്‍ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാന്‍ കൊണ്ടു വന്ന നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും, കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും സ്ഥാപിച്ചു. ഈ നിയമം റദ്ദാക്കി 1995-ൽ വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന വഖഫ് നിയമം നടപ്പാക്കി. 2013-ൽ മറ്റൊരു ഭേദഗതി കൂടി വന്നു. ഈ ഭേദഗതി നിയമപ്രകാരമാണ് ഇപ്പോള്‍ വഖഫിന്‍റെ പ്രവര്‍ത്തനം. ഓരോ സംസ്ഥാനത്തിനും ഓരോ വഖഫ് ബോർഡ് ഉണ്ട്. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രഷൻ, രേഖകള്‍ സൂക്ഷിക്കല്‍, ഉപയോഗം നിരീക്ഷിക്കല്‍, ജീവകാരുണ്യമാണ് വിനിയോഗത്തിന്‍റെ അടിസ്ഥാനം എന്ന് ഉറപ്പാക്കല്‍ തുടങ്ങിയവയാണ് വഖഫ് ബോർഡുകളുടെ ഉത്തരവാദിത്തം. 

വ്യക്തിഗത വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന മുത്തവല്ലികളെ നിയമിക്കുന്നതും വഖഫ് ബോര്‍ഡ് ആണ്. വഖഫ് ബോർഡുകളുടെ മേൽനോട്ടവും, ഏകോപനവും നിർവഹിക്കുന്ന കേന്ദ്ര സംവിധാനമാണ് വഖഫ് കൗൺസിൽ. വഖഫ് സ്വത്തുക്കൾ ഇസ്‌ലാമിക തത്വങ്ങൾക്കനുസൃതമായും, സാമൂഹ്യ ക്ഷേമത്തിനും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, വഖഫ് ബോർഡുകളുടെ ഏകോപനം, നയരൂപീകരണം, തർക്കപരിഹാരം തുടങ്ങിയവയാണ് വഖഫ് കൗൺസിലിന്റെ ചുമതല. കോടതികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ബദൽ തർക്കപരിഹാര സംവിധാനം ആണ് വഖഫ് ട്രൈബ്യൂണലുകള്‍. 

ഓരോ സംസ്ഥാനത്തും ഓരോ ട്രൈബ്യൂണല്‍ ഉണ്ടാകും. വഖഫ് ബോർഡ് ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സിവിൽ കോടതിക്കുള്ള അധികാരങ്ങള്‍ ട്രൈബ്യൂണലിനുമുണ്ട്.  ട്രൈബ്യൂണലിന്‍റെ തീരുമാനങ്ങള്‍ അന്തിമവും കക്ഷികൾക്ക് ബാധകവുമാണ്. ട്രൈബ്യൂണൽ രൂപീകരിക്കുന്നത് സംസ്ഥാന സർക്കാരാണ്. മൂന്ന് അംഗങ്ങളുണ്ടാകും. ചെയർപഴ്സൺ ജുഡീഷ്യല്‍ ഓഫിസര്‍ ആയിരിക്കും. ക്ലാസ് വണ്ണിൽ കുറയാത്ത റാങ്കുള്ള ജില്ലാ, സെഷൻസ്, സിവിൽ ജഡ്ജ്, സംസ്ഥാന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ, മുസ്ലീം നിയമത്തിലും നിയമശാസ്ത്രത്തിലും അറിവുള്ള ഒരു വ്യക്തി എന്നിവരാണ് ട്രൈബ്യൂണലില്‍ ഉണ്ടാകുക. 

പുതിയ വഖഫ് നിയമത്തിലെ പ്രധാന മാറ്റങ്ങൾ

1995ലെ വഖഫ് നിയമത്തിലെ 44 വകുപ്പുകളില്‍ മാറ്റം വരുത്തുന്നതാണ് 2025 ലെ  ഭേദഗതി. ഇത് വഖഫ് ബോർഡുകളുടെ അധികാരപരിധിയും, സ്വത്ത് വിനിയോഗ വും നിയന്ത്രിക്കുന്നു. പഴയ നിയമപ്രകാരം ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വാക്കാൽ വഖഫ് ആക്കാം. എന്നാൽ പുതിയ ഭേഗഗതി അനുസരിച്ച് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭൂമി വഖഫ് ചെയ്യാന്‍ കഴിയൂ. ഭാവിയിൽ തര്‍ക്കങ്ങളുണ്ടായാല്‍ മതിയായ തെളിവുണ്ടാവില്ല എന്നാണ് ഈ വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം. 

കാലാകാലങ്ങളായി മതപരമോ, ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ മുൻപ് കഴിയും. എന്നാല്‍ ഭേദഗതി പ്രകാരം ‘ഉപയോഗത്തിലൂടെ വഖഫ്’ എന്ന ആശയം റദ്ദാക്കപ്പെടും. വഖഫ് ഭൂമി സർവേ നടത്താന്‍ മുൻപ് സംസ്ഥാ ന സർക്കാരുകൾക്ക് സർവ്വേ കമ്മീഷണറെയും, അസിസ്റ്റന്റ് കമ്മീഷണർമാരെയും നിയമിക്കാം. എന്നാൽ ഭേദഗതി പ്രകാരം അതത് ജില്ലാ കലക്ടർമാരാണ് സർവ്വേ നടത്തേണ്ടത്. ഏതെങ്കിലും വഖഫ് സ്വത്ത്  സർക്കാർ വകയാണോ എന്ന് സംശയം ഉണ്ടായാൽ അന്വേഷിച്ച് തീരുമാനമെടുക്കേണ്ടതും കലക്ടറാണ്. അതായത് തര്‍ക്കങ്ങളില്‍ വഖഫ് ട്രൈബ്യൂണലിന് പകരം കലക്ടര്‍ തീരുമാനമെടുക്കും. 

കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെ ‘തര്‍ക്കമുള്ള സ്വത്തുക്കള്‍ വഖഫ് ആയി കണക്കാക്കില്ല’ എന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു. അതായത് സര്‍ക്കാര്‍ അന്തിമതീരുമാനം എടുക്കുംവരെ തര്‍ക്കവസ്തുവില്‍ വഖഫിന് നിയന്ത്രണമുണ്ടാകില്ല. വഖഫ് ട്രൈബ്യൂണലുകളുടെ ഘടന മാറ്റിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. അംഗങ്ങളില്‍ ഒരാള്‍ ഇസ്ലാമിക നിയമങ്ങളില്‍ പണ്ഡിതനായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ റദ്ദാകും. ട്രൈബ്യൂണലുകളുടെ വിധിയ്ക്കെതിരെ 90 ദിവസത്തിനകം കോടതികളിൽ അപ്പീൽ നല്‍കാനും, ഭേഗഗതി നിയമത്തില്‍ വ്യവസ്ഥയുണ്ട്. വഖഫ് ബോർഡുകളുടെയും, വഖഫ് കൗൺസിലുകളുടെയും അടിസ്ഥാന രൂപം തന്നെ പൊളിച്ചെഴുതുന്നതാണ് പുതിയ ഭേദഗതി. 

ഇപ്പോള്‍ ബോര്‍ഡിലെയും, കൗണ്‍സിലിലെയും എല്ലാ അംഗങ്ങളും മുസ്‍ലിംകളാണ്. ഭേദഗതി പ്രകാരം മുസ്ലിംകളല്ലാത്ത രണ്ടംഗങ്ങളെങ്കിലും വേണം. ഏതെങ്കിലും സ്വത്ത് വഖഫാണോ എന്ന് ബോർഡിന് തോന്നിയാല്‍ അതേക്കുറിച്ച് അന്വേഷിക്കാനും തീരുമാനമെടുക്കാനും ഇപ്പോള്‍ വഖഫ് ബോര്‍ഡുകള്‍ക്ക് കഴിയും. പരാതികള്‍ ഉണ്ടായാല്‍ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്യാം. പുതിയ ഭേദഗതി പ്രകാരം ഈ അധികാരം ഇല്ലാതാകും. നിയമം പ്രാബല്യത്തിൽ വന്ന തീയതി മുതൽ ആറ് മാസത്തിനുള്ളിൽ ഓരോ വഖഫ് സ്വത്തും ഒരു കേന്ദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. എന്നിരുന്നാലും, തിരഞ്ഞെടുത്ത കേസുകളിൽ വഖഫ് ട്രൈബ്യൂണലിന് സമയപരിധി നീട്ടാൻ കഴിയും.സർക്കാർ സ്വത്തുക്കൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കളക്ടർ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥൻ അന്വേഷണം നടത്തും.

ഇത്തരത്തിൽ ഡേറ്റാബേസിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ വഖഫ് സ്വത്തുതർക്കവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം നഷ്ടപ്പെടും. വഖഫ് ട്രിബ്യൂണലിൽ ജില്ലാ ജഡ്ജി, ജോയിന്റ് സെക്രട്ടറി തലത്തിലുള്ള സർക്കാർ ഉദ്യോഗസ്ഥൻ എന്നിവരാകും അംഗങ്ങൾ. ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമാണെന്ന വ്യവസ്ഥയും 2024-ലെ ബിൽ ഭേദഗതിചെയ്തു.  14 ഭേദഗതികളിൽ നേരത്തേ ബില്ലിന്റെ ഭാഗമല്ലാതിരുന്ന രണ്ട് സുപ്രധാന വ്യവസ്ഥകൾകൂടി ഉണ്ട്. ഒന്ന്, ആദിവാസിഭൂമി വഖഫാക്കാൻ പാടില്ല. രണ്ട്, വിവിധ നിയമങ്ങളിലൂടെ ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിച്ച മന്ദിരങ്ങൾ വഖഫ് സ്വത്താക്കാൻ പാടില്ല. ഇത്തരത്തിൽ വഖഫായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അവ പുതിയനിയമം നിലവിൽ വരുന്നതോടെ റദ്ദാകും. 

തർക്കമുള്ള കേസുകളിൽ വഖഫ് സ്വത്തുക്കൾ വിജ്ഞാപനംചെയ്ത് രണ്ടുവർഷം കഴിഞ്ഞാലും കൃത്യമായ തെളിവുണ്ടെങ്കിൽ കേസിന് പോകാം. നിലവിൽ വഖഫ് രജിസ്ട്രേഷനില്ലാത്ത സ്വത്തുക്കൾ വഖഫ് രജിസ്റ്റർ ചെയ്യുമ്പോൾ പത്രപ്പരസ്യം നൽകണം. ചുരുങ്ങിയത് അഞ്ചുവർഷമായി ഇസ്ലാംമതം അനുഷ്ഠിക്കുന്ന വ്യക്തി നൽകുന്നതേ വഖഫ് ആകൂ. ഇസ്ലാംമതവിശ്വാസപ്രകാരമാണ് ജീവിക്കുന്നതെന്ന് തെളിയിക്കണം. വഖഫ് ബോർഡുകളിലേക്കുള്ള വഖഫ് സ്ഥാപനങ്ങളുടെ നിർബന്ധിത സംഭാവന ഏഴുശതമാനത്തിൽ നിന്ന് അഞ്ചായി കുറയ്ക്കും. ഒരു ലക്ഷം രൂപയിലേറെ വാർഷികവരുമാനമുള്ള വഖഫ് സ്ഥാപനങ്ങൾ സംസ്ഥാനസർക്കാർ ഓഡിറ്റർമാരുടെ പരിശോധനയ്ക്ക് വിധേയമാകണം. തർക്കങ്ങളിൽ വ്യവഹാരങ്ങൾ ദീർഘകാലം നീണ്ടു നിൽക്കുന്നത് ഒഴിവാക്കാൻ വഖഫ് സ്വത്ത് തർക്കങ്ങളിൽ 1963-ലെ ലിമിറ്റേഷൻ ആക്ട് ബാധകമാക്കും. 

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുമാത്രമേ സ്വത്തുക്കൾ വഖഫ് സ്വത്തു ക്കളായി പ്രഖ്യാപിക്കുകയോ കൈമാറുകയോ ചെയ്യാനാകൂ. സ്വത്തുക്കൾ വഖഫായി പ്രഖ്യാപിക്കുന്നതിനു മുൻപ് സ്ത്രീകളുടെ പിന്തുടർച്ചാ വകാശങ്ങൾ നൽകിയിരിക്കണം. വിധവകൾ, വിവാഹമോചിതകൾ, അനാഥകൾ എന്നിവർക്ക് പ്രത്യേക പരിഗണനയും നൽകുന്നു. ഇന്ത്യയിലെ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 32 വഖഫ് ബോർഡുകളാണുള്ളത്. ഏകദേശം ഒരുലക്ഷം കോടി രൂപ വിലമതിക്കുന്ന 8.72 ലക്ഷം സ്വത്തുക്കൾ വഖഫിന്റെ കീഴിലുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓരോ സംസ്ഥാനത്തും ഓരോ വഖഫ് ട്രിബ്യൂണലുകളുമുണ്ട്. ഇത് രൂപീകരിക്കുന്നത് സംസ്ഥാന സർക്കാരാണ്. 

ഇന്ത്യൻ ഭരണഘടനയുടെ 26ാം വകുപ്പ് ഇന്ത്യ യിലെ എല്ലാ മതസ്ഥർക്കും തങ്ങളുടെ സ്ഥാപനങ്ങൾ നിർമിക്കാനും, കൈകാര്യം ചെയ്യാനും മൗലികാവകാശം ഉറപ്പു നൽകുന്നു. എല്ലാ മത സമുദായങ്ങളിലും ഈ കൃത്യനിർവഹണത്തിന് സർക്കാർ പിന്തുണയുള്ള സംവിധാനങ്ങളുണ്ട്. ഹിന്ദു സമുദായത്തിൽ വിവിധ മത എൻഡോവ്മെന്‍റ് നിയമങ്ങൾ അനുസരിച്ച് ദേവസ്വം ബോർഡ് അടക്കമുള്ള സംവിധാനങ്ങളാണ് ഈ പരിപാലകർ. സിഖ് സമുദായത്തിന് ഗുരുദ്വാര നടത്തിപ്പിന് പ്രത്യേക നിയമമുണ്ട്. വിവിധ ക്രൈസ്തവ സഭകൾ ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് അവരുടെ സ്ഥാപന ങ്ങളും ആരാധനാലയങ്ങളും പരിപാലിക്കുന്നു. ഇതിനു സമാനമായി മുസ്‌ലിംകൾക്കിടയിൽ നിലനിൽക്കുന്ന സംവിധാനമാണ് വഖഫ് ബോർഡ്. 

പുതിയ ഭേദഗതി ഭരണഘടനയുടെ പല വ്യവസ്ഥകളെയും ലംഘിക്കുന്നു എന്നാണ് ആരോപണം. പുതിയ നിയമം വഖഫ് സ്ഥാപനങ്ങളെ ഇല്ലാതാക്കില്ലെങ്കിലും, അഞ്ചുവർഷം കഴിയുമ്പോൾ ഭരണകൂടം മുൻകാല തർക്കങ്ങൾ ഉന്നയിച്ച് സ്വത്തുക്കൾ കൈവശപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ എം ആർ ശംഷാദ് അഭിപ്രായപ്പെടുന്നത്. വഖ്ഫ് വിഷയത്തിൽ കറുത്ത ദിനങ്ങൾ വരാനിരിക്കുന്നുവെന്നും, ഇത് നന്നായി തയ്യാറാക്കിയ ഒരു ഭേദഗതി ബില്ലല്ലെന്നും, മറിച്ച് പലതരം കെണികൾ ഒളിപ്പിച്ചുവെച്ച ഒരു നിയമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമം വരുന്നതോടെ വഖ്ഫിന്റെ ഭൂരിഭാഗം സ്വത്തുക്കൾക്കും അവയുടെ വഖ്ഫ് സ്വഭാവം നഷ്ടപ്പെടുമെന്നാണ് ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റിയുടെ മുൻ ഒഎസ്ഡി ആയിരുന്ന സയ്യിദ് സഫർ മഹ്മൂദ്  പറയുന്നത്. വളരെ കുറഞ്ഞ സ്വത്തുക്കൾ മാത്രമേ വഖ്ഫ് സ്വത്തായി അവശേഷിക്കൂ എന്നും, ബാക്കിയുള്ളവ ഇല്ലാതാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 26 ഓരോ മതവിഭാഗത്തിനും അവരുടെ കാര്യങ്ങൾ സ്വയം നിയന്ത്രിക്കാനും, സ്വത്ത് സമ്പാദിക്കാനും, കൈവശം വെക്കാനും, ഭരിക്കാനും അവകാശം നൽകുന്നു. 

അതിനാൽ മുസ്ലീങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്നും അവർക്ക് ഇനി കേന്ദ്ര വഖ്ഫ് കൗൺസിലിലും സംസ്ഥാന വഖ്ഫ് ബോർഡുകളിലും ഭൂരിപക്ഷം ഉണ്ടാകില്ലെന്നും വിദഗ്ധർ പറയുന്നു. ഒരു മതത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ് ചിലർ. രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കാതിരിക്കുക.


The article discusses the Waqf Act, its history in India, and the significant changes introduced in the 2025 amendment to the 1995 Act. It explains the concept of Waqf, the roles of Waqf Boards and the Central Waqf Council, and the implications of the new regulations, including changes in property registration, the abolition of 'Waqf by usage', the role of district collectors in surveys and dispute resolution, and the composition of Waqf Tribunals and Boards. Concerns raised by legal experts regarding potential impacts on Waqf properties and minority rights are also highlighted.

#WaqfAct #IndiaLaw #MinorityRights #LegalReform #ReligiousEndowment #IndianMuslims

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia