14 അടി ഉയരം, 4200 കിലോ ഭാരം: കൂറ്റൻ ശിവശിൽപ്പം രാജരാജേശ്വര ക്ഷേത്രത്തിൽ!


● കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനാച്ഛാദനം ചെയ്യും.
● ശിൽപ്പം നിർമ്മിക്കാൻ മൂന്നര വർഷമെടുത്തു.
● കിഴക്കേ നടയിൽ അരയാൽ തറയോട് ചേർന്നാണ് സ്ഥാപിച്ചിരിക്കുന്നത്.
● സൗമ്യഭാവത്തിലുള്ള ശിവശിൽപ്പമാണ് ഇത്.
തളിപ്പറമ്പ്: (KVARTHA) ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കലത്തിൽ തീർത്ത ശിവശിൽപ്പം ജൂലൈ അഞ്ചിന് ശ്രീ രാജരാജേശ്വര സന്നിധിയിൽ സമർപ്പിക്കും. പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജൻ സമർപ്പിക്കുന്ന ഈ പൂർണ്ണകായ ശിവശിൽപ്പം ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനാച്ഛാദനം ചെയ്യും. ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഈ വെങ്കല ശിവശിൽപ്പം നിർമ്മിച്ചത് പ്രശസ്ത ശിൽപ്പി ഉണ്ണി കാനായിയാണ്.
തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ അരയാൽ തറയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഈ ശിവപ്രതിമ സ്ഥാപിച്ചിരിക്കുന്നത്. മൂന്നര വർഷം സമയമെടുത്താണ് ശിൽപ്പ നിർമ്മാണം പൂർത്തിയാക്കിയത്.
14 അടി ഉയരവും 4200 കിലോ ഭാരവുമുണ്ട് ഈ വെങ്കല ശിവശിൽപ്പത്തിന്. കളിമണ്ണിൽ തീർത്ത ശിൽപ്പം, പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് എടുത്ത് മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. പയ്യന്നൂർ കാനായിൽ ശിൽപ്പി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ നിർമ്മിച്ച ശിൽപ്പം ക്രെയിനിന്റെ സഹായത്തോടെയാണ് തളിപ്പറമ്പിൽ എത്തിച്ചത്.
ഒരു കൈ അരക്ക് കൊടുത്ത് വലതുകൈ കൊണ്ട് അനുഗ്രഹിക്കുന്ന രീതിയിൽ സൗമ്യഭാവത്തിലാണ് ഈ വെങ്കല ശിൽപ്പം. ശിൽപ്പത്തിന് മനോഹാരിത കൂട്ടുന്നതിന് പൂന്തോട്ടവും അലങ്കാര ദീപങ്ങളും ഒരുക്കിയിട്ടുണ്ട്.
അനാച്ഛാദന ചടങ്ങിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ബിജു ടി. ചന്ദ്രശേഖരൻ എന്നിവരും സംബന്ധിക്കും. ടി.ടി.കെ. ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ് കുമാർ അധ്യക്ഷത വഹിക്കും.
കോ-ഓർഡിനേറ്റർ കമൽ കന്നിരാമത്ത്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.എസ്. സുരേഷ് കുമാർ എന്നിവർ സംസാരിക്കും. ചടങ്ങിൽ മൊട്ടമ്മൽ രാജൻ, ശിൽപ്പി ഉണ്ണി കാനായി, കമൽ കന്നിരാമത്ത് എന്നിവരെ ആദരിക്കും.
തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ ടി.ടി.കെ. ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ് കുമാർ, മൊട്ടമ്മൽ രാജൻ, ശിൽപ്പി ഉണ്ണി കാനായി, കമൽ കന്നിരാമത്ത്, വിജയ് നീലകണ്ഠൻ എന്നിവർ പങ്കെടുത്തു.
ഈ അപൂർവ ശിൽപ്പത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: India's largest bronze Shiva idol, 14 ft high and 4200 kg, to be unveiled in Taliparamba.
#ShivaIdol #Taliparamba #RajarajeswaraTemple #BronzeSculpture #KeralaCulture #UnniKanayi