'ഭ്രാന്താലയ'ത്തിൽ നിന്ന് ഭാരതത്തിലേക്ക്: വിവേകാനന്ദ സ്മരണകൾ


● മതം ആധുനികതയ്ക്ക് എതിരല്ലെന്ന് അദ്ദേഹം തെളിയിച്ചു.
● കേരളത്തിലെ ജാതിവ്യവസ്ഥയെ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ചു.
● 1893-ൽ ചിക്കാഗോ സർവ്വമത സമ്മേളനത്തിൽ പ്രസംഗിച്ചു.
● ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കുന്നു.
● 39-ാം വയസ്സിൽ അദ്ദേഹം സമാധിയായി.
ഭാമനാവത്ത്
(KVARTHA) ഭാരതം ജന്മം നൽകിയ ഋഷിതുല്യരായ ആത്മീയ നേതാക്കളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വ്യക്തിത്വമാണ് സ്വാമി വിവേകാനന്ദൻ. വേദാന്തത്തിൻ്റെയും യോഗയുടെയും ഇന്ത്യൻ തത്വങ്ങൾ പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ലോകശ്രദ്ധ നേടിയത്.
നരേന്ദ്രനാഥ് ദത്ത എന്ന പേരിൽ പൂർവ്വാശ്രമത്തിൽ ജനിച്ച്, ജീവിതത്തിൻ്റെ രണ്ടാം പാദത്തിൽ സ്വാമി വിവേകാനന്ദനായി മാറിയ, കാവിയുടുത്ത, കാലത്തെ പോലും അതിജീവിച്ച, യുവത്വത്തിൻ്റെ പ്രസരിപ്പോടെ ആയിരം സൂര്യതേജസ്സോടെ ജ്വലിച്ച സ്വാമി വിവേകാനന്ദൻ സമാധിയായിട്ട് ഇന്നേക്ക് 123 വർഷം തികയുന്നു. മതം ആധുനികതയ്ക്ക് എതിരല്ലെന്ന് തെളിയിച്ച നവോത്ഥാന നായകനാണ് വിവേകാനന്ദൻ.
അസാമാന്യമായ ഓർമ്മശക്തിയും ഒരേ സമയം ഒന്നിൽ കൂടുതൽ കാര്യങ്ങളിൽ ശ്രദ്ധിക്കാനുള്ള അപൂർവ കഴിവും കുട്ടിക്കാലത്ത് തന്നെ പ്രകടമാക്കിയിരുന്ന വിവേകാനന്ദൻ, നരേന്ദ്രനാഥ ദത്ത എന്ന പേരിൽ 1863 ജനുവരി 12-ന് കൽക്കത്തയിലാണ് ജനിച്ചത്.
തൻ്റെ ജീവിതലക്ഷ്യങ്ങൾ പറയാനും മനസ്സിലാക്കാനും ഉൾക്കൊള്ളാനും പറ്റിയ ഒരു ഗുരുവിനെ തേടിയുള്ള യാത്ര ശ്രീരാമകൃഷ്ണ പരമഹംസനിൽ അവസാനിച്ചപ്പോൾ ആ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. സ്വാമി വിവേകാനന്ദൻ്റെ ആത്മീയ ഗുരുവായി ശ്രീരാമകൃഷ്ണ പരമഹംസർ മാറി. പരമഹംസർ ആകട്ടെ തൻ്റെ പിൻഗാമിയെ വിവേകാനന്ദനിലും കണ്ടെത്തി.
ശ്രീരാമകൃഷ്ണൻ്റെ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി അദ്ദേഹം ഒരു ഭാരത പര്യടനം നടത്തി. കേരളത്തിൽ എത്തിയ അദ്ദേഹം ശ്രീനാരായണ ഗുരുദേവനുമായും ചട്ടമ്പിസ്വാമികളുമായും ആശയവിനിമയം നടത്തി. കേരളത്തിലെ ജാതിവ്യവസ്ഥയും തീണ്ടൽ പോലുള്ള അനാചാരങ്ങളും കണ്ട് കേരളത്തെ ഒരു ഭ്രാന്താലയം എന്ന് സ്വാമി വിശേഷിപ്പിച്ചു.
1893-ൽ ചിക്കാഗോയിൽ നടന്ന സർവ്വമത സമ്മേളനത്തിൽ ഹിന്ദുമതത്തെ പ്രതിനിധീകരിച്ച് സംസാരിച്ച സ്വാമിജി, ‘അമേരിക്കയിലെ എൻ്റെ സഹോദരി സഹോദരന്മാരെ’ എന്ന് തുടങ്ങിയുള്ള അഭിസംബോധനയോടെ നടത്തിയ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ സ്പർശിച്ച ഒന്നായി മാറി.
വിവേകാനന്ദൻ്റെ സുഹൃത്തും ശിഷ്യനുമായിരുന്ന ഖേത്രി രാജാവിൻ്റെ നിർബന്ധം മൂലമാണ് വിവേകാനന്ദൻ എന്ന നാമം അദ്ദേഹം സ്ഥിരമായി സ്വീകരിച്ചത്. കർമ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ.
വിവേകാനന്ദൻ്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായും ആചരിച്ചുവരുന്നു. ഭാരതത്തിൻ്റെ ഈ ആധ്യാത്മിക ജ്യോതിസ് 1902 ജൂലൈ 4-ന് തൻ്റെ 39-ാമത്തെ വയസ്സിൽ സമാധിയായി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Remembering Swami Vivekananda's 123rd death anniversary and his contributions.
#SwamiVivekananda #Vivekananda #India #SpiritualLeader #YouthDay #Kerala