Court Order | സംഭൽ മസ്ജിദിനോട് ചേർന്നുള്ള കിണറിറിന് സമീപം പൂജയും മറ്റും വിലക്കിയുള്ള സുപ്രീംകോടതി ഉത്തരവ് നിർണായകമായി; ബെഞ്ച് ഊന്നൽ നൽകിയത് സമാധാനത്തിനും ഐക്യത്തിനും


● കിണറിന് സമീപം പൂജയും സ്നാനവും സുപ്രീംകോടതി വിലക്കി.
● ആരെങ്കിലും കിണർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.
● കിണറിൻ്റെ പകുതി മസ്ജിദിൻ്റെ പരിസരത്തും പകുതി പുറത്തുമാണെന്ന് അഹമ്മദി ഫോട്ടോകൾ സഹിതം വാദിച്ചു.
ന്യൂഡൽഹി: (KVARTHA) സംഭൽ നഗരത്തിലെ ഷാഹി ജുമാ മസ്ജിദിന് സമീപമുള്ള കിണറുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഇടക്കാല ഉത്തരവാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ചത്. കിണറിനെ സംബന്ധിച്ച് സംഭൽ നഗർ പാലിക പുറപ്പെടുവിച്ച നോട്ടീസിന്റെ തുടർനടപടികൾ കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്.
മസ്ജിദിന്റെ പ്രവേശന കവാടത്തിന് സമീപമുള്ള സ്വകാര്യ കിണറിന്റെ നിലവിലെ സ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മസ്ജിദിന്റെ തൽസ്ഥിതി നിലനിർത്താൻ ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകണമെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ പരിഗണിച്ച ശേഷമായിരുന്നു കോടതിയുടെ ഈ നടപടി. കിണറിന് സമീപം പൂജയും സ്നാനവും സുപ്രീംകോടതി വിലക്കി. കിണറുമായി ബന്ധപ്പെട്ട് സംഭാൽ മുനിസിപ്പൽ അധികൃതർ നൽകിയ നോട്ടീസിൽ തുടർനടപടിയെടുക്കരുതെന്നും ബെഞ്ച് നിർദ്ദേശിച്ചു.
കിണർ മൂടിയിരിക്കുകയാണെന്നും പുറത്തു നിന്ന് ആരെങ്കിലും ഉപയോഗിച്ചാൽ എന്താണ് പ്രശ്നമെന്നും കോടതി മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. ആരെങ്കിലും കിണർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിന് മറുപടിയായി, കിണറിനെ 'ഹരി മന്ദിർ' എന്ന് വിളിക്കുന്നുവെന്നും അവിടെ പൂജയും സ്നാനവും ആരംഭിക്കുമെന്ന് ഹിന്ദു പക്ഷം ഇപ്പോൾ പറയുന്നതായി മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ ഹുസേഫ അഹ്‌മദി കോടതിയെ അറിയിച്ചു. കിണർ മസ്ജിദിന്റെ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2024 ഡിസംബർ 12-ന് ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച സുപ്രീം കോടതി, സംഭാലിലെ കേസ് ഉൾപ്പെടെയുള്ള നിലവിലെ കേസുകളിൽ, സർവേകൾക്കുള്ള ഉത്തരവുകൾ ഉൾപ്പെടെയുള്ള ഇടക്കാല അല്ലെങ്കിൽ അന്തിമ ഉത്തരവുകൾ കീഴ്ക്കോടതികൾ പുറപ്പെടുവിക്കരുതെന്ന് ഉത്തരവിട്ടിരുന്നു. മസ്ജിദിൽ സർവേ നടത്താൻ പ്രാദേശിക കോടതി അഭിഭാഷക കമ്മീഷണറെ നിയമിച്ചതിനെതിരായ അപ്പീലിലാണ് നിലവിലെ വാദം കേൾക്കുന്നത്.
സർവേ സംഭാലിൽ അക്രമത്തിന് കാരണമായിരുന്നു. കഴിഞ്ഞമാസം പള്ളിയിൽ നടന്ന സർവേക്ക് നേരെ പ്രതിഷേധിച്ചവരിൽ ആറുപേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥയും പൊലീസ് നടപടിക്കെതിരായ പ്രതിഷേധവും കെട്ടടങ്ങും മുമ്പാണ് പള്ളിയുടെ കിഴക്കേ മതിലിനോടു ചേർന്നുള്ള പുരാതന കിണർ ജില്ലാ ഭരണകൂടം ഏറ്റെടുത്തത്.
മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹുസേഫ അഹമ്മദി, പഴയ ക്ഷേത്രങ്ങളും കിണറുകളും പുനരുദ്ധരിക്കാനുള്ള പദ്ധതി എന്ന പേരിൽ സംഭൽ മസ്ജിദിലെ കിണറിൽ പൂജ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്താൻ സംഭൽ ജില്ലാ ഭരണകൂടം നീക്കം നടത്തുന്നതായി കോടതിയെ അറിയിച്ചു. കിണർ മസ്ജിദിന്റെ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. കിണറിൻ്റെ പകുതി മസ്ജിദിൻ്റെ പരിസരത്തും പകുതി പുറത്തുമാണെന്ന് അഹമ്മദി ഫോട്ടോകൾ സഹിതം വാദിച്ചു.
സമാധാനവും ഐക്യവും നിലനിർത്താൻ കോടതി ശ്രദ്ധിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഖന്ന അഭിപ്രായപ്പെട്ടു.. യുപി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ്, കിണർ സർക്കാർ ഭൂമിയിലാണെന്ന് വാദിച്ചു. ഇത് സംബന്ധമായ ബന്ധപ്പെട്ട കക്ഷികൾക്ക് ഫെബ്രുവരി 21ന് മറുപടി നൽകാനാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചിട്ടുണ്ട്.
#SambhalNews, #SupremeCourt, #ReligiousDispute, #LegalNews, #CourtOrder, #PeaceAndUnity