SWISS-TOWER 24/07/2023

ശ്രീനാരായണ ഗുരു സമാധി: നാടിന് വഴികാട്ടിയ കർമ്മയോഗി
 

 
A black and white photo of Sree Narayana Guru, a social reformer.
A black and white photo of Sree Narayana Guru, a social reformer.

Photo Credit: Facebook/ Sree Narayana Gurudevan 

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ജാതിവ്യവസ്ഥക്കെതിരെ ഗുരു നടത്തിയ പോരാട്ടങ്ങൾ ഓർമ്മിക്കുന്നു.
● അരുവിപ്പുറത്ത് ഗുരു നടത്തിയ പ്രതിഷ്ഠ നവോത്ഥാന നാഴികക്കല്ലായി.
● 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവിൻ്റെ പ്രബോധനം.
● വൈക്കം സത്യാഗ്രഹത്തിന് ഗുരു പിന്തുണ നൽകി.
● ഗാന്ധിയും ടാഗോറും ഗുരുവിനെ സന്ദർശിച്ചിട്ടുണ്ട്.

ഭാമനാവത്ത് 

(KVARTHA) കേരളത്തിന് സാംസ്കാരിക ചൈതന്യം പകർന്നു നൽകിയ കർമ്മയോഗി ശ്രീനാരായണ ഗുരുവിൻ്റെ 97-ാമത് സമാധി ദിനമാണ് ഇന്ന് (സെപ്തംബര്‍ 20). ഇംഗ്ലീഷ് തീയതി പ്രകാരം സെപ്റ്റംബർ 20-നാണ് സമാധി ദിനമെങ്കിലും, ഗുരു മഹാസമാധി അടഞ്ഞ 1928-ൽ കന്നി 5 ആയിരുന്നതിനാൽ ആ ദിവസമാണ് എല്ലായിടത്തും സമാധി ദിനമായി ആചരിക്കുന്നത്.

Aster mims 04/11/2022

കേരളത്തിൻ്റെ സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമാണ് ശ്രീനാരായണഗുരു. കൊല്ലവർഷം 1032 ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ തിരുവനന്തപുരം ചെമ്പഴന്തിയിലെ കൊച്ചുവിളയിലാണ് ഗുരു ജനിച്ചത്. നാരായണൻ എന്നായിരുന്നു പേരിട്ടതെങ്കിലും 'നാണു' എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. 

ഈഴവ ജാതിയിൽ പിറന്ന അദ്ദേഹം ജാതിവ്യവസ്ഥയുടെ ഭീകരതയും അയിത്തം പോലുള്ള ദുരാചാരങ്ങളും കണ്ടാണ് വളർന്നത്. പാരമ്പര്യ രീതിയിലുള്ള പഠനത്തിനുശേഷം കായംകുളത്ത് പോയി സംസ്കൃതവും വൈദ്യവും തർക്കവും വേദാന്തവും കാവ്യ നാടകാദികളും പഠിച്ച് നാട്ടിൽ തിരിച്ചെത്തി.

തുടർന്ന് ദേശാടനത്തിന് പുറപ്പെട്ട ഗുരു 1886-ൽ അരുവിപ്പുറത്ത് എത്തി. ജാതിവ്യവസ്ഥയുടെ പേരിൽ പ്രാർത്ഥനാ സൗകര്യം നിഷേധിക്കപ്പെട്ടിരുന്ന സ്വന്തം സമുദായക്കാർക്ക് അതിനുള്ള സൗകര്യം ഒരുക്കണം എന്ന ഉൾവിളി ഗുരുവിൽ ഒരു നിശ്ചയദാർഢ്യമായി മാറി. 

1888-ലെ ശിവരാത്രിയോടനുബന്ധിച്ച് ജാതീയമായ ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഗുരു നെയ്യാറിൻ്റെ കിഴക്കേ തീരത്ത് പ്രതിഷ്ഠ നടത്തി. നദിയിൽ നിന്നും മുങ്ങിയെടുത്ത ശിവലിംഗാകൃതിയിലുള്ള ഒരു കല്ല് പാറയെ പീഠമായി സങ്കൽപ്പിച്ചുകൊണ്ട് പ്രതിഷ്ഠിച്ചു. കേരള നവോത്ഥാനത്തിൻ്റെ അടിസ്ഥാനശിലയായ പ്രതിഷ്ഠയായിരുന്നു അത്.

നിലവിലുള്ള കീഴ്വഴക്കങ്ങളെ മുഴുവൻ ലംഘിച്ച് ഗുരു പ്രതിഷ്ഠ നടത്തിയപ്പോൾ അതിനെ ചോദ്യം ചെയ്യാൻ വന്ന സവർണ്ണരോട്, 'നാം പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ്' എന്നായിരുന്നു ഗുരുവിൻ്റെ മറുപടി. തുടർന്ന് കേരളത്തിൽ പല സ്ഥലങ്ങളിലും ബിംബം, നിലവിളക്ക്, കണ്ണാടി എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ ഗുരു പ്രതിഷ്ഠ നടത്തി. (അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിർത്തലാക്കാനുള്ള പരിശ്രമത്തിൻ്റെ ഭാഗമായി പിന്നീട് അദ്ദേഹം പ്രതിഷ്ഠാ സ്ഥാപനത്തെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്). 

സാമൂഹ്യമായി അവഹേളിക്കപ്പെടുന്ന സമുദായക്കാരുടെ സംരക്ഷണത്തിനായി ശ്രീനാരായണ ധർമ്മപരിപാലന യോഗം എന്ന സംഘടനക്കും ഗുരു രൂപം നൽകി. മഹാകവി കുമാരനാശാൻ ആയിരുന്നു സ്ഥാപക സെക്രട്ടറി. വർക്കല തൻ്റെ ആസ്ഥാനമായി തിരഞ്ഞെടുത്ത ഗുരു ആലുവയിൽ അദ്വൈത ആശ്രമവും സ്ഥാപിച്ചു. 

ഈ അവസരത്തിലാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന പ്രസ്താവന നടത്തിയത്. പൊതുവേദികൾ സന്ദർശിക്കാത്ത ഗുരു വൈക്കം സത്യാഗ്രഹത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി ആ സ്ഥലവും സന്ദർശിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും ഗുരുവിനെ ആശ്രമത്തിൽ സന്ദർശിച്ചിട്ടുണ്ട്. 

ആത്മോപദേശശതകം അടക്കം നിരവധി കൃതികൾ രചിച്ച ആ മഹാസന്യാസി 1928 സെപ്റ്റംബർ 20-ന് ശിവഗിരിയിൽ വെച്ച് മഹാസമാധി അടഞ്ഞു. പരസ്പര സ്നേഹവും സൗഹൃദവും അതിരുകടന്ന ജാതി-മത ചിന്തകളുമില്ലാതെ കേരളീയ സമൂഹത്തെ ഒറ്റ ചരടായി കോർത്ത് നിർത്തുന്നതിൽ ശ്രീനാരായണഗുരു നൽകിയ സംഭാവന കാലാതീതമാണ്. കേരള സമൂഹം അതിന് എന്നും ഗുരുവിനോട് കടപ്പെട്ടിരിക്കുന്നു.

ഗുരുവിൻ്റെ സമാധി ദിനത്തിൽ അദ്ദേഹത്തെ ഓർത്ത് നിങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കൂ. ഈ വാർത്ത മറ്റുള്ളവരിലേക്കും എത്തിക്കൂ.

Article Summary: 97th Samadhi Day of Sree Narayana Guru is today.

#SreeNarayanaGuru #GuruSamadhiDay #KeralaRenaissance #SocialReformer #SNDP #KeralaHistory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia