ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കും; മുഖ്യമന്ത്രി പിണറായി വിജയൻ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വിശ്വാസികളിൽ നിന്ന് അഭിപ്രായങ്ങൾ തേടി വികസനം നടത്തും.
● വികസനത്തിനായി 778.17 കോടിയുടെ മാസ്റ്റർ പ്ലാൻ.
● പമ്പയെ ട്രാൻസിറ്റ് ക്യാമ്പായി വികസിപ്പിക്കും.
● ദേവസ്വം ബോർഡ് ഭരണം സർക്കാരിൻ്റെ ചുമതലയാണെന്ന് മുഖ്യമന്ത്രി.
● ദേവസ്വം വരുമാനം സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം വ്യാജമാണ്.
പമ്പ: (KVARTHA) മതാതീത ആത്മീയതയെ ഉയർത്തിപ്പിടിക്കുന്ന, എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയമാണ് ശബരിമല ക്ഷേത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ അത്യപൂർവമായ മതാതീത ആത്മീയത ലോകത്തിനു മുന്നിൽ കൊണ്ടുവരിക എന്നത് പ്രധാനമാണ്. അതിനുതകുന്ന വിധത്തിൽ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം, മധുര-തിരുപ്പതി മാതൃകയിൽ ശബരിമലയെ ലോക തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയമായ ഒരു കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. തീർത്ഥാടകർക്ക് എന്താണ് വേണ്ടതെന്ന് സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി തീരുമാനിക്കാതെ ഭക്തജനങ്ങളിൽ നിന്ന് നേരിട്ട് മനസ്സിലാക്കി വേണം നടപ്പിലാക്കാൻ എന്ന ബോധ്യത്തോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ സംഗമം സംഘടിപ്പിച്ചത്. വർഷങ്ങൾ നീണ്ട ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ഇങ്ങനെയൊരു പരിപാടിയിലേക്ക് എത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഓരോ വർഷവും വർധിച്ചുവരുന്ന തീർത്ഥാടകരുടെ എണ്ണത്തിനനുസരിച്ച് സുഗമമായ യാത്രാസൗകര്യം, പാർക്കിങ്, ശുദ്ധജല ലഭ്യത, സാനിറ്റേഷൻ സംവിധാനങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, ചികിത്സാ സൗകര്യങ്ങൾ എന്നിവ ഒരുക്കണം. പ്രകൃതിയുടെ മനോഹാരിതയ്ക്ക് കോട്ടം തട്ടാതെയും പരിസ്ഥിതിക്ക് പോറലേൽപ്പിക്കാതെയും വേണം ഈ വികസന പ്രവർത്തനങ്ങൾ നടത്താൻ. എരുമേലി ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളും ഇതിന്റെ ഭാഗമായി വികസിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2050 വരെയുള്ള വികസന സാധ്യതകൾ മുന്നിൽക്കണ്ടാണ് കാര്യങ്ങൾ നീക്കുന്നത്. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കൽ എന്നിവിടങ്ങളുടെ സമഗ്ര വികസനമാണ് മാസ്റ്റർപ്ലാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടത്തിന് 600.47 കോടി രൂപയും രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉൾപ്പെടെ ആകെ 778.17 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകൾ പ്രകാരം ആകെ 1,033.62 കോടി രൂപ ചെലവ് കണക്കാക്കുന്നുണ്ട്.
പമ്പയെ ഒരു ട്രാൻസിറ്റ് ക്യാമ്പായിട്ടാണ് (Transit Camp) പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. തിരക്ക് ഒഴിവാക്കുന്നതിനായി സന്നിധാനത്തേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക പാത പിന്തുടരുന്നത് ഉറപ്പാക്കും. പമ്പയുടെ വികസനത്തിനായി 207.48 കോടി രൂപയും ട്രെക്ക് റൂട്ടിന്റെ വികസനത്തിനായി 47.97 കോടി രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ പല പദ്ധതികളുടെയും വിശദമായ പദ്ധതിരേഖ (Detailed Project Report) തയ്യാറാക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. പമ്പാ നദിക്കു കുറുകെ നിർമ്മിക്കുന്ന സുരക്ഷാ പാലം, നിലയ്ക്കൽ ഇടത്താവളത്തിലെ കോർ ഏരിയയുടെ വികസനം, കുന്നാറിൽ നിന്നും സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ, നിലയ്ക്കൽ ഇടത്താവളത്തിലെ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം, സന്നിധാനത്തെ തീർത്ഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിർമ്മാണ-വിതരണ സമുച്ചയം, അഗ്‌നിശമന സംവിധാനം, തീർത്ഥാടക നിർഗമന പാലം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇത്തരം കാര്യങ്ങളെപ്പറ്റി ഒരു തുറന്ന ചർച്ച നടത്തുന്നതിൽ ശബരിമലയുടെ വികസനം ആഗ്രഹിക്കുന്നവർ എതിർക്കേണ്ട കാര്യമില്ല. എതിർക്കുന്നവരുടെ 'ഉള്ളിലിരുപ്പ്' എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട് അവരെ ഉൾക്കൊണ്ടുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ടുകൊടുത്ത് സർക്കാർ പിന്മാറണം എന്ന ചില കോണുകളിൽ നിന്നുള്ള വാദങ്ങളെയും മുഖ്യമന്ത്രി തള്ളി. 'ആരും നോക്കാനില്ലാതെ നാശോന്മുഖമാകുന്ന അവസ്ഥ വന്നപ്പോഴാണ് ബോർഡുകളും മറ്റ് ഭരണസംവിധാനങ്ങളും നിലവിൽ വന്നത്. അതോടെയാണ് തകർച്ചയിലായ ഒരുപാട് ക്ഷേത്രങ്ങൾ ഉദ്ധരിക്കപ്പെട്ടത്, ക്ഷേത്ര ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിച്ചു തുടങ്ങിയത്,' അദ്ദേഹം പറഞ്ഞു. 2019 ലെ കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ദേവസ്വം ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായപ്പോൾ 140 കോടി രൂപയുടെ ധനസഹായവും മരാമത്ത് പണികൾക്കായി 123 കോടി രൂപയും സർക്കാർ നൽകി. ഇത്തരം സത്യങ്ങൾ പലരും കണ്ടില്ലെന്ന് നടിക്കുന്നു.
ദേവസ്വം ബോർഡിന്റെ വരുമാനം സർക്കാർ കൈക്കലാക്കുന്നുവെന്ന പ്രചാരണം വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'സർക്കാർ ഒരു പൈസ പോലും എടുക്കുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോർഡിന് സർക്കാർ അങ്ങോട്ട് പണം നൽകുക കൂടി ചെയ്യുന്നു. അതുകൊണ്ടാണ് താരതമ്യേന തുച്ഛവരുമാനം മാത്രമുള്ള എത്രയോ ക്ഷേത്രങ്ങളിൽ ഇന്നും അന്തിത്തിരി തെളിയുന്നത്. അവിടങ്ങളിലെ ക്ഷേത്ര ജീവനക്കാർ പട്ടിണിയിലാകാത്തത്,' അദ്ദേഹം കൂട്ടിച്ചേർത്തു. 2011-2012 മുതൽ ഇതുവരെ 148.5 കോടി രൂപ സർക്കാർ ശബരിമല വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. 2016-17 മുതൽ 2025 വരെ ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി ആകെ 650 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
സമാനമായ കള്ളപ്രചാരവേലയാണ് സർക്കാർ ന്യൂനപക്ഷ സംഗമവും നടത്താൻ പോകുന്നു എന്നത്. ഐക്യകേരള രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷമായ 2031-ൽ കേരളം എങ്ങനെ വികസിക്കണം എന്നതിനെപ്പറ്റി സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ 33 സെമിനാറുകൾ നടത്തുന്നുണ്ട്. ഈ 33 സെമിനാറുകളിൽ ഒന്നു മാത്രമാണ് ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നത്. എന്നാൽ, അത് മാത്രമെടുത്ത് ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനായ ചടങ്ങിൽ തമിഴ്‌നാട് ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. മന്ത്രിമാരായ പി.പ്രസാദ്, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ, വീണാ ജോർജ്, സജി ചെറിയാൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, കടകംപള്ളി സുരേന്ദ്രൻ, കെ.ടി. ജലീൽ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, റവന്യൂ - ദേവസ്വം സെക്രട്ടി എം.ജി രാജമാണിക്യം, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, പത്തനംതിട്ട നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ, റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ അജികുമാർ, പി ഡി സന്തോഷ് കുമാർ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നായർ സർവീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ, കേരള പുലയർ മഹാസഭ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള ബ്രാഹ്‌മണ സഭ പ്രതിനിധി കരിമ്പുഴ രാമൻ, വ്യവസായി ഗോകുലം ഗോപാലൻ, സംഗീതജ്ഞരായ കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ. ഓമനക്കുട്ടി തുടങ്ങിയവർ പങ്കെടിത്തു. മുഖ്യമന്ത്രി പിണറായി വിജയന് ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റും ചേർന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉപഹാരവും സമ്മാനിച്ചു.
ശബരിമലയുടെ വികസനത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ഈ കാഴ്ചപ്പാടിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. ഈ വാർത്ത കൂട്ടുകാർക്ക് ഷെയർ ചെയ്യൂ.
Article Summary: CM Pinarayi Vijayan outlines development plans for Sabarimala.
#Sabarimala #PinarayiVijayan #KeralaGovernment #AyyappaSangamam #TempleDevelopment #KeralaPolitics